കോലിക്ക് അരികിലേക്ക് ഓടിയെത്തി പലസ്തീന്‍ ഐക്യദാർഢ്യം: ലോകകപ്പ് വേദിയില്‍ വന്‍ സുരക്ഷാ വീഴ്ച
അഹമ്മദാബാദ്: ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ പലസ്തീന് ഐക്യദാർഢ്യവുമായി യുവാവ് മൈതനത്ത് ഇറങ്ങി. പല്തീനില്‍ ബോംബാക്രമണം അവസാനിപ്പിക്കുക, പലസ്തീനിനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങള്‍ എഴുതിയ വെള്ള ടീഷർട്ടും ചുവന്ന ഷോർട്ട്സും ധരിച്ച യുവാവ് മൈതാനത്തിന്റെ സുരക്ഷാ വേലി ചാടിക്കടന്ന് ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു കോലിക്ക് അരികിലേക്ക് എത്തുകയും അദ്ദേഹത്തിന്റെ തോളില്‍ കയ്യിടുകയും ചെയ്തു.

ഫലസ്തീൻ പതാകയുടെ കൊണ്ടുള്ള മാസ്ക് ധരിച്ച യുവാവിനെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പുറത്തേക്ക് കൊണ്ടുപോയി. ഇന്ത്യൻ ഇന്നിങ്സിന്റെ 14ാം ഓവറിലായിരുന്നു നാടകീയ സംഭവം. ഔദ്യോഗിക തത്സമ സംപ്രേക്ഷണത്തില്‍ ഈ രംഗങ്ങള്‍ കാണിച്ചില്ലെങ്കിലും ഒന്നിലധികം വാർത്താ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയയിലും ചിത്രങ്ങൾ പുറത്തു വന്നു. യുവാവിനെ അഹമ്മദാബാദ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
യുവാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വലിയ സുരക്ഷാ വീഴ്ചയാണ് മൈതാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരാധകർ സുരക്ഷാ വേലികള്‍ മറികടന്ന് മൈതാനത്തേക്ക് എത്തുന്നത് ആദ്യത്തെ സംഭവമല്ല. നേരത്തെ ലോകകപ്പ് ഫുടബോള്‍ മത്സരങ്ങളിലുള്‍പ്പെടെ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്.
അതേസമയം, ഫൈനല്‍ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 41 ഓവർ പൂർത്തിയായപ്പോള്‍ 203 ന് ആറ് എന്ന നിലയിലാണ് ഇന്ത്യ. 66 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് അവസാനമായി നഷ്ടമായിരിക്കുന്നത്. ഒന്നാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടുകെട്ടായപ്പോഴേക്കും ശുബ്മാന്‍ ഗില്‍ (4) പുറത്തായി. പവര്‍പ്ലേയ്ക്ക് മുമ്പ് ഇന്ത്യക്ക് രോഹിത് ശര്‍മയേയും (47) നഷ്ടമായി. മികച്ച ഫോമിലായിരുന്ന ശ്രേയസ് അയ്യരും (4) നിരാശപ്പെടുത്തു കയായിരുന്നു.
വിരാട് കോലി (54) റണ്‍സുമായി പ്രതീക്ഷ നല്‍കിയെങ്കിലും പാറ്റ് കുമ്മിന്‍സ് അദ്ദേഹത്തെ വീഴ്തി. കേവലം ഒമ്പത് റണ്‍സുമായി ജഡേജയും പുറത്തായതോടെ മൈതാനം ഏറെക്കുറെ നിശബ്ദനായി. നിലവില്‍ സൂര്യകുമാർ യാദവും മുഹമ്മദ് ഷമിയുമാണ് ക്രീസില്‍. അതേസമയം, വൈകുന്നേരം മഞ്ഞുവീഴ്ച പ്രതീക്ഷിച്ചാണ് ഓസീസ് നായകന്‍ ആദ്യം ഇന്ത്യയെ ബാറ്റിങ്ങിനയച്ചത്. ഈ തീരുമാനം ശരിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ ഒരോന്നായി വീഴുകയായിരുന്നു.












Click it and Unblock the Notifications