കാനഡ 700 ഇന്ത്യന്‍ വിദ്യാർത്ഥികളെ നാടുകടത്തുന്നു: പ്രതിഷേധം, ഈ തട്ടിപ്പ് ശ്രദ്ധിക്കണം
ഡല്‍ഹി: നാടുകടത്തുമെന്ന സാധ്യത ശക്തമായതോടെ കാനഡയിലെ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ച് ഇന്ത്യന്‍ വിദ്യാർത്ഥികള്‍. വ്യാജ അഡ്മിഷന്‍ തട്ടിപ്പിന് ഇരകളായ 700 വിദ്യാർത്ഥികളെ നാടുകടത്താന്‍ കനേഡിയന്‍ സർക്കാർ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതോടെയാണ് പന്ത്രണ്ടോളം വരുന്ന വിദ്യാർത്ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇവർ എല്ലാവരും തന്നെ പഞ്ചാബില്‍ നിന്നുള്ള വിദ്യാർത്ഥികളാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ ഏജന്റ് വഴി ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കനേഡിയൻ സർക്കാർ വിദ്യാർത്ഥികൾക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകിയേക്കും എന്ന അഭ്യൂഹങ്ങൾ ഉയർന്നത്. കനേഡിയൻ സർവ്വകലാശാലകളിലേക്കുള്ള വ്യാജ ഓഫർ ലെറ്ററിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ വിസ നേടിയതെന്ന് കനേഡിയൻ അധികൃതർ വ്യക്തമാക്കിയതായി വിദ്യാർത്ഥികളും പറയുന്നു.

കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അടുത്തിടെ 700 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പ്രവേശന ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് സിബിഎസ്എ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നോട്ടീസ് നല്‍കിയത്. 2018-ലാണ് തങ്ങള്‍ കാനഡയിൽ എത്തിയതെന്നാണ് പ്രതിഷേധിക്കുന്ന പല വിദ്യാർത്ഥികളും അവകാശപ്പെടുന്നു.
കോഴ്സ് പൂർത്തിയാക്കി അഞ്ച് വർഷത്തിന് ശേഷം സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് ലഭിച്ചത് വ്യാജ ഓഫർ ലെറ്ററാണെന്ന വിവരം പുറത്ത് വരുന്നത്. " കാനഡയിൽ എത്തിയപ്പോൾ ഏജന്റ് ഞങ്ങളോട് പറഞ്ഞത് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ സീറ്റുകൾ ഒഴിവില്ല എന്നായിരുന്നു. സർവ്വകലാശാലകളിൽ ബുക്കിംഗ് കൂടുതലായതിനാൽ ഞങ്ങളെ മറ്റൊരു കോളേജിലേക്ക് മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. ഒരുവർഷം നഷ്ടപ്പെടുത്താന്‍ കഴിയാത്തതിനാല്‍ അതിന് ഞങ്ങള്‍ സമ്മതിക്കുകയായിരുന്നു" - എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥി ചമൻദീപ് സിംഗ് പറയുന്നു.
"ഞങ്ങൾ കോളേജ് മാറി, പഠനം പൂർത്തിയാക്കി, എന്നാൽ മൂന്ന്-നാല് വർഷത്തിന് ശേഷമാണ് വിസ ലഭിച്ച ഓഫർ ലെറ്റർ വ്യാജമാണെന്ന് സിബിഎസ്എ പറയുന്നത്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. മടങ്ങിപ്പോവാന്‍ ഒരു വിദ്യാർത്ഥിയും തയ്യാറല്ല" അദ്ദേഹം കൂട്ടിച്ചേർത്തു. നാടുകടത്തപ്പെടുമെന്ന ഭയം വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നും പലരും ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പ്രതിഷേധിക്കുന്ന മറ്റൊരു വിദ്യാർത്ഥികളിലൊരാളായ ലവ്പ്രീത് സിംഗ് അവകാശപ്പെട്ടു.
"ഇന്ത്യൻ സർക്കാരിനോട് ഈ വിഷയം കനേഡിയൻ സർക്കാരിനോട് ഉന്നയിക്കാൻ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ നിരപരാധികളും തട്ടിപ്പിന് ഇരയായവരുമാണ്. ഞങ്ങളുടെ ജീവൻ അപകടത്തിലാണ്, പലരും ഇത് കാരണം ആത്മഹത്യ ചെയ്യുന്നു. 700 എന്നത് ഒരു കണക്കാണ്. എന്നാല്‍ ഈ വിഷയം നേരിട്ട് ബാധിച്ച വിദ്യാർത്ഥികളുടെ യഥാർത്ഥ എണ്ണം കൂടുതലാണ്. പലരും മുന്നോട്ട് വരാതെ നിശ്ശബ്ദരായി കഷ്ടപ്പെടുന്നു. ജൂൺ 30-ന് എനിക്ക് നാടുകടത്തൽ നോട്ടീസ് ലഭിച്ചു. കാനഡയിലേക്ക് വരാൻ ഞങ്ങൾ വലിയ തുക നിക്ഷേപിച്ചു. പക്ഷെ ഇപ്പോൾ ഞങ്ങളോട് തിരികെ പോകാൻ ആവശ്യപ്പെടുന്നു. അതിന് എങ്ങനെ സാധിക്കും" - ലവ്പ്രീത് ചോദിക്കുന്നു. അതേസമയം വിഷയത്തിൽ ഇടപെടാൻ പഞ്ചാബ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications