ലോട്ടറിയടിച്ചത് കോടികള്‍.. വാങ്ങിയത് പുത്തന്‍ വീട്; താമസം മാറുന്നതിനിടെ വീട് കത്തിനശിച്ചു
കാലിഫോര്‍ണിയ: ലോട്ടറി എടുത്ത് അതിന് സമ്മാനം നേടുക എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഭാഗ്യമാണ്. ലോട്ടറി അടിച്ചാല്‍ പലരുടേയും ലക്ഷ്യം ഒരു നല്ല വീടോ കാറോ വാങ്ങുക എന്നതൊക്കെയായിരിക്കും. കാലിഫോര്‍ണിയയിലെ സാന്താ റോസ ബീച്ചിലെ കാതറിന്‍ ഫേവര്‍ എന്ന 58 കാരിയും ലോട്ടറിയിലൂടെ സമ്മാനം തേടിയെത്തിയപ്പോള്‍ മറ്റൊന്നുമല്ല ആലോചിച്ചത്. വാടകവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം.
അതിനായി അവര്‍ ഒരു വീട് കണ്ടെത്തുകയും അത് വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ പുതിയ വീട്ടില്‍ ഒരു 10 മിനിറ്റ് പോലും താമസിക്കാന്‍ ഫേവറിന് സാധിച്ചില്ല. പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ മാറ്റുന്നതിനിടെയുണ്ടായ തീപിടുത്തത്തില്‍ ആ വീട് കത്തി നശിക്കുകയായിരുന്നു. ദിവസങ്ങള്‍ കൊണ്ട് തന്നെ തേടിയെത്തിയ ഭാഗ്യം നിര്‍ഭാഗ്യമായി മാറിയതിന്റെ ഞെട്ടലിലാണ് കാതറിന്‍ ഫേവര്‍.

കാതറിന്‍ ഫേവര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് മൂന്ന് സ്‌ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. ഇതില്‍ ആദ്യത്തെ രണ്ടെണ്ണത്തിനും സമ്മാനം ലഭിച്ചിരുന്നില്ല. എന്നാല്‍ മൂന്നാമത്തെ ലോട്ടറിക്ക് 1 മില്യണ്‍ ഡോളര്‍ ( 8.25 കോടി) ആണ് കാതറിന്റെ ഫേവറിനെ തേടിയെത്തിയത്. നികുതി കിഴിച്ച് 820,000 ഡോളര്‍ അതായത് 6.75 കോടി രൂപ കാതറിന്‍ ഫേവറിന് ലഭിക്കുകയും ചെയ്തു.

സമ്മാനത്തുക കൊണ്ട് ഒരു വീട് വാങ്ങണം എന്നായിരുന്നു വാടകവീട്ടില്‍ താമസിക്കുന്ന വിധവ കൂടിയായ കാതറിന്‍ ഫേവറിന്റെ ആഗ്രഹം. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഫേവറിന് ഡെസ്റ്റിനിലെ ഒരു വീട് ഇഷ്ടപ്പെടുകയും അതിനായി 400000 ഡോളര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ അസുഖബാധിതയായ കാതറിന് വീടിന്റെ ഇന്‍ഷുറന്‍സ് ശരിയാക്കാന്‍ സാധിച്ചിരുന്നില്ല.

വൈകാതെ പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ മാറ്റാന്‍ ഒരു കരാര്‍ കമ്പനിയെ കാതറിന്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ സാധനങ്ങള്‍ മാറ്റുന്നതിനിടെ തന്റെ വളര്‍ത്ത് നായയെ എടുക്കാന്‍ അമ്മയുടെ വീട്ടിലേക്ക് പോയതായിരുന്നു കാതറിന്‍. അതിനിടെയാണ് വീടിന് തീപിടിക്കുന്നത്. വീടിന്റെ അടുക്കളയിലെ സീലിംഗ് മുതല്‍ തറ വരെ കത്തിനശിച്ചു. അഗ്നിശമനാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഫോര്‍ട്ട് വാള്‍ട്ടണ്‍ ബീച്ചിനും സാന്‍ഡെസ്റ്റിനും ഇടയിലായതിനാലാണ് ഡെസ്റ്റിന്‍ ഏരിയയിലെ വീട് തിരഞ്ഞെടുത്തത് എന്ന് ഫേവര്‍ പറഞ്ഞു. ഹോം ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ ശ്രദ്ധിക്കാതിരുന്നത് തന്റെ മണ്ടത്തരമാണ് എന്നും പുതിയ വീട്ടില്‍ ഒരു രാത്രി പോയിട്ട് 10 മിനിറ്റ് പോലും ചെലവഴിക്കാന്‍ തനിക്ക് സാധിച്ചില്ല എന്നും ഫേവര്‍ പറഞ്ഞു. അതേസമയം സാധനം ഷിഫ്റ്റ് ചെയ്യാന്‍ ഏല്‍പ്പിച്ച കരാര്‍ കമ്പനി ജീവനക്കാരേയും അവര്‍ കുറ്റപ്പെടുത്തി.

ജീവനക്കാര്‍ അടുക്കളയിലെ കൗണ്ടറുകളുടെ മുകളില്‍ പെട്ടികളും ഗ്ലാസ് ടോപ്പ് സ്റ്റൗവും ഓണാക്കിയതായി ഫേവര്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കരാര്‍ കമ്പനി വിസമ്മതിച്ചു. അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം വസ്തുവകകളില്‍ ഭൂരിഭാഗവും പിന്നിലെ കിടപ്പുമുറിയിലായിരുന്നതിനാല്‍ അവ നശിച്ചിട്ടില്ല.












Click it and Unblock the Notifications