കൺമഷിക്കും സിന്ദൂരത്തിനും ഇല്ലാത്ത ജിഎസ്ടി സാനിറ്ററി നാപ്കിന്‍സിന് വേണോ സർക്കാരേ.. കോടതി കലക്കി!!
ദില്ലി: ജി എസ് ടി എന്ന ചരക്ക് ഗതാഗത നികുതി നിലവിൽ വന്നത് മുതല്‍ ആളുകൾക്കുള്ള സംശയമാണ്. സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ സാനിറ്ററി നാപ്കിൻസിന് എന്തിനാണ് നികുതി. അതും 12 ശതമാനം നികുതി. അതും കൺമഷിക്കും സിന്ദൂരത്തിനും പൊട്ടിനും ചാന്തിനും നികുതി ഇല്ലാത്തപ്പോഴാണ് ഈ അക്രമം എന്നോര്‍ക്കണേ. സാനിറ്ററി നാപ്കിന് നികുതി ഇല്ലെങ്കിൽ അത് ജി ഡി പിയെ എങ്ങനെ ബാധിക്കും എന്നാണ് സർക്കാർ കരുതുന്നത്.

ഏതാണ്ട് ഇതേ കാര്യങ്ങളാണ് ദില്ലി ഹൈക്കോടതിയും കേന്ദ്രസർക്കാരിനോട് ചോദിച്ചിരിക്കുന്നത്. സാനിറ്ററി നാപ്കിൻ എന്ന് പറയുന്നത് അവശ്യസാധനമാണ്. നാപ്കിന്ന് നികുതി വാങ്ങുകയും ചാന്ത്, പൊട്ട്, സിന്ദൂരം തുടങ്ങിയ സാധനങ്ങളെ അവശ്യസാധനങ്ങൾ എന്ന പട്ടികയിൽ പെടുത്തി നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നത് ശരിയല്ല. ഇതിനെന്തെങ്കിലും വിശദീകരണം നൽകാൻ ഉണ്ടോ - കോടതി സർക്കാരിനോട് ചോദിച്ചു.
31 അംഗ ജി എസ് ടി കൗൺസിലിൽ ഒരു വനിതാ അംഗം പോലും ഇല്ലാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങൾ വനിതാ - ശിശുക്ഷേമ വകുപ്പുകളോട് സംസാരിച്ചിരുന്നോ എന്നും കോടതി എടുത്തുചോദിച്ചു. സാനിറ്ററി നാപ്കിന് 12 ശതമാനം ജി എസ് ടി ചുമത്തിയതിനെ ചോദ്യം ചെയ്ത് ജെ എൻ യുവിലെ പി എച്ച് ഡി സ്കോറളായ സർമിന ഖാൻ സമര്പ്പിച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.












Click it and Unblock the Notifications