ബോയിംഗ് 787 ഡ്രീംലൈനറിനെ അപകടം കാത്തിരിപ്പുണ്ടെന്ന് മുന്നറിയിപ്പ്; അതും ഒരു വർഷം മുൻപ്, കാരണം ഡിസൈൻ?
ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപെട്ട ബോയിങ് 787 ഡ്രീംലൈനർ സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളിൽ ഒന്നാണെന്ന് പറായപ്പെടുന്നുവെങ്കിലും ഇപ്പോഴിതാ ഒരു വർഷം മുൻപ് വിമാനത്തെ കുറിച്ച് വന്ന സുരക്ഷാ ആശങ്കയാണ് ചർച്ചയാവുന്നത്. കൃത്യം ഒരു വർഷം മുൻപ് ബോയിങ് എഞ്ചിനീയറായിരുന്ന വ്യക്തിയാണ് ഈ ഭീമൻ വിമാനത്തെ കുറിച്ചുള്ള ആശങ്കകൾ കാര്യമായി ആദ്യം പങ്കുവച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബോയിംഗ് 787 ഡ്രീംലൈനറിന്റെ ഘടനാപരമായ സമഗ്രതയെക്കുറിച്ച് ബോയിംഗ് എഞ്ചിനീയർ സാം സാലെഹ്പൂർ ഗുരുതരമായ ആശങ്കകളാണ് അന്ന് ഉന്നയിച്ചത്. വിമാന മോഡലിന്റെ ഫ്യൂസ്ലേജ് നിർമ്മിക്കുമ്പോൾ അമേരിക്കൻ വിമാന നിർമ്മാണ കമ്പനി കുറുക്കുവഴികൾ സ്വീകരിച്ചുവെന്നും കാലക്രമേണ അത് വിനാശകരമായ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.

അന്ന് തന്നെ ഇതിനെ തുടർന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു. എയർ ഇന്ത്യ വിമാനാപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഇതിൽ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേണം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സാലെഹ്പൂർ ഉന്നയിച്ച ആശങ്കകളുമായി ഇതിനെ ബന്ധിപ്പിക്കുന്ന പ്രാഥമിക തെളിവുകളൊന്നും ലഭ്യമായിട്ടില്ല.
വൈഡ്-ബോഡി ജെറ്റ് വിമാനമായ 787 ഡ്രീംലൈനറിനെയും കമ്പനിയായ ബോയിംഗിനെയും വീണ്ടും സംശയത്തിന്റെ കരിനിഴലിൽ നിർത്താൻ ഇത് കാരണമായിട്ടുണ്ട്. എയർ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള പ്രസ്‌താവനയിൽ ബോയിംഗ് എയർപ്ലെയിൻസ് ആവട്ടെ വിഷയത്തിൽ എയർ ഇന്ത്യയുമായി ബന്ധപ്പെട്ടു വരികയാണെന്നും അവരെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
സാം സാലെഹ്പൂരിന്റെ ആശങ്ക ശരിയായോ?
2024 ജനുവരിയിൽ, അസംബ്ലി സമയത്ത് ഫ്യൂസ്ലേജ് ഭാഗങ്ങൾ ശരിയായി ഉറപ്പിക്കാത്തത് വിമാനത്തിന്റെ ദീർഘായുസിന് അപകടമുണ്ടാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആയിരക്കണക്കിന് യാത്രകൾക്ക് ശേഷം വിമാനം പറക്കുന്നതിനിടയിൽ വിഘടിക്കാൻ സാധ്യതയുള്ളതിനാൽ നിർമ്മാണത്തിലെ പിഴവ് കാരണമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ന്യൂയോർക്ക് ടൈംസുമായുള്ള അഭിമുഖങ്ങളിലും ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷന് (എഫ്എഎ) ഔപചാരികമായി നൽകിയ പരാതിയിലും അദ്ദേഹം വിശദീകരിച്ച ആരോപണങ്ങൾ ഈ വിമാനത്തിന്റെ ഭാവിയിലെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. ബോയിംഗിന്റെ 777 ജെറ്റുകളിലേക്കും സാലെഹ്‌പൂരിന്റെ ചോദ്യമുന നീണ്ടിരുന്നു.
ഫ്യൂസ്ലേജ് ജോയിന്റുകളിലെ വിടവുകളും ഭാഗങ്ങൾ വിന്യസിക്കാൻ ഉപയോഗിക്കുന്ന അമിത ബലവും വിമാനത്തിന്റെ സംയോജിത ഭാഗങ്ങളിൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം ആരോപിച്ചു.
ബോയിംഗിന്റെ 787-നുള്ള അസംബ്ലി പ്രക്രിയയിൽ തെറ്റായി ക്രമീകരിച്ച ഫ്യൂസ്ലേജ് ഭാഗങ്ങൾ ഒരുമിച്ച് ചേർക്കുന്നത് എങ്ങനെയെന്നും, ചിലപ്പോൾ തൊഴിലാളികൾ ഈ ഭാഗങ്ങളിൽ ചാടിഇറങ്ങി അവ വിന്യസിക്കുമെന്നും പരാതിയിൽ വിശദമാക്കിയിരുന്നു.
1000-ത്തിലധികം ഡ്രീംലൈനർ വിമാനങ്ങൾ ബാധിക്കുന്ന ഈ കുറുക്കുവഴികൾ, ദീർഘകാല പറക്കൽ സമ്മർദ്ദങ്ങളെ നേരിടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇപ്പോൾ അഹമ്മദാബാദ് വിമാന അപകടത്തോടെ ഈ ചർച്ചകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എങ്കിലും അപകടകാരണം ഇപ്പോഴും വ്യക്തമല്ലാത്തതിനാൽ ഇക്കാര്യം ഉറപ്പിക്കാൻ കഴിയില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്.
അഹമ്മദാബാദ് അപകടം
ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തൊട്ടടുത്ത നിമിഷം തന്നെ തകർന്ന് വീഴുകയാണ് ഉണ്ടായത്. വിമാനം ടേക്ക് ഓഫ് കഴിഞ്ഞതിന് പിന്നാലെ അൽപ്പം അകലെയുള്ള ജെബി മെഡിക്കൽ കോളേജ് ഹോസ്‌റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയാണ് ഉണ്ടായത്. അപകടത്തിൽ 241 പേരാണ് മരണപ്പെട്ടത്. ഒരു യാത്രക്കാരൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. മെഡിക്കൽ വിദ്യാർത്ഥികളും മരണപ്പെട്ടിരുന്നു.












Click it and Unblock the Notifications