തെലങ്കാന ടിആര്‍എസില്‍ കൂട്ടരാജി; നേതാക്കള്‍ കോണ്‍ഗ്രസില്‍!! വസതി ആശുപത്രിയാക്കുമെന്ന് കോണ്‍ഗ്രസ്
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാന സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അത്യുഗ്രന്‍ പ്രഖ്യാപനം. ടിആര്‍എസ് നേതാവും നിലവിലെ കാവല്‍ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ ജനവികാരം ഉയര്‍ത്തിവിടുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കം. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ പോളിങ്. ടിആര്‍എസ് നേതാക്കളും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ചന്ദ്രശേഖര റാവു പൊതു ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്തതെന്നും അതിന്റെ സ്മാരകമാണ് അദ്ദേഹത്തിന്റെ ആഡംബര വസതിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഹൈദരാബാദിലെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന്‍ ആശുപത്രിയാക്കി മാറ്റി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസ് മുന്നേറ്റം
തെലങ്കാന ഭരണകക്ഷിയാണ് ടിആര്‍എസ്. സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമെന്നാണ് സൂചനകള്‍.

ഒട്ടേറെ നേതാക്കള്‍ കളംമാറി
ഒട്ടേറെ ടിആര്‍എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിലെത്തിയതാണ് നിസാമാബാദില്‍ നിന്നുള്ള എംഎല്‍സി സി ഭൂപതി റെഡ്ഡിയാണ്. ഇദ്ദേഹത്തോടൊപ്പം ഒട്ടേറെ അനുയായികളും പ്രാദേശിക നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇവര്‍ക്ക് വന്‍ സ്വീകരണമാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നല്‍കിയത്. ഈ യോഗത്തിലാണ് ടിആര്‍എസിനെ ആശങ്കയിലാഴ്ത്തുന്ന കോണ്‍ഗ്രസ് പ്രഖ്യാപനം.

പ്രഗതി ഭവന്‍ ആശുപത്രിയാക്കും
ഹൈദരാബാദിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് പ്രഗതി ഭവന്‍. കോടികള്‍ ചെലവിട്ടാണ് ഈ ആഡംബര ഭവനം ടിആര്‍എസ് സര്‍ക്കാര്‍ നിര്‍മിച്ചത്. ഈ മന്ദിരം ഏകാധിപത്യത്തിന്റെ പ്രതീകമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രഗതി ഭവന്‍ സര്‍ക്കാര്‍ ആശുപത്രിയാക്കി മാറ്റുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

പ്രഗതി ഭവന്റെ ചെലവ്
ഒമ്പത് ഏക്കര്‍ സ്ഥലത്ത് 500 കോടി രൂപ ചെലവിട്ടാണ് പ്രഗതി ഭവന്‍ ടിആര്‍എസ് സര്‍ക്കാര്‍ നിര്‍മിച്ചത്. ഒരു ലക്ഷം ചതുരശ്ര അടിയാണ് മന്ദിരത്തിന്റെ വിസ്തീര്‍ണം. ഏകാധിപത്യത്തിന്റെ പ്രതീകമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസ് ജയിച്ചാല്‍ മന്ദിരം പൊതുജനങ്ങള്‍ക്ക് ഉപകാര പ്രദമകുന്ന തരത്തില്‍ ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം.

കോണ്‍ഗ്രസ് തിരുത്തും
സംസ്ഥാനത്ത് ഏകാധിപത്യം ഒഴിവാക്കാന്‍ പ്രഗതി മന്ദിരം ജനങ്ങള്‍ക്ക് കൈമാറണം. ജനങ്ങളുടെ പണമാണ് മന്ദിരം നിര്‍മിക്കാന്‍ ഉപയോഗിച്ചത്. മുഖ്യമന്ത്രിയും കുടുംബങ്ങളും ഖജനാവ് ധൂര്‍ത്തടിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാം തിരുത്തുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു.

4500 കര്‍ഷകര്‍ മരിച്ചു
നിസാമാബാദില്‍ ഒട്ടേറെ ടിആര്‍എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് ഒരുക്കിയത്. എല്ലാ ജില്ലകളെയും ടിആര്‍എസ് അവഗണിച്ചു. നിസാമാബാദിനെ കൂടുതല്‍ പിന്നോട്ടടിക്കുന്ന നയമാണ് ടിആര്‍എസ് സ്വീകരിച്ചത്. തെലങ്കാനയില്‍ ടിആര്‍എസ് ഭരണത്തില്‍ 4500 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്നും കോണ്‍ഗ്രസ് ആരോപിച്ചു.












Click it and Unblock the Notifications