ആലപ്പുഴയിൽ രമേശ് ചെന്നിത്തല ഇറങ്ങുമോ? അതോ അവസാന നിമിഷം ട്വിസ്റ്റോ?; കോൺഗ്രസിലെ ചർച്ച ഇങ്ങനെ
ആലപ്പുഴ: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ മാത്രമായിരുന്നു യു ഡി എഫ് പരാജയം രുചിച്ചത്. സി പി എമ്മിന്റെ എ എം ആരിഫായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ ഷാഹിന ഉസ്മാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ആരിഫ് പരാജയപ്പെടുത്തിയത്.
ഇത്തവണ എന്ത് വിലകൊടുത്തും ആലപ്പുഴ തിരിച്ചുപിടിക്കണമെന്ന ഉറച്ച വാശിയിലാണ് കോൺഗ്രസ്. എന്നാൽ ആര് മത്സരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. കരുത്തരായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തുമ്പോൾ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നാണ് മറ്റൊരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്.

സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേരാണ് മണ്ഡലത്തിൽ തുടക്കം മുതൽ മണ്ഡലത്തിൽ പറഞ്ഞ് കേട്ടത്. കെസിയെ മത്സരിപ്പിക്കണമെന്ന ആഗ്രഹം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്. എന്നാൽ സംഘടന ചുമതല വഹിക്കുന്ന അദ്ദേഹം മത്സരിച്ചാൽ പ്രചരണത്തിൽ സജീവമാകാൻ സാധിക്കില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ മുൻ പ്രതിപക്ഷ നേതാവും എം എൽ എയുമായ രമേശ് ചെന്നിത്തലയെ മത്സരിപ്പിക്കണം എന്ന ആവശ്യം നേതാക്കൾ എ ഐ സി സിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. കെ സി വേണുഗോപാലിനെ പോലെ തന്നെ ആലപ്പുഴക്കാർക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ചെന്നിത്തല. ഇത് തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നാണ് നേതൃത്വം കരുതുന്നത്.
അതേസമയം പൊതുസമ്മതനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം പറയുന്നത്. അങ്ങനെയെങ്കിൽ നടൻ സിദ്ധിഖിന്റെ പേരായിരിക്കും പരിഗണിച്ചേക്കുകയെന്നാണ് സൂചന. യുവ നേതാക്കളെ പരിഗണിച്ചാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നറുക്ക് വീണേക്കും. കെ പി സി സി അധ്യക്ഷൻ കെസുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസൻ, പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരടങ്ങിയ ഉപസമിതിയായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
അതേസമയം എൽ ഡി എഫിൽ നിന്നും ആരിഫ് തന്നെയായിരിക്കും മത്സരിച്ചേക്കുകയെന്നാണ് വിവരം. മത്സരം കുടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മുൻ ധനമന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസകിന്റെ പേര് ചർച്ചയായെങ്കിലും അദ്ദേഹത്തെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് സി പി എം ആലോചന എന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications