ഭൂകമ്പത്തിൽ നിന്നും ഒരു ഗ്രാമത്തെ മുഴുവൻ രക്ഷിച്ചത് വിവാഹം;ഞെട്ടൽ മാറാതെ ആളുകൾ
കഴിഞ്ഞ വെളളിയാഴ്ച മൊറോക്കയെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിൽ ഏകദേശം മൂവായിരത്തോളം പേരാണ് മരിച്ചത്. ഇനിയും നിരവധി പേർ മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ഭൂകമ്പത്തിനിടയിലും രക്ഷപ്പെട്ട ഒരുകൂട്ടം ആളുകളെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഗ്രാമത്തിൽ നടന്നൊരു വിവാഹമാണ് ഈ അത്ഭുതകരമായ രക്ഷപ്പെടലിന് കാരണമായത്. സംഭവം ഇങ്ങനെ
ആപ്പിൾ കർഷകായ മുഹമ്മദ് ബൗദാദിന്റെയും 22 കാരിയായ ഹബീബ അജ്ദീറിന്റേയും വിവാഹചടങ്ങിന് പങ്കെടുത്തവരാണ് രക്ഷപ്പെട്ടത്. കെറ്റൗ എന്ന ഗ്രാമത്തിലായിരുന്നു ചടങ്ങുകൾ. ശനിയാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. ആചാരപ്രകാരം വധുവിന്റെ കുടുംബം വിവാഹത്തിന്റെ തലേദിവസം ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. എല്ലാവരും വീടിന് പുറത്ത് ആടിയും പാടിയും പാർട്ടി ആഘോഷമാക്കുന്നതിനിടയിലാണ് ഭൂകമ്പം ഉണ്ടായത്.

ചടങ്ങിൽ പങ്കെടുത്തവരിൽ ആരോ പകർത്തിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാർട്ടി ആഘോഷമാക്കുന്നതിനിടയിലായിരുന്നു പെട്ടെന്ന് ഭൂമികുലുങ്ങിയത്. വലിയ ശബ്ദവും കല്ലും മണ്ണും വീഴുന്നതുമെല്ലാം വീഡിയോയിൽ കേൾക്കാം. കുലുക്കം നിന്ന് കഴിയുമ്പോൾ വീഡിയോയിൽ ഒരു കുട്ടിയെ മാത്രമാണ് പരിക്കേറ്റ നിലയിൽ കാണു്നത്. ഈ കുട്ടിക്ക് മാത്രമാണ് ഭൂമികുലുക്കത്തിൽ പരിക്കേറ്റത്. വീടിന് അകത്തായിരുന്നു എല്ലാവരുമെങ്കിൽ ഒരുപക്ഷേ ഇത്രയും അത്ഭുതകരമായൊരു രക്ഷപ്പെടൽ സാധ്യമാകുമായിരുന്നില്ല.
'ഞങ്ങൾ ആഘോഷിക്കാൻ കൂടിയതായിരുന്നു. പെട്ടെന്നായിരുന്നു ഭൂമികുലുക്കം ഉണ്ടായത്. എന്റെ ഗ്രാമത്തെ കുറിച്ചോർത്ത് വിഷമിക്കണോ അതോ അവളുടെ നഷ്ടങ്ങളെ കുറിച്ച് വിഷമിക്കണോയെന്ന് എനിക്ക് മനസിലാകുന്നില്ല', ബൗദാദ് പറഞ്ഞു. അതേസമയം ദുരന്തത്തിന് തൊട്ട് പിന്നാലെ ശനിയാഴ്ച ബൗദാദിന്റെ കുടുംബത്തിനൊപ്പം ഹബീബ കറ്റൗലേക്ക് എത്തിയിരുന്നു. റോഡുകളെല്ലാം തകർന്നതിനാൽ കാൽനടയായിട്ടായിരുന്നു എത്തിയത്. ഭൂകമ്പത്തിൽ വീടുകൾ എല്ലാം തകർന്നതിനാൽ ഇനി എവിടെ കഴിയുമെന്ന ആശങ്കയിലാണ് ബൗദാദ്. താമസിക്കാൻ ഒരു ടെന്റ് തേടുകയാണ് ഞങ്ങൾ എന്ന് ബൗദാദ് പറഞ്ഞു.
വധുവിന്റെ പിതാവ് മുഹമ്മദ് അജ്ദിർ (54) തന്റെ വീടിന്റെ മുറ്റത്ത് അതിഥികൾക്ക് പാർട്ടി ആസ്വദിക്കാൻ വലിയ പന്തൽ ഒരുക്കിയിരുന്നു. ഇപ്പോൾ ഈ പന്തലിലാണ് ഗ്രാമവാസികൾ കഴിയുന്നത്. താമസിക്കാൻ സുരക്ഷിതമായ ഇടം വേണമെന്നും ഗ്രാമത്തിലുള്ളവർ പറഞ്ഞു. ഗ്രാമത്തിലെ ഒരു വീട് പോലും അവശേഷിച്ചിട്ടില്ല. ഇവിടുത്തെ 400 ഓളം പേരിൽ ഏകദേശം 68 പേർ ഭൂകമ്പത്തിൽ മരിച്ചിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.












Click it and Unblock the Notifications