'ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ പ്രകാശ് രാജ് എവിടെയായിരുന്നു?'; വിമർശനവുമായി പവൻ കല്യാൺ
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡുവുമായി ബന്ധപ്പെട്ട വിവാദത്തിൽ പരസ്‌പരം വാക്കുകൾ കൊണ്ട് പോരടിച്ച് നടൻ പ്രകാശ് രാജും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണും. ഏറ്റവും ഒടുവിൽ പ്രകാശ് രാജിന്റെ ആരോപണങ്ങൾക്ക് രൂക്ഷമായ ഭാഷയിലാണ് പവൻ മറുപടി നൽകിയിരിക്കുന്നത്. പ്രകാശ് രാജിന്റെ മതേതരത്വ നിലപാടുകളെ ഉൾപ്പെടെ ചോദ്യം ചെയ്‌തു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വൺഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രകാശ് രാജിന്റെ നിലപാടുകളെ പവൻ രൂക്ഷമായി വിമർശിക്കുകയുണ്ടായി. ഒരു നടനെന്ന നിലയിൽ പ്രകാശ് രാജിനെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും വ്യക്തിപരമായി നല്ല അടുപ്പമുണ്ടെന്നും പറഞ്ഞ പവൻ കല്യാൺ പക്ഷേ ഈ വിഷയത്തിൽ പ്രകാശ് രാജ് പ്രതികരിക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് വ്യക്തമാക്കിയത്.

'എനിക്ക് പ്രകാശ് രാജിനെ ഇഷ്‌ടമാണ്. അദ്ദേഹം എന്റെ വളരെ നല്ലൊരു സുഹൃത്താണ്. ഞങ്ങൾക്കിടയിൽ നല്ല ബന്ധമാണുള്ളത്. എന്നാൽ രാഷ്ട്രീയ വിഷയങ്ങളിൽ ഞങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. എങ്കിലും ഒരു നടനെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹം അഭിപ്രായം പറയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു' പവൻ പറഞ്ഞു.
തിരുപ്പതി ലഡുവിന്റെ പവിത്രത നഷ്‌ടപെടുത്തിയ ആളുകളെ ശിക്ഷിക്കുക എന്നത് മാത്രമാണ് തന്റെ ആവശ്യമെന്ന് പവൻ കല്യാൺ പറഞ്ഞു. 'ആരാണ് ഇതിന് ഉത്തരവാദികൾ എന്ന് വച്ചാൽ അവർ ശിക്ഷിക്കപ്പെടണം, അത് മാത്രമാണ് എന്റെ ചിന്ത. ഇതിന് മതവുമായി യാതൊരു വിധ ബന്ധമില്ല' ആന്ധ്രാ ഉപമുഖ്യമന്ത്രി കൂടിയായ പവൻ വ്യക്തമാക്കി. പ്രകാശ് രാജിന്റെ പ്രസ്‌താവന രാഷ്ട്രീയപ്രേരിതമാണെന്നും മോദിയെയും ബിജെപിയെയും ഇതിലേക്ക് വലിച്ചിട്ടത് അതിനാണെന്നും പവൻ ആരോപിക്കുന്നു.
കൂടാതെ മതേതര നിലപാടുകൾ വച്ച് പുലർത്തുന്ന പ്രകാശ് രാജ് ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനത്തെയും പവൻ ചോദ്യം ചെയ്‌തു. ഹിന്ദു മതത്തെ മാത്രമാണ് ഇത്തരക്കാർ ലക്ഷ്യമിടുന്നതെന്നും എന്നാൽ മറ്റ് മതങ്ങൾ വിമർശന വിധേയമാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിലെ കലാപത്തിൽ ഹിന്ദുക്കൾ കൊലചെയ്യപ്പെട്ട വിഷയം ഉൾപ്പെടെ പവൻ എടുത്തു പറഞ്ഞു.
'താൻ ഒരു വലിയ മതേതരവാദിയാണെന്നാണ് അദ്ദേഹം കരുതുന്നത്, എന്നാൽ അദ്ദേഹത്തിന്റെ ചിന്തകൾ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയാം. എന്നാൽ എനിക്കൊരു ചോദ്യമുണ്ട്, ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ അദ്ദേഹം എവിടെയായിരുന്നു? അദ്ദേഹം അതിനെക്കുറിച്ച് പ്രതികരിച്ചോ? പ്രകാശ് രാജ് മാത്രമല്ല, മതേതരവാദികൾ എന്നറിയപ്പെടുന്ന ഒട്ടേറെ പേരുണ്ട് അവരും പ്രതികരിച്ചില്ല. ഹിന്ദു സമൂഹത്തെക്കുറിച്ച് അഭിപ്രായം പറയാൻ എളുപ്പമാണ്, എന്നാൽ മറ്റ് മതങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഭഇവർ യപ്പെടുന്നു' പവൻ കല്യാൺ ആഞ്ഞടിച്ചു.
'അവരെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു ഒറ്റയടി പാതയാണ്, അവർ ഹിന്ദുമതത്തിന് പുറത്തുള്ള വിഷയങ്ങളെ വിമർശിക്കുന്നത് ഒഴിവാക്കുകയാണ്. എന്നാൽ എല്ലാവർക്കും തുല്യതയില്ലെങ്കിൽ പിന്നെ എന്താണ് മതേതരത്വം? അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നവർ എല്ലാത്തിനെ കുറിച്ചും അത് ചെയ്യണം. ഒരു ശരാശരി ഇന്ത്യക്കാരനും വേണ്ടത് അതാണ്' പവൻ കല്യാൺ കൂട്ടിച്ചേർത്തു.
നേരത്തെ വിഷയത്തിൽ പവൻ കല്യാണിനെ വിമർശിച്ച് പ്രകാശ് രംഗത്ത് വന്നിരുന്നു. കുറ്റക്കാരെ കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം പവൻ ദേശീയ തലത്തിൽ ഉന്നയിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു നടന്റെ ആരോപണം. കേന്ദ്രത്തിനെയും പരോക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രസ്‌താവന.
'പ്രിയപ്പെട്ട പവൻ കല്യാൺ, നിങ്ങൾ ഉപമുഖ്യമന്ത്രി ആയിരിക്കുന്ന സംസ്ഥാനത്താണ് ഇത് സംഭവിച്ചത്. ദയവായി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തൂ. നിങ്ങൾ എന്തിനാണ് ആശങ്ക പടർത്തുകയും വിഷയം ദേശീയ തലത്തിൽ ഉയർത്തുകയും ചെയ്യുന്നത്. ഇപ്പോൾ തന്നെ ധാരാളം വർഗീയത അവിടെയുണ്ട് (കേന്ദ്രത്തിലെ നിങ്ങളുടെ സുഹൃത്തുകൾക്ക് നന്ദി)' എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ഇതിലാണ് ഇപ്പോൾ പവൻ പ്രതികരിച്ചിരിക്കുന്നത്.












Click it and Unblock the Notifications