ഓസ്ട്രിയയില്‍ തിരിച്ചുവന്ന് ലോക്ഡൗണ്‍, വാക്‌സിനേഷന്‍ പ്ലാന്‍ മാറുന്നു, കൊവിഡ് തരംഗം അതിരൂക്ഷം
വിയന്ന: യൂറോപ്പിലാകെ പടരുന്ന കൊവിഡില്‍ വിറച്ച് ഓസ്ട്രിയ. കടുത്ത നിയന്ത്രണങ്ങളിലേക്കാണ് രാജ്യം പോകുന്നത്. ഓസ്ട്രിയയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പശ്ചിമ യൂറോപ്പില്‍ ലോക്ഡൗണ്‍ വീണ്ടും കൊണ്ടുവരുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഓസ്ട്രിയ. സമ്പൂര്‍ണ ലോക്ഡൗണാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. പുതു തരംഗത്തില്‍ പിടിച്ച് നില്‍ക്കാനാവാത്ത അവസ്ഥയിലാണ് ഓസ്ട്രിയയും ജര്‍മനിയുമെല്ലാം. വാക്‌സിനേഷന് മുന്‍ഗണന നല്‍കാനാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വരുന്ന ഫെബ്രുവരിയോടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യം നേടാനാണ് ശ്രമം.

പ്രതീക്ഷിച്ചതിലും അപ്പുറത്താണ് യൂറോപ്പിലെ കൊവിഡ് കേസുകളും മരണവും ഉള്ളത്. കഴിഞ്ഞ ആഴ്ച്ചത്തെ മാത്രം കണക്കില്‍ പകുതിയില്‍ അധികം ലോകത്തെ മരണവും യൂറോപ്പില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. മഞ്ഞുകാലമായത് കൊണ്ട് അതിവേഗം കൊവിഡ് കേസുകള്‍ കത്തിപ്പടരുന്നുണ്ട്. ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗം പേരും വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ്. എന്നാല്‍ പശ്ചിമ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഓസ്ട്രിയയില്‍ പലരും വാക്‌സിനെതിരായി നില്‍ക്കുന്നുണ്ട്. വാക്‌സിനേഷനെ കുറിച്ചുള്ള സംശയങ്ങളും ഭയവും വാക്‌സിന്‍ വിരുദ്ധതയും ഓസ്ട്രിയയെ പുതിയ തരംഗത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
ഓസ്ട്രിയയിലെ തീവ്ര വലത് കക്ഷിയായ ഫ്രീഡം പാര്‍ട്ടി വാക്‌സിന്‍ എടുക്കരുതെന്നാണ് പ്രചരിപ്പിക്കുന്നത്. ഇവരാണ് ജനങ്ങളില്‍ വാക്‌സിന്‍ വിരുദ്ധത ശക്തമാക്കിയത്. പാര്‍ലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് ഫ്രീഡം പാര്‍ട്ടി. ഇവരെ എങ്ങനെ നേരിടണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണവും ലോക്ഡൗണും കൊണ്ടുവന്നതിനെതിരെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം. ഇതെല്ലാം ജനങ്ങളെ സ്വാധീനിക്കാനാണ് സാധ്യത. എന്തൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടും കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഓസ്ട്രിയ സമ്പൂര്‍ണ വാക്‌സിനേഷന്‍ എടുക്കാത്തവരെ ലോക്ഡൗണിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം റെക്കോര്‍ഡ് വേഗത്തിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ഒരു ലക്ഷം പേരില്‍ ആയിരം പേര്‍ക്ക് എന്ന നിരക്കിലാണ് കൊവിഡ് രോഗികളുടെ വര്‍ധന. ജനങ്ങളെ വാക്‌സിനെടുക്കണമെന്ന കാര്യത്തില്‍ ബോധ്യപ്പെടുത്താന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചില്ല. ഇക്കാര്യത്തില്‍ വീഴ്ച്ച വന്നുവെന്ന് ചാന്‍സലര്‍ അലക്‌സാന്‍ഡര്‍ ഷാലെന്‍ബര്‍ഗ് പറയുന്നു. തിങ്കളാഴ്ച്ച മുതല്‍ ലോക്ഡൗണ്‍ തുടങ്ങും. ഇത് 20 ദിവസത്തോളം തുടരും.
വാക്‌സിനെടുക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഒന്ന് വരെയുണ്ടാവും. ഇത്തരം കടുത്ത തീരുമാനമെടുക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് ഷാലെന്‍ബര്‍ഗ് പറയുന്നു. ശൈത്യ കാലം മുന്നില്‍ കണ്ട് യൂറോപ്പിലാകെ നിയന്ത്രണങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. ലോക്ഡൗണ്‍ പലയിടത്തും വീണ്ടും ആരംഭിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡില്‍ ഇപ്പോള്‍ ഭാഗികമായ ലോക്ഡൗണുണ്ട്. ബാറുകളും റെസ്‌റ്റോറന്റുകളും രാത്രി എട്ട് മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. അതേസമയം റഷ്യയിലും യുക്രൈനിലും വാക്‌സിന്‍ വിരുദ്ധത അതിശക്തമാണ്. ഇവിടെയും വാക്‌സിനെതിരെ പ്രചാരണം നടക്കുന്നുണ്ട്. ജനങ്ങള്‍ പ്രതിഷേധവുമായി വരെ തെരുവില്‍ ഇറങ്ങുകയും ചെയ്തു.
അതേസമയം വേണ്ടത്ര ബോധവത്ക്കരണമില്ലാത്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഓസ്ട്രിയയില്‍ ഷാലെന്‍ബര്‍ഗിന്റെ കണ്‍സര്‍വേറ്റീവുകളും അവരുടെ സഖ്യകക്ഷിയായ ഇടതുപക്ഷ ഗ്രീന്‍സ് പാര്‍ട്ടിയും നിയന്ത്രണങ്ങളില്‍ വിരുദ്ധ ധ്രുവത്തിലാണ്. ഇവര്‍ തമ്മിലുള്ള ഭിന്നതയും ശക്തമാണ്. വാക്‌സിന്‍ എടുക്കാത്തവരില്‍ കൂടുതല്‍ നിയന്ത്രണം വേണ്ടെന്നായിരുന്നു ഷാലെന്‍ബര്‍ഗ് നേരത്തെ പറഞ്ഞത്. എന്നാല്‍ ആരോഗ്യ മന്ത്രി വൂള്‍ഫ്ഗ്യാങ് മ്യൂക്ക്സ്റ്റീന്‍ രാത്രികാലങ്ങളില്‍ കര്‍ഫ്യൂ വേണമെന്ന നിലപാടിലാണ്. നിയന്ത്രണങ്ങളോട് പലരും ഐക്യദാര്‍ഢ്യം കാണിച്ചിട്ടില്ല. 20 ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നല്ല രീതിയില്‍ നടക്കുമെന്നും ഷാലന്‍ ബര്‍ഗ് പറഞ്ഞു.












Click it and Unblock the Notifications