ഡല്‍ഹി ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ പാസാകുമോ? എത്ര പേര്‍ പിന്തുണയ്ക്കും, ഉറച്ച വോട്ടുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി ഓര്‍ഡിനന്‍സില്‍ എത്രത്തോളം പിന്തുണ അരവിന്ദ് കെജ്രിവാളിന് ലഭിക്കും. പ്രതിപക്ഷ ഐക്യം യോഗം വെള്ളിയാഴ്ച്ച നടക്കുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. കെജ്രിവാള്‍ ഒരു ദിവസം മുമ്പേ പട്‌നയിലെത്തിയിട്ടുണ്ട്. അതീവ പ്രാധാന്യത്തോടെയാണ് ഇതിനെ കെജ്രിവാള്‍ കാണുന്നത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അദ്ദേഹം കത്തും അയച്ചു.
ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കുറയ്ക്കാനായി മെയ് 19ന് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇത് സഭയില്‍ പാസാക്കിയാല്‍ ലെഫ്. ഗവര്‍ണര്‍ക്ക് ഡല്‍ഹിയിലുള്ള അധികാരം വര്‍ധിക്കും. കെജ്രിവാളിന് സംസ്ഥാനത്തുള്ള കരുത്തും കുറയും. കോണ്‍ഗ്രസ് പക്ഷേ കെജ്രിവാളിനെ പിന്തുണയ്ക്കുന്നില്ല. പട്‌നയിലെ പ്രതിപക്ഷ യോഗത്തിലെ നിര്‍ണായക ചര്‍ച്ചാ വിഷയവും ഈ ഓര്‍ഡിനന്‍സ് ആയിരിക്കും.

പ്രതിപക്ഷം ഒന്നിച്ച് നിന്നാല്‍ മാത്രമേ രാജ്യസഭയില്‍ എഎപിക്ക് ഓര്‍ഡിനന്‍സിനെ പരാജയപ്പെടുത്താനാവൂ. ലോക്‌സഭയില്‍ ബില്ലിനെ പരാജയപ്പെടുത്താനാവില്ല. കാരണം ബിജെപിക്ക് ഭൂരിപക്ഷം അവിടെയുണ്ട്. എന്നാല്‍ രാജ്യസഭയില്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ രാജ്യസഭയിലുള്ള പ്രതിപക്ഷ പാര്‍ട്ടി.
31 അംഗങ്ങള്‍ അവര്‍ക്കുണ്ട്. കോണ്‍ഗ്രസില്ലാതെ ഈ ബില്ലിനെ പരാജയപ്പെടുത്തുക അസാധ്യമാണ്. കാരണം രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 109 എംപിമാരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ് പിന്തുണച്ചാല്‍ തന്നെ പകുതി കടമ്പ പിന്നിടാന്‍ എഎപിക്ക് സാധിക്കും.അതേസമയം കോണ്‍ഗ്രസ് ഇതുവരെ കെജ്രിവാളിനെ പിന്തുണയ്ക്കാമെന്ന് തീരുമാനിച്ചിട്ടില്ല. മറ്റ് മാര്‍ഗങ്ങള്‍ വഴി കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാനും കെജ്രിവാള്‍ ശ്രമിക്കുന്നുണ്ട്.
കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ സഭയുടെ അംഗബലം 207 ആയി കുറയും. ഇതിലൂടെ എന്‍ഡിഎ നേട്ടമുണ്ടാക്കും. 104 വോട്ട് മാത്രം മതിയാവും, അവര്‍ക്ക് ഓര്‍ഡിനന്‍സ് പാസാക്കാന്‍. എന്‍ഡിഎയ്ക്ക് ഇപ്പോള്‍ 109 എംപിമാരുടെ പിന്തുണയുണ്ട്. പക്ഷേ ഇനി കോണ്‍ഗ്രസ് പിന്തുണച്ചാലും കേന്ദ്ര ഓര്‍ഡിനന്‍സിനെ പരാജയപ്പെടുത്തുന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം കോണ്‍ഗ്രസില്ലാതെ 70 എംപിമാരുടെ പിന്തുണയാണ് എഎപിക്കുള്ളത്.
കോണ്‍ഗ്രസ് പിന്തുണച്ചാലും 100 സീറ്റിന് മുകളില്‍ എത്തുകയേ ഉള്ളൂ. വൈഎസ്ആര്‍ കോണ്‍ഗ്രസോ, ബിജു ജനതാദളോ ഇവരെ പിന്തുണയ്‌ക്കേണ്ടി വരും. ബിജെഡിക്കും, വൈഎസ്ആര്‍ കോണ്‍ഗ്രസിനും 9 എംപിമാര്‍ വീതമുണ്ട്. ഇവര്‍ രണ്ടുപേരും വോട്ടിംഗില്‍ നിന്ന് വിട്ടുന്നാല്‍ പ്രതിപക്ഷത്തിന്റെ പ്ലാന്‍ പൊളിയും. അതുകൊണ്ട് കോണ്‍ഗ്രസ് പിന്തുണച്ചത് കൊണ്ട് മാത്രം കാര്യമില്ല.
കശ്മീരിന്റെ റീഓര്‍ഗനൈസേഷന്‍ ബില്ലിനെ നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം എതിര്‍ത്തിട്ടും രാജ്യസഭയില്‍ പാസായിരുന്നു. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പോലും ഈ വോട്ടെടുപ്പ് ഏകപക്ഷീയമായിരുന്നു. 125 വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചു. 61 പേര്‍ മാത്രമാണ് എതിര്‍ത്തത്. പൗരത്വ ഭേദഗതി ബില്ലും സമാന അവസ്ഥയാണ് നേരിട്ടത്. പ്രതിപക്ഷത്തെ 105 വോട്ടുകള്‍ ഇതിനെ എതിര്‍ത്തു. പക്ഷേ എന്‍ഡിഎയ്ക്ക് 125 വോട്ടുകള്‍ അവിടെയും ലഭിച്ചു.












Click it and Unblock the Notifications