മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തന്നെ?; സസ്പെൻസ് നിറച്ച് പുതിയ പോസ്റ്റ്
ഭോപ്പാൽ: വലിയ ഭൂരിപക്ഷത്തിൽ ബി ജെ പി അധികാരം നിലനിർത്തിയ മധ്യപ്രദേശിൽ ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. അഞ്ചാം തവണയും ശിവരാജ് സിങ് ചൗഹാന് തന്നെ മുഖ്യമന്ത്രി കസേര ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതിനിടയിൽ ചൗഹാന്റെ ഒരു പുതിയ പോസ്റ്റ് ചർച്ചയാവുകയാണ്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചയ്ക്ക് വഴിവെച്ചത്.
' എല്ലാവര്‍ക്കും റാം റാം..' എന്നാണ് ശിവ്‌രാജ് സിങ് കുറിച്ചത്. കൈകൂപ്പിയുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഇത് ശിവ്‌രാജ് സിങ് അടുത്ത മുഖ്യമന്ത്രി ആണെന്നുള്ള സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

2005 ലായിരുന്നു ശിവരാജ് സിങ് ചൗഹാൻ ആദ്യമായി മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. 3 തവണ തുടർച്ചയായി അദ്ദേഹം ഭരിച്ചു. എന്നാൽ 2018 ൽ ബി ജെ പിയേയും ചൗഹാനേയും ഞെട്ടിച്ച് കൊണ്ട് കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാന ഭരണം പിടിച്ചു. 2019 ൽ ഓപ്പറേഷൻ താമര പയറ്റി ബി ജെ പി അധികാരം തിരിച്ചു പിടിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം വീണ്ടും ചൗഹാന്റെ കൈകളിലെത്തുകയായിരുന്നു. ചൗഹാന് പകരം മറ്റ് നേതാക്കളുടെ പേരുകൾ ദേശീയ നേതൃത്വം ആലോചിച്ചിരുന്നുവെങ്കിലും നേതാക്കൾ ഒന്നടങ്കം ചൗഹാന് പിന്നിൽ അണിനിരന്നു.
ഇത്തവണ സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലുകൾക്കിടേയും കൂറ്റൻ വിജയം സാധ്യമായത് ചൗഹാന്റെ ജനപ്രീതി മൂലമാണെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. എന്നാൽ ചൗഹാന് പകരം മറ്റ് നേതാക്കളെ പരിഗണിക്കണമെന്ന താത്പര്യം ദേശീയ നേതൃത്വത്തിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ മൂന്ന് പേരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഒബിസി മോര്‍ച്ച അധ്യക്ഷനും രാജ്യസഭാ എംപിയുമായ കെ ലക്ഷ്മണ്‍, ബി ജെ പി ദേശീയ സെക്രട്ടറി ആശ ലാക്ര എന്നിവർക്കാണ് ചുമതല. അതേസമയം മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി തിങ്കളാഴ്ച വൈകീട്ട് നാലിന് എം എൽ എമാരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമ്മ അറിയിച്ചു. എല്ലാ എം എൽ എമാരേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം യോഗത്തിൽ കൈക്കൊള്ളപുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications