ജെഎൻയു പ്രതിഷേധത്തിനിടെ 'ഫ്രീ കശ്മീർ പോസ്റ്റർ'; മുംബൈയിൽ പ്രതിഷേധക്കൊടുങ്കാറ്റ്
മുംബൈ: ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ എബിവിപി നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി മുംബൈയില്‍ നടത്തിയ റാലിയില്‍ കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്ററുകള്‍. എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ മെഹക് മിര്‍സ പ്രഭുവാണ് ഫ്രീ കശ്മീര്‍ പോസ്റ്ററുമായി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. ഇവരുടെ സുഹൃത്തും കശ്മീരി ഗായകനുമായ മുഹമ്മദ് മുനീം കൂടുതലായും താഴ്‌വരയെ കുറിച്ചുള്ള ഗാനങ്ങളാണ് ആലപിച്ചിരുന്നത്. താന്‍ കശ്മീരില്‍ നിന്നുള്ള ആള്‍ അല്ലെങ്കിലും എല്ലാവര്‍ക്കും സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്നതായി മെഹക്ക് പറഞ്ഞു. അതേസമയം ഫ്രീ കശ്മീര്‍ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ തരംഗമായി മാറി. 31,000ലധികം പേര്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ഹാഷ് ടാഗ് പങ്കുവെച്ച് കഴിഞ്ഞു.
സംഭവത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം യഥാര്‍ത്ഥത്തില്‍ എന്തിന് വേണ്ടിയാണെന്നും കശ്മീരിന് സ്വാതന്ത്ര്യമാവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകള്‍ എങ്ങനെ കടന്നു കൂടിയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം വിഘടനവാദികളെ മുംബൈയില്‍ വെച്ചു പൊറുപ്പിക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് രണ്ടു കിലോമീറ്റര്‍ അകലെ നടന്ന പ്രതിഷേധത്തിലാണ് കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പോസ്റ്റര്‍ ഉയര്‍ന്നത്. ഉദ്ദവ്ജിയുടെ മൂക്കിന് താഴെ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ താങ്കള്‍ അംഗീകരിക്കുന്നുണ്ടോയെന്നും ഫഡ്‌നാവിസ് ചോദിച്ചു.

പാകിസ്താന്റെ പിന്തുണയോടെയാണ് ഇത്തരം റാലികള്‍ നടക്കുന്നതെന്ന് പ്രതിഷേധത്തിനിടയിലെ കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കൊണ്ടുള്ള പോസറ്ററുകള്‍ സൂചിപ്പിക്കുന്നതായി ചലച്ചിത്ര നിര്‍മ്മാതാവ് വിവേക് അഗ്നിഹോത്രി ആരോപിച്ചു. പാകിസ്താന്‍ പ്രതിഷേധം ആസൂത്രണം ചെയ്യുകയും അര്‍ബന്‍ നക്‌സലുകളും കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളും വിഘടനവാദികളും അത് നടപ്പിലാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന് ഇത്തരത്തിലൊരു പ്രതിഷേധ കാര്‍ഡ് ഉയര്‍ത്താത്തതെന്നും അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications