യോഗി വര്‍ഗീയത വിളമ്പുന്നു, അബ്ബാ ജാന്‍ പരാമര്‍ശം വിദ്വേഷം കലര്‍ന്നത്, തുറന്നടിച്ച് നസറുദ്ദീന്‍ ഷാ
മുംബൈ: യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. യോഗിയുടെ അബ്ബാ ജാന്‍ പരാമര്‍ശം കടുത്ത വര്‍ഗീയ പരാമര്‍ശമാണെന്ന് നസറുദ്ദീന്‍ ഷാ കുറ്റപ്പെടുത്തി. അബ്ബാ ജാന്‍ എന്നാല്‍ പ്രിയപ്പെട്ട പിതാവ് എന്ന അര്‍ത്ഥമുള്ളതാണ്. ഇത് ഒരു നിന്ദിക്കാനുള്ള വാക്കായി യോഗി ഉപയോഗിച്ചതാണ് വലിയ വിവാദമായി മാറിയത്. മുസ്ലീങ്ങള്‍ ഉപയോഗിക്കുന്നതാണ് എന്ന തരത്തിലായിരുന്നു പരാമര്‍ശം. എന്നാല്‍ അബ്ബാജാന്‍ എന്ന പ്രയോഗം ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ഉപയോഗിക്കുന്നതാണ്. എന്നാല്‍ യോഗി പ്രതീക്ഷിച്ചതിലും മുകളിലേക്ക് വളര്‍ന്നിരിക്കുകയാണ് ഈ വിവാദം.

യോഗിയുടെ പരാമര്‍ശങ്ങള്‍ അപലപിക്കാന്‍ പോലും അര്‍ഹതയില്ലാത്തതാണ്. അതിനോട് പ്രതികരിക്കേണ്ടതില്ലെന്നും നസറുദ്ദീന്‍ ഷാ പറയുന്നു. യോഗി ആദിത്യനാഥ് എന്താണോ അതാണ് അദ്ദേഹത്തിന്റെ വായിലൂടെ പുറത്തുവന്നത്. അതിനോടൊന്നും പ്രതികരിക്കാന്‍ നില്‍ക്കരുത്. പക്ഷേ സത്യാവസ്ഥ എന്തെന്നാല്‍, അടുത്തിടെ വരുന്ന വിദ്വേഷ പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നും നസറുദ്ദീന്‍ ഷാ കുറ്റപ്പെടുത്തി. 2017ന് മുമ്പ് റേഷന്‍ കിട്ടണമെങ്കില്‍ അബ്ബാജാന്‍ എന്ന് പറയണമായിരുന്നു. അത് പറയുന്നവര്‍ക്ക് മാത്രമാണ് റേഷന്‍ പോലും ലഭിച്ചിരുന്നത്. മുമ്പ് പ്രീണന രാഷ്ട്രീയമാണ് യുപിയില്‍ ഉണ്ടായിരുന്നതെന്നും യോഗി പറഞ്ഞിരുന്നു.
കൂടുതല്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ വളര്‍ന്ന് വരുന്ന വലതുപക്ഷ മതതീവ്രവാദത്തെ എതിര്‍ക്കാന്‍ തയ്യാറാവണം. ഇത്തരം സംഗതികളെ മതേതരവാദികളായ ഹിന്ദുക്കള്‍ എതിര്‍ക്കപ്പെടേണ്ടതുണ്ട്. കാരണം ഇത് പരിധി ലംഘിച്ച് മുന്നോട്ട് പോവുകയാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. അതേസമയം പാലാ ബിഷപ്പിന്റെ പ്രസ്താവനയ്‌ക്കെതിരെയും നസറുദ്ദീന്‍ ഷാ സംസാരിച്ചു. ആരുടെ സ്വാധീനത്തിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് തനിക്കറിയില്ല. എന്നാല്‍ ബിഷപ്പിന്റെ പ്രസ്താവന ഒരു മതവിഭാഗത്തെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്നും താരം പറഞ്ഞു. നേരത്തെ ക്രിസ്ത്യന്‍ യുവതി-യുവാക്കളെ വഴിതെറ്റിക്കാനായി നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്നായിരുന്നു ബിഷപ്പിന്റെ പരാമര്‍ശം.
അതേസമയം യോഗിയുടെ അബ്ബാജാന്‍ പരാമര്‍ശത്തിനെതിരെ ട്വിറ്ററില്‍ വലിയ ക്യാമ്പയിന്‍ നടക്കുകയാണ്. ഹമാരെഅബ്ബാജാന്‍ എന്ന ഹാഷ്ടാഗ് ക്യാമ്പയിനാണ് നടക്കുന്നത്. മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ മേനോന്‍ റാവു സ്വന്തം പിതാവിന്റെ ഫോട്ടോ ഷെയര്‍ ചെയ്താണ് യോഗിയുടെ പരാമര്‍ശത്തെ അപലപിച്ചത്. എന്റെ പിതാവ് 1941ല്‍ സൈന്യത്തില്‍ ചേര്‍ന്നു. ഇന്ന് കാണുന്ന എന്നെ എത്തിച്ചത് എന്റെ അ ബ്ബാജാന്‍ ആണെന്നും ഇവര്‍ ട്വീറ്റില്‍ പറഞ്ഞു. മീഡിയാകോര്‍പ്പിന്റെ ഡിജിറ്റല്‍ ഓഫീസര്‍ പര്‍മീന്ദര്‍ സിംഗും ഈ ക്യാമ്പയിന്റെ ഭാഗമായി. മാധ്യമപ്രവര്‍ത്തക സബ നഖ്വി, എഴുത്തുകാരന്‍ റാണ സഫ്വി, ആതിഷ് തസീര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരും രൂക്ഷമായി യോഗിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.
ബിജെപിക്ക് ഒരു അജണ്ട രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു താല്‍പര്യവുമില്ലെന്ന് നേരത്തെ ഞാന്‍ പറഞ്ഞതാണ്. അവര്‍ക്ക് വര്‍ഗീയതും വെറുപ്പും കൊണ്ട് മുസ്ലീങ്ങള്‍ക്ക് നേരെ വിഷം ചീറ്റി തിരഞ്ഞെടുപ്പ് വിജയിക്കാനാണ് ആഗ്രഹം. ഇതാ ഇവിടെയൊരു മുഖ്യമന്ത്രി വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ കാത്തിരിക്കുകയാണ്. അദ്ദേഹം പറയുന്നത് മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ റേഷന്‍ മുഴുവന്‍ കൊണ്ടുപോകുന്നു എന്നാണെന്ന് ഒമര്‍ അബ്ദുള്ള കുറിച്ചു. അബ്ബാജാന്‍ എന്ന മനോഹരമായ വാക്കിനെ നശിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രിയെ അനുവദിക്കരുതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്നാല്‍ യോഗി പരാമര്‍ശം തിരുത്താനൊന്നും തയ്യാറായിട്ടില്ല.
Recommended Video
എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍
നേരത്തെ ലൗ ജിഹാദ് പരാമര്‍ശത്തിനെതിരെയും നസറുദ്ദീന്‍ ഷാ രംഗത്ത് വന്നിരുന്നു. എന്താണ് ഈ ലൗ ജിഹാദ്, അത് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം മാത്രമാണ്. സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും, അവരെ വിശ്വസിക്കാനാവില്ലെന്നും അവരെ അനായാസം കീഴ്‌പ്പെടുത്താമെന്നുമൊക്കെയാണ് അത് പറഞ്ഞ് വെക്കുന്നതെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. നേരത്തെയും അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ജിഹാദ് എന്ന വാക്ക് ഉണ്ടാക്കിയവര്‍ക്ക് പോലും ലൗ ജിഹാദ് എന്താണെന്ന് അറിയില്ല. രാജ്യത്തെ ഹിന്ദു ജനസംഖ്യയെ മുസ്ലീങ്ങള്‍ മറികടക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണ് ആളുകള്‍ എന്ന് ഞാന്‍ കരുതുന്നില്ല. ഇതൊക്കെ മറികടക്കണമെങ്കില്‍ മുസ്ലീങ്ങള്‍ക്ക് ധാരാളം കുട്ടികളുണ്ടാവണം. അത് നടക്കാന്‍ പോകുന്നില്ലെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.












Click it and Unblock the Notifications