കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്ര സർക്കാർ, കർഷകരുമായുളള ഏഴാം വട്ട ചർച്ചയും പരാജയം
ദില്ലി: കര്‍ഷകരുമായുളള കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജനുവരി 8 വെള്ളിയാഴ്ച കര്‍ഷകരുമായുളള അടുത്ത വട്ട ചര്‍ച്ച നടത്തും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ചര്‍ച്ചയില്‍ ഉറച്ച് നിന്നു. എന്നാല്‍ താങ്ങുവിലയില്‍ മാത്രം വിട്ടുവീഴ്ചയാകാം എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം.
ഇത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് പാസ്സാക്കണം. മാത്രമല്ല ഇപ്പോള്‍ ലോക്‌സഭയിലുളള താങ്ങുവില സംബന്ധിച്ച സ്വകാര്യ ബില്‍ അംഗീകരിക്കണമെന്നും കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

41 കര്‍ഷക സംഘടനാ നേതാക്കളാണ് കേന്ദ്രവുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തത്. മൂന്ന് കാര്‍ഷിക നിയമങ്ങളിലും എന്തിനെക്കുറിച്ചാണ് വിമര്‍ശനമുളളത് എന്നത് വ്യക്തമാക്കാന്‍ കേന്ദ്രം കര്‍ഷകരുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടു. കാര്‍ഷിക നിയമത്തിലെ ഓരോ വ്യവസ്ഥകളും പ്രത്യേകം പ്രത്യേകമായി എടുത്ത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കാന്‍ സാധ്യമല്ലെന്നും മറിച്ച് കര്‍ഷകര്‍ ആവശ്യപ്പെടുന്ന ഭേദഗതികള്‍ വരുത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പീയുഷ് ഗോയല്‍, സോം പ്രകാശ് എന്നിവരാണ് ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
Recommended Video
വേണമെങ്കില്‍ സുപ്രീം കോടതിയില്‍ പോകാനാണ് ചര്‍ച്ചയില്‍ കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടത് എന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സര്‍വന്‍ സിംഗ് പറഞ്ഞു. ഈ സാഹചര്യത്തില്‍ എട്ടാം ഘട്ട ചര്‍ച്ചയില്‍ പങ്കെടുക്കണമോ എന്നുളളത് കര്‍ഷകര്‍ ആലോചിച്ച് തീരുമാനിക്കും. വലിയ ഒരു ശക്തിപ്രകടനത്തിന് തയ്യാറെടുക്കാന്‍ പഞ്ചാബിലെ യുവാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നതായും സര്‍വന്‍ സിംഗ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications