അഖിലേഷും മായാവതിയും രാഹുലിനൊപ്പം ചേരുമോ? യുപിയിൽ ക്ഷണിച്ച് കോൺഗ്രസ്
ദില്ലി: കൊവിഡ് മുന്നറിയിപ്പുകൾക്കിടെ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം ദില്ലിയിൽ പര്യടനം പൂർത്തിയാക്കിയ രാഹുൽ ഗാന്ധിയും സംഘവും 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജനവരി 3 ന് യുപിയിൽ ആണ് യാത്ര പര്യടനം പുനഃരാരംഭിക്കുക.
ദില്ലിയിൽ മക്കൾ നീതം മയ്യം നേതാവും നടനുമായ കമൽ ഹാസൻ ഉൾപ്പെടെ നിരവധി പ്രമുഖരായിരുന്നു യാത്രയിൽ അണിനിരന്നത്. പ്രതിപക്ഷ നേതാക്കളെ അണിനിരത്തി യുപിയിലും യാത വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കളെയെല്ലാം ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

സമാജ് വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി, രാഷ്ട്രീയ ലോക്ദളിന്റെ (ആര്‍എല്‍ഡി) ജയന്ത് സിങ് എന്നിവരെയാണ് കോൺഗ്രസ് ഭാരത് ജോഡോയിലേക്ക് ക്ഷണിച്ചത്.ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ ഉന്നയിക്കാൻ അനുവദിക്കാത്ത ഈ കാലത്ത് ജനങ്ങളുടെ മനസ്സ് അറിയാനുള്ള ഏക പോംവഴി ഭാരത് ജോഡോ യാത്രയാണെന്ന് പാർട്ടി വക്താവ് അശോക് സിംഗ് പ്രതികരിച്ചു. മുഴുവൻ പ്രതിപക്ഷ കക്ഷികളും സർക്കാരിനോട് ഒരേ കാഴ്ചപാട് പുലർത്തുന്നതിനാലാണ് പ്രതിപക്ഷ നേതാക്കളേയും യോഗത്തിലേക്ക് ക്ഷണിച്ചതെന്നും അശോക് പറഞ്ഞു.

യാദവ്, മായാവതി, ചൗധരി എന്നിവരെ കൂടാതെ എസ്പി എംഎൽഎ ശിവ്പാൽ സിംഗ് യാദവ്, ബിഎസ്പി ജനറൽ സെക്രട്ടറി സതീഷ് മിശ്ര, സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി മേധാവി ഓംപ്രകാശ് രാജ്ഭർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സെക്രട്ടറി അതുൽ അഞ്ജൻ എന്നിവരെയും യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.അതേസമയം ഏതൊക്കെ നേതാക്കൾ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയില്ല.

അതിനിടെ ദില്ലിയിൽ ഭാരത് ജോഡോ യാത്രയില്‍ അനുയായികള്‍ താമസിക്കുന്ന കണ്ടെയ്‌നറില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം പോലീസ് വ്യാപക പരിശോധന നടത്തുകയാണെന്നും രാഹുൽ ഗാന്ധിയുമായി സംസാരിക്കുന്നവരേയും പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. യാത്രയുടെ വിജയം ബി ജെ പിയെ അസ്വസ്ഥതപ്പെടുത്തിയിരിക്കുകയാണെന്നും അതിനാലാണ് യാത്ര അട്ടിമറിക്കാനും രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനുമുള്ള തീവ്ര ശ്രമങ്ങൾ ബി ജെ പി നടത്തുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സാമൂഹിക പ്രവർത്തകരേയും വിരമിച്ച സൈനികരേയും കർഷക സംഘടന നേതാക്കളേയുമെല്ലാം ഇന്റലിജൻസ് ബ്യൂറോ പിന്തുടരുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. കോൺഗ്രസിന്റെ യാത്രാ ക്യാമ്പ് സൈറ്റിൽ പ്രവേശിച്ച ഐബി ഉദ്യോഗസ്ഥർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സോഹ്‌ന പോലീസിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതായും ജയറാം രമേശ് പറഞ്ഞു. ബിജെപി സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. ദില്ലിയിൽ നിന്നുള്ള ഉത്തരവുകൾക്ക് അനുസരിച്ചാണ് ഹരിയാണയിലെ സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഭാരത് ജോഡോ യാത്രയിൽ കുട്ടികൾ പങ്കെടുക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും ബാലാവകാശ കമ്മീഷനും ഞങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ യാത്രയിൽ കുട്ടികൾ പ്രചരണം നടത്തിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു നടപടിയും സ്വീകരിക്കുകയോ നോട്ടീസ് അയക്കുകയോ ചെയ്തിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.












Click it and Unblock the Notifications