രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ അശ്രദ്ധയിൽ: ബില്ലിട്ടത് 17 ലക്ഷം!! എല്ലാം വാദങ്ങളെന്ന്
ഗുരുഗ്രാം: ആശുപത്രി അധികൃതരുടെ അശ്രദ്ധമൂലം രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതർക്കെതിരെ പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം 67 കാരി മരിച്ചെങ്കിലും 17 ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ മകനിൽ നിന്ന് ആവശ്യപ്പെട്ടത്. ജനുവരിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ 67കാരി 18 ദിവസത്തിന് ശേഷം മരണമടയുകയായിരുന്നു. സംഭവത്തിൽ മകനാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. പരാതി സ്വീകരിച്ച പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം നടത്തിയ ശേഷം ആരോഗ്യവകുപ്പായിരിക്കും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമർപ്പിക്കുക.
രാജസ്ഥാനിലെ ആൽവാറില്‍ നിന്നുള്ള സാവിത്രീ ദേവിയെ ജനുവരി എട്ടിനാണ് കൊളംബിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂത്രസഞ്ചിയിൽ കല്ലുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. തുടർന്ന് പിറ്റേദിവസം തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം സാവിത്രീ ദേവിയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആമാശയത്തിന് ക്ഷതമതേറ്റതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് മൂന്നോളം ശസ്ത്രക്രിയകള്‍ നടത്തി വെന്റിലേറ്ററിലിരിക്കെ ജനുവരി 26ന് ഹൃദയാഘാതത്തെ തുടർന്നാണ് ഇവര്‍ മരണമടയുന്നത്.

കൊളംബിയ ആശുപത്രി അധികൃതർ 17 ലക്ഷം രൂപയുടെ ബില്ലാണ് നൽകിയതെന്നാണ് മകന്റെ ആരോപണം.
ജനുവരി 27ന് തന്നെ പോലീസിനെ സമീപിച്ച ഇയാൾ ഇക്കാര്യങ്ങൾ പോലീസിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള പ്രതികരണം ലഭ്യമല്ല.
എന്നാല്‍ ചികിത്സാ പിഴവ് മൂലമാണ് രോഗി മരിച്ചതെന്ന ആരോപണം ആശുപത്രി അധികൃതർ നിരസിക്കുകയായിരുന്നു. അധിക ചാര്‍ജ്ജ് ചികിത്സയ്ക്ക് ഈടാക്കിയെന്ന ആരോപണവും ആശുപത്രി അധികൃതർ തള്ളിക്കളഞ്ഞിട്ടുണ്ട്. ശസ്ത്രക്രിയയുടെ അപകട സാധ്യതയെക്കുറിച്ച് കുടുംബത്തെ ആദ്യം തന്നെ ബോധിപ്പിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ ഉന്നയിക്കുന്ന വാദം. രോഗിയ്ക്ക് എക്സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിന്റെ കവറേജ് സ്കീം ലഭിച്ചിരുന്നുവെന്നും ഇതിന്റെ ബിൽ സർക്കാരിന് സമർപ്പിച്ചിരുന്നതായും ആശുപത്രി അധികൃതർ അവകാശവാദം ഉന്നയിക്കുന്നു. ഇത് ലഭിക്കുന്നതോടെ 4.59 ലക്ഷം രൂപ മാത്രമാണ് രോഗിയുടെ കുടുംബം അടയ്ക്കേണ്ടിയിരുന്നതെന്നും ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications