കാനഡയില്‍ വിമാനാപകടം; ലാന്‍ഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു
ടൊറന്റോ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തില്‍ വിമാനം തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡെല്‍റ്റ എയര്‍ ലൈന്‍സ് ജെറ്റ് വിമാനമാണ് ലാന്‍ഡിംഗിനിടെ തലകീഴായി മറിഞ്ഞത്. 76 യാത്രക്കാരും നാല് ജീവനക്കാരും അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ മിനസോട്ട സംസ്ഥാനത്തിലെ മിനിയാപൊളിസില്‍ നിന്നും ടൊറന്റോയിലേക്ക് എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചകഴിഞ്ഞ് 3:30 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരു കുട്ടി, 60 വയസുള്ള ഒരു പുരുഷന്‍, 40 വയസുള്ള ഒരു സ്ത്രീ എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ഉള്ളത്. ചെറിയ പരിക്കുകളുള്ളവര്‍ ഉള്‍പ്പെടെ എല്ലാ പരിക്കേറ്റവരെയും ആംബുലന്‍സിലും ഹെലികോപ്റ്ററിലും ആയാണ് ആശുപത്രികളില്‍ എത്തിച്ചത്. അപകടത്തിന് ശേഷം വിമാനത്താവളം എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു.

Image Credit: X
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കിഴക്കന്‍ കാനഡയില്‍ ഞായറാഴ്ച മുതല്‍ വലിയ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതിനൊപ്പം കൊടുങ്കാറ്റും ഉണ്ട്. മോശം കാലാവസ്ഥ കാരണം വാരാന്ത്യങ്ങളില്‍ റദ്ദാക്കിയ വിമാന സര്‍വീസിന് പകരം കമ്പനികള്‍ തിങ്കളാഴ്ച അധികം സര്‍വീസ് നടത്തിയിരുന്നു. തിങ്കളാഴ്ച ടൊറന്റോയില്‍ ശക്തമായ കാറ്റും കൊടുംതണുപ്പും അനുഭവപ്പെട്ടിരുന്നു.
'മഞ്ഞുവീഴ്ചയ്ക്ക് ശമനമുണ്ടെങ്കിലും തണുത്ത താപനിലയും ശക്തമായ കാറ്റും ഉണ്ട്. ഇന്ന് ടെര്‍മിനലുകളില്‍ തിരക്കേറിയ ദിവസമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 1000 വിമാനങ്ങളില്‍ 130000 യാത്രക്കാര്‍ ഉണ്ട്,' എന്ന് തിങ്കളാഴ്ച രാവിലെ വിമാനത്താവളം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അപകടസ്ഥലത്തേക്ക് ഒരു അന്വേഷണ സംഘത്തെ വിന്യസിക്കുന്നതായി കാനഡയുടെ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു.
വടക്കേ അമേരിക്കയില്‍ അടുത്തിടെ വ്യോമയാന അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെയാണ് കാനഡയിലെ അപകടം. വാഷിംഗ്ടണില്‍ ഒരു യുഎസ് ആര്‍മി ഹെലികോപ്റ്ററും ഒരു പാസഞ്ചര്‍ ജെറ്റും കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫിലാഡല്‍ഫിയയില്‍ ഏഴ് പേരുടെ മരണത്തിനിടയാക്കിയ മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനാപകടവും അടുത്തിടെ സംഭവിച്ചിരുന്നു.












Click it and Unblock the Notifications