ഹസൻ നസ്രല്ലയുടെ കൊലപാതകം; ആയത്തുള്ള ഖമേനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി ഇറാൻ
ഹിസ്ബുള്ള മേധാവി ഷെയ്ഖ് ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇറാൻ. രാജ്യത്ത് തന്നെയാണ് അദ്ദേഹം ഉള്ളതെന്നാണ് അൽ അറേബ്യ ന്യൂസ് റിപ്പോർട്ട് ചെയ്തത്. നസ്രല്ലയുടെ കൊലയിൽ ഇസ്രായേലിനെതിരെ ഖമേനി ഇന്ന് ശക്തമായി പ്രതികരിച്ചിരുന്നു. ഹിസ്ബുള്ളയെ ഇല്ലാതാക്കാൻ സയണിസ്റ്റ് കുറ്റവാളികൾ വളർന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
'ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തമായ സംഘടന സംവിധാനത്തെ തകർക്കാൻ മാത്രം സയണിസ്റ്റ് കുറ്റവാളികൾ വളർന്നിട്ടില്ല. മേഖലയിലെ എല്ലാ പ്രതിരോധ സംവിധാനങ്ങളും ഹിസ്ബുള്ളയ്ക്കൊപ്പം തന്നെ നിൽക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യും', ഖമേനി എക്സിൽ കുറിച്ചു.

'ലെബനനിലെ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കിയതിലൂടെ ഭ്രാന്തന്‍മാരായ സയണിസ്റ്റുകളുടെ ക്രൂരത ഒരിക്കൽ കൂടി വെളിപ്പെട്ടിരിക്കുകയാണ്. ഇതിന് നേതൃത്വം നൽകുന്ന ഭരണകുടത്തിന്റേയും നേതാക്കളുടേയും നയങ്ങൾ തെറ്റാണെന്ന് ഇത് തെളിയിക്കുകയാണ്. ഗസയിലെ ഒരു കൊല്ലം നീണ്ട യുദ്ധത്തിൽ നിന്നും സയണിസ്റ്റ് ഭരണകുടത്തിലെ ഭീകരസ്ക്വാഡുകൾ പാഠം പഠിച്ചിട്ടില്ല. സ്ത്രീകളേയും സാധാരണക്കാരായ ജനങ്ങളേയും കുട്ടികളേയും കൂട്ടക്കൊല ചെയ്യുന്നതിലൂടെ ചെറുത്ത് നിൽപ്പിന്റെ ഘടനയെ ഒരിക്കലും നശിപ്പിക്കാൻ സാധിക്കില്ല.
ഇസ്രായേൽ സൈന്യം ലെബനനിലേക്ക് മാർച്ച ചെയ്ത ദിനങ്ങൾ ജനങ്ങൾ മറന്നിട്ടില്ല, അവരെ തടഞ്ഞത് ലെബനന്റെ അന്തസും അഭിമാനവും കാത്ത് സൂക്ഷിച്ചത് ഹിസ്ബുള്ളയാണ്, ശത്രുക്കൾ അവരുടെ പ്രവർത്തിയിൽ പശ്ചാത്തപിക്കേണ്ടി വരും', ഖമേനി പറഞ്ഞു. ഹിസ്ബുള്ള ശക്തമായി തിരിച്ചടിക്കുമെന്നും ഖമേനി വ്യക്തമാക്കി. ഹിസ്ബുള്ളയ്ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കണമെന്നും എല്ലാ മുസ്ലീങ്ങളും ലെബനിനെ പിന്തുണയ്ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം നസ്രല്ലയുടെ കൊലയ്ക്ക് തിരിച്ചടി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഹിസ്ബുള്ള എന്നാണ് റിപ്പോർട്ട്. തുടർനടപടികൾ ചർച്ച ചെയ്യുന്നതിന് ഹിസ്ബുള്ളയുമായി ഇറാൻ ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബെയ്റൂട്ടിലെ ഹിസ്ബുള്ള ആസ്ഥാനത്ത് നടത്തിയ മിസൈൽ ആക്രമണത്തിലാണ് 64കാരനായ ഹസൻ നസ്രല്ല കൊല്ലപ്പെട്ടത്. ദഹിയയിലുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളിലായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു. 9 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 90 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റ് മേധാവി മുഹമ്മദ് അലി ഇസ്മായിൽ, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പറഞ്ഞു.












Click it and Unblock the Notifications