ഗാസ കൂട്ടക്കൊല- ഇസ്രായേലിനെതിരേ കേസെടുക്കണമെന്ന് ഹമാസ്; മരണം 18 ആയി
ഗാസ: ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ നിരായുധരായ 18 പലസ്തീനികളെ വെടിവച്ചുകൊല്ലുകയും 1500ലേറെ പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഇസ്രായേല്‍ സൈന്യത്തിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് ഹമാസ്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്‌സുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മാഈല്‍ ഹനിയ്യയാണ് ഈ ആവശ്യമുന്നയിച്ചത്.
യുഎന്‍ ജനറല്‍ അസംബ്ലി ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹനിയ്യ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അറബ് ലീഗിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമായി. സൗദി അറേബ്യയുടെ നേതൃത്വത്തിലാവും യോഗം ചേരുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരേ നടത്തിയ വെടിവയ്പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അറബ് ലീഗിന്റെ സ്ഥിരം പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ അംബാസഡര്‍ ദിയാബ് അല്‍ ലൂഹ് സംഘടനയ്ക്ക് കത്ത് നല്‍കിയിട്ടുമുണ്ട്. ഗസ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.
ഗാസ വിഷയം ചര്‍ച്ച ചെയ്യാന്‍ കുവൈത്തിന്റെ അഭ്യര്‍ഥന പ്രകാരം യു.എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നെങ്കിലും അമേരിക്കയുടെ എതിര്‍പ്പുമൂലം ഇസ്രായേലിനെ അപലപിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കാനാവാതെ പിരിയുകയായിരുന്നു.
ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനമായ മാര്‍ച്ച് 30ന് ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് 18 പേര്‍ കൊല്ലപ്പെട്ടത്. ഗസയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടായിരുന്നു പരിപാടി. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് ഫലസ്തീനികളുടെ തീരുമാനം.












Click it and Unblock the Notifications