ഗുസ്തി താരങ്ങളുടെ സമരം; പിന്തുണയുമായി അന്താരാഷ്ട്ര ഗുസ്തി സംഘടന, ഇന്ത്യയെ സസ്പെന്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്
ഡൽഹി: ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ സമരത്തിൽ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുനൈറ്റഡ് വേൾഡ് റെസ്ലിംഗ്. താരങ്ങളുടെ പരാതിയിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജന്തർ മന്ദിറിൽ സമരത്തിനിടയിൽ ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത നടപടിയേയും സംഘടന അപലപിച്ചു.
'സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുടെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച് അന്വേഷിക്കാൻ ഉടൻ യോഗം ചേരും', സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഡബ്ല്യു എഫ് ഐ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇന്ത്യയെ സസ്പെന്റ് ചെയ്യുമെന്ന മുന്നറിയിപ്പും സംഘടന നൽകി.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഏപ്രിൽ 27 ന് മൂന്നംഗ കമ്മിറ്റി രൂപീകരിക്കുകയും ഡബ്ല്യു എഫ് ഐയുടെ പുതിയ പ്രവർത്തക സമിതിയെ നിയമിക്കുന്നതിന് തിരഞ്ഞെടുപ്പ് നടത്താൻ 45 ദിവസത്തെ സമയപരിധി നൽകുകയും ചെയ്തിരുന്നു. സമയപരിധി പാലിക്കാൻ സാധിച്ചില്ലെങ്കിൽ ഫെഡറേഷനെ സസ്പെന്റ് ചെയ്യുമെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് ഉൾപ്പെടെ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കുന്നതിൽ നിന്നും ഗുസ്തി താരങ്ങൾ പിൻവാങ്ങി. ഇന്ന് വൈകീട്ടോടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നായിരുന്നു താരങ്ങൾ അറിയിച്ചത്. വിയർപ്പൊഴുക്കി നേടിയ മെഡലുകൾക്ക് വിലയില്ലാതായെന്ന് വ്യക്തമാക്കിയാണ് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് താരങ്ങൾ പറഞ്ഞത്. തുടർന്ന് മെഡലുകളുമായി ഹരിദ്വാറിൽ താരങ്ങൾ എത്തുകയും ചെയ്തു.
വൈകാരികമായ നിമിഷങ്ങളായിരുന്നു അവിടെ അരങ്ങേറിയത്. മെഡലുകൾ നെഞ്ചോട് ചേർത്ത് വെച്ച് താരങ്ങൾ കരഞ്ഞു. വൻ ജനാവലി തന്നെ ഇവർക്ക് പിന്തുണയുമായി അവിടെ തടിച്ച് കൂടിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകാനായിരുന്നു താരങ്ങളുടെ തീരുമാനം.
എന്നാൽ കർഷക നേതാക്കൾ ഉൾപ്പെടെയുള്ളവർ അവിടെയെത്തി താരങ്ങളുമായി സംസാരിച്ചു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് ഉൾപ്പെടെയുള്ളവരാണ് ഹരിദ്വാറിൽ എത്തിയത്. ഒടുവിൽ തീരുമാനത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് താരങ്ങൾ അറിയിക്കുകയായിരുന്നു. ബ്രിജ് ഭൂഷനെതിരെ അഞ്ചു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിന് അന്ത്യശാസനം നൽകിയാണ് ഗുസ്തി താരങ്ങൾ അവിടെ നിന്ന് മടങ്ങിയത്.












Click it and Unblock the Notifications