ഖത്തര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ലോകകപ്പ് കാണാന്‍ സ്വന്തം കാറിലാണോ പോകുന്നത്? അറിയേണ്ടതെല്ലാം
ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ. ലോകകപ്പിന് ദിവസമടുത്തതോടെ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്. നിലവില്‍ 960 ദിര്‍ഹം വരെ വിലയുള്ള ഖത്തറിലേക്കുള്ള ടിക്കറ്റുകള്‍ ലോകകപ്പ് സീസണില്‍ 6,000 ദിര്‍ഹം വരെ ഉയരാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യം കണക്കിലെടുത്ത് നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ റോഡ് മാര്‍ഗം ഡ്രൈവ് ചെയ്ത് ഖത്തറിലേക്ക് എത്തുന്നതിനായി പദ്ധതിയിടുന്നുണ്ട്. എന്നാല്‍ റോഡുകളിലെ തിരക്ക് മുന്‍കൂട്ടി കണ്ട് ഖത്തര്‍ ഭരണകൂടം ഇതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നവംബര്‍ 1 മുതല്‍ ഡിസംബര്‍ 23 വരെയുള്ള ദിവസങ്ങളില്‍ ഖത്തറി രജിസ്‌ട്രേഷന്‍ നമ്പറുള്ള കാറുകള്‍ മാത്രമേ രാജ്യത്തേക്ക് അനുവദിക്കൂ എന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്വയം സ്വകാര്യ വാഹനങ്ങളില്‍ രാജ്യത്ത് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില നിബന്ധനകളും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് ഖത്തറിലേക്ക് ഡ്രൈവ് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇനി പറയും വിധത്തിലാണ്.

സല്‍വ റോഡില്‍ സ്ഥിതി ചെയ്യുന്ന അബു സംര ക്രോസിംഗ് വഴി കാറ് കൊണ്ട് ഖത്തറിലേക്ക് പ്രവേശിക്കാം. ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള ഏകദേശം 650 കിലോമീറ്റര്‍ ഡ്രൈവിംഗ് ആവശ്യമായി വരും. ഇതിനായി ശരാശരി 6 മുതല്‍ 7 മണിക്കൂര്‍ വരെ സമയം എടുക്കും. അബുദാബിയില്‍ നിന്ന് ഏകദേശം 550 കിലോമീറ്റര്‍ മാത്രമുള്ള യാത്ര 6 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും.

സൗജന്യ പാര്‍ക്കിംഗ് സൗകര്യമുള്ള ബോര്‍ഡര്‍ ക്രോസിംഗില്‍ മണിക്കൂറില്‍ 4000 യാത്രക്കാരെ സ്വീകരിക്കാം. നേരത്തെ മാച്ച് ടിക്കറ്റ് ഉള്ളവരെ മാത്രമെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മാച്ച് ടിക്കറ്റുകള്‍ വാങ്ങിയ അന്താരാഷ്ട്ര ആരാധകര്‍ക്ക് ഖത്തറിലേക്ക് ടിക്കറ്റ് ഉള്ളതോ അല്ലാത്തതോ ആയ മൂന്ന് പേരെ വരെ ക്ഷണിക്കാം എന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

ടിക്കറ്റ് ഉടമയ്ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. എന്നാല്‍ ക്ഷണിക്കപ്പെടാവുന്നവര്‍ക്ക് പ്രായപരിധിയില്ല. പുതിയ മാനദണ്ഡപ്രകാരം ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അവ ഏതൊക്കെ ആണ് എന്ന് നോക്കാം

ഒരു ദിവസത്തേക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ജിസിസി പൗരന്മാര്‍ക്കും അവരുടെ വാഹനത്തിന് ഖത്തറി രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ മാത്രമേ സ്വന്തം കാറുകളുമായി പ്രവേശിക്കാന്‍ കഴിയൂ. അല്ലാത്തവര്‍ ഖത്തറില്‍ പ്രവേശിക്കുന്ന സമയം മുതല്‍ 24 മണിക്കൂര്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന അതിര്‍ത്തി പാര്‍ക്കിംഗ് സ്ഥലം മുന്‍കൂട്ടി റിസര്‍വ് ചെയ്യേണ്ടതുണ്ട്.

ദോഹ സെന്‍ട്രല്‍ സ്റ്റേഷനിലേക്കോ അല്‍ ഖലായേല്‍ മീറ്റിംഗ് പോയിന്റിലേക്കോ ഷട്ടില്‍ ബസുകള്‍ ഉപയോഗിച്ച് ഇത്തരക്കാര്‍ക്ക് യാത്ര ചെയ്യാം. അതിര്‍ത്തിയില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന രണ്ടാം ദിവസം മുതല്‍ 1,000 ഖത്തറി റിയാല്‍ സേവന നിരക്ക് ബാധകമായിരിക്കും. നവംബര്‍ ഒന്ന് മുതലാണ് പാര്‍ക്കിംഗ് റിസര്‍വേഷന്‍ ലഭ്യമാകുക.

പ്രത്യേക അനുമതിയുള്ള ആരാധകര്‍ക്ക് സ്വന്തം വാഹനങ്ങളുമായി ഖത്തറില്‍ പ്രവേശിക്കാം. വാഹനത്തില്‍ കുറഞ്ഞത് മൂന്ന് പേരും പരമാവധി ആറ് പേരും ഉണ്ടായിരിക്കണം എന്നാണ് ഇതിലെ ഒരു നിബന്ധന. കൂടാതെ ടിക്കറ്റ് ഉടമ കുറഞ്ഞത് അഞ്ച് രാത്രികളെങ്കിലും ഖത്തറില്‍ ഹോട്ടല്‍ താമസം ബുക്ക് ചെയ്തിരിക്കണം. ഹയ്യ ടു ഖത്തര്‍ 2022 ആപ്പ് ഉപയോഗിച്ച് സന്ദര്‍ശകന് 5043 ദിര്‍ഹത്തിന്റെ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. ഇത്തരക്കാര്‍ വാഹന ഇന്‍ഷുറന്‍സും ഉറപ്പാക്കിയിരിക്കണം.

ബസില്‍ വരുന്ന ആരാധകര്‍ക്ക് അവരെ ബോര്‍ഡര്‍ ടെര്‍മിനലില്‍ ഇറക്കിവിടുന്ന ബസ് തെരഞ്ഞെടുക്കാവുന്നതാണ്. സന്ദര്‍ശകന്‍ ഹയ്യ കാര്‍ഡ് കൈവശം വെക്കേണ്ടതുണ്ട്. പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അവര്‍ക്ക് ടെര്‍മിനലില്‍ നിന്ന് ദോഹയിലെ അല്‍ മെസ്സില മെട്രോ സ്റ്റേഷനിലേക്ക് സൗജന്യ ബസ് ഉപയോഗിക്കാം.

പ്രത്യേകമായ മാനുഷിക സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്ത് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി പെര്‍മിറ്റിന് അപേക്ഷിക്കാം. ഇതില്‍ നല്‍കുന്ന അപേക്ഷകള്‍ അവലോകനം ചെയ്യുകയും 6 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ടവര്‍ മറുപടി നല്‍കുകയും ചെയ്യും.












Click it and Unblock the Notifications