'ആ പെണ്‍കുട്ടിയുടെ അടുത്ത് ബ്രിജ് ഭൂഷനെ കണ്ടു'; അന്താരാഷ്ട്ര റഫറിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ബ്രിജ് ഭൂഷനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കേസിലെ പ്രധാന സാക്ഷികളിലൊരാളായ അന്താരാഷ്ട്ര റഫറി ജഗ്ബീര്‍ സിംഗ്. ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണത്തിന് ആസ്പദമായ സംഭവം താന്‍ കണ്ടതാണെന്നും ജഗ്ബീര്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ ലഖ്‌നൗവില്‍ നടന്ന ഏഷ്യാ ചാമ്പ്യന്‍ഷിപ്പ് ട്രയല്‍സിന് ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബ്രിജ് ഭൂഷണ്‍ സ്പര്‍ശിച്ചുവെന്നും, അതേ തുടര്‍ന്ന് പെണ്‍കുട്ടി ഒഴിഞ്ഞുമാറുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ടീം ഫോട്ടോ സെഷനിനിടെയായിരുന്നു സംഭവം.

"ബ്രിജ് ഭൂഷണ്‍ ആ പെണ്‍കുട്ടിയുടെ അടുത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടത്. അവള്‍ തന്നെയാണ് അവിടെ നിന്ന് മാറി നിന്നത്. അദ്ദേഹത്തെ തട്ടിമാറ്റിയാണ് അവിടെ നിന്ന് മാറിയത്. തുടര്‍ന്ന് മുന്‍നിരയിലേക്കാണ് ആ പെണ്‍കുട്ടി വന്ന് നിന്നത്" എന്നും ജഗ്ബീര്‍ സിംഗ് പറഞ്ഞു.
" ആ പെണ്‍കുട്ടി അസ്വസ്ഥയായിരുന്നു. എന്തോ തെറ്റായ കാര്യം അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ബ്രിജ് ഭൂഷണ്‍ എന്താണ് ചെയ്തതെന്ന് ഞാന്‍ കണ്ടില്ല. എന്നാല്‍ വനിതാ ഗുസ്തി താരങ്ങളെ ഇയാള്‍ സ്പര്‍ശിക്കാറുണ്ടായിരുന്നു. ഫോട്ടോയെടുക്കുമ്പോള്‍, അവിടെ നില്‍ക്കൂ, ഇവിടെ നില്‍ക്കൂ എന്നെല്ലാം പറഞ്ഞാണ് ബ്രിജ് ഭൂഷണ്‍ അവരെ സ്പര്‍ശിച്ചിരുന്നത്. ആ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ നിന്ന് ഒരു കാര്യം ഉറപ്പാണ്. എന്തോ തെറ്റായ കാര്യം ആ ഫോട്ടോ സെഷനില്‍ നടന്നിട്ടുണ്ട്" എന്നും ജഗ്ബീര്‍ പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ ബലംപ്രയോഗിച്ച് പെണ്‍കുട്ടിയെ തോളോട് ചേര്‍ത്ത് നിര്‍ത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ കൈ തട്ടിമാറ്റി പെണ്‍കുട്ടി മുന്‍നിരയിലേക്ക് വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
" ആ കൂട്ടത്തില്‍ ഉയരക്കൂടുതലുള്ള ഗുസ്തി താരങ്ങളിലൊരാളായിരുന്നു ഞാന്‍.അവസാന വരിയിലായിരുന്നു ഞാനും നില്‍ക്കേണ്ടിയിരുന്നത്. ആ സമയം മറ്റുള്ളവരും വന്ന് നില്‍ക്കാനായി കാത്തിരിക്കുകയായിരുന്നു. ആ സമയത്താണ് ബ്രിജ് ഭൂഷണ്‍ എന്റെ അടുത്ത് വന്ന് നിന്നത്.എന്നെ ഞെട്ടിച്ച് കൊണ്ട് ബ്രിജ് ഭൂഷണ്‍ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു. അപ്പോള്‍ തന്നെ അവിടെ നിന്ന് വേഗത്തില്‍ മാറി. എന്നെ സംരക്ഷിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ ബലംപ്രയോഗിച്ച് എന്നെ അവിടെ തന്നെ നിര്‍ത്തുകയായിരുന്നു ഇയാള്‍. വളരെ കഷ്ടപ്പെട്ടാണ് അവിടെ നിന്ന് മാറിയത്. ടീം ഫോട്ടോയില്‍ നിന്ന് മാറി നില്‍ക്കാന്‍ താല്‍പര്യമില്ലായിരുന്നത് കൊണ്ട്, മുന്‍നിരയില്‍ പോയി ഇരിക്കുകയായിരുന്നു. പ്രതിയില്‍ നിന്ന് അകലം പാലിച്ചത് അതുകൊണ്ടാണ്" എന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്.
തീര്‍ത്തും മാന്യതയില്ലാതെയാണ് ബ്രിജ് ഭൂഷണ്‍ പെരുമാറിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചത് അങ്ങേയറ്റം മോശമായ കാര്യമാണെന്നും പരാതിയിലുണ്ട്. ജഗ്ബീറിനെ കൂടാതെ 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് അനിതയും കേസിലെ പ്രധാന സാക്ഷിയാണ്.
"പരാതിക്കാരി തന്നെ വിളിച്ചുവരുത്തി പൊട്ടിക്കരഞ്ഞ് കൊണ്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. ബ്രിജ് ഭൂഷണ്‍ തന്നെ മുറിയിലേക്ക് വിളിച്ച് വരുത്തി, ബലംപ്രയോഗത്തിലൂടെ തന്നെ കയറി പിടിച്ചു. ആ സംഭവം തന്നെ ആകെ പിടിച്ചുലച്ചു" എന്നും പെണ്‍കുട്ടി പറഞ്ഞതായി അനിത വെളിപ്പെടുത്തി.












Click it and Unblock the Notifications