രാഹുൽ ഗാന്ധി: 'എന്തിനാണ് ബിജെപിക്ക് വേണ്ടി ഇത്ര പരസ്യമായി പണിയെടുക്കുന്നത്?', മാധ്യമപ്രവർത്തകനോട് ചോദ്യം
ദില്ലി: പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് ചോദ്യമുയര്‍ത്തി രാഹുല്‍ ഗാന്ധി. ഇത്ര പരസ്യമായി എന്തിനാണ് ബിജെപിക്ക് വേണ്ടി ചോദ്യം ചോദിക്കുന്നത് എന്നാണ് രാഹുല്‍ പ്രതികരിച്ചത്. താങ്കള്‍ ആദ്യം ആ വശത്ത് നിന്നും ഇപ്പോള്‍ ഈ വശത്ത് നിന്നും ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്തിനാണ് ബിജെപിക്ക് വേണ്ടി ഇത്ര പരസ്യമായി പണിയെടുക്കുന്നത്, രാഹുല്‍ ഗാന്ധി ചോദിച്ചു.
നേരെ ചെയ്യാതെ കുറച്ച് വളച്ച് പിടിച്ച് ചെയ്യൂ എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. താങ്കള്‍ക്ക് ആരെങ്കിലും നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. താന്‍ ചോദിക്കുമ്പോള്‍ അദ്ദേഹം ചിരിക്കുകയാണ്. നോക്കൂ താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ് തരാം. കുറച്ച് അവിടെയും ഇവിടെയുമൊക്കെ തൊട്ട് ചോദിക്കൂ. നിങ്ങള്‍ക്ക് ബിജെപിക്ക് വേണ്ടി പരസ്യമായി പണിയെടുക്കണം എന്നാണെങ്കില്‍ ബിജെപിയുടെ പതാക നെഞ്ചില്‍ പതിച്ച് വരൂ. എങ്കില്‍ മറ്റുളളവര്‍ക്ക് നല്‍കുന്നത് പോലെയുളള മറുപടി നല്‍കാം.. അതല്ലാതെ പത്രക്കാരനായി നടിക്കാതെയിരിക്കൂ, എന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷമുളള രാഹുല്‍ ഗാന്ധിയുടെ ആദ്യത്തെ വാര്‍ത്താ സമ്മേളനമാണ് ദില്ലിയില്‍ നടന്നത്. മോദി സമുദായത്തിന് എതിരായി പ്രസംഗിച്ചു എന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. രണ്ട് വര്‍ഷം തടവ് ശിക്ഷയും രാഹുലിന് വിധിച്ചു. പിന്നാലെയാണ് രാഹുല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടത്. പാര്‍ലമെന്റിന് അകത്തായാലും പുറത്തായാലും താന്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുളള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അദാനി വിഷയത്തിലും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. പ്രധാനമന്ത്രിയോട് താന്‍ ചോദിച്ച ചോദ്യങ്ങളോട് കൂടിയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് രാഹുല്‍ പറഞ്ഞു. എന്താണ് അദാനിയും മോദിയും തമ്മിലുളള ബന്ധം എന്നും ആരാണ് അദാനിയുടെ കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. താന്‍ പറയുന്നത് സത്യം മാത്രമാണ്. താന്‍ പാര്‍ലമെന്റില്‍ നടത്തുന്ന അടുത്ത പ്രസംഗം എന്തായിരിക്കുമെന്ന് മോദി ഭയക്കുന്നു. ആ കണ്ണുകളില്‍ ഭയം തനിക്ക് കാണാം. അതുകൊണ്ടാണ് തന്നെ അയോഗ്യനാക്കിയത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications