ചിലിയില്‍ കാട്ടുതീ; 46 പേര്‍ മരിച്ചു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്
സാന്റിയാഗോ: അപ്രതീക്ഷിതമായുണ്ടായ കാട്ടുതീയില്‍ ചിലിയില്‍ 46 മരണം. പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ആണ് ഇക്കാര്യം അറിയിച്ചത്. ഇരകളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ 92 സ്ഥലങ്ങളില്‍ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചിലിയന്‍ ആഭ്യന്തര മന്ത്രി കരോലിന തോഹ പത്രസമ്മേളനത്തില്‍ പറഞ്ഞത്. 43,000 ഹെക്ടറിലധികം പ്രദേശത്ത് ബാധിച്ച തീപിടുത്തം ആയിരക്കണക്കിന് വീടുകളെ ചാമ്പലാക്കി.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് എന്ന് ബോറിക് വ്യക്തമാക്കി. 'വര്‍ഷങ്ങളോളം ത്യാഗം സഹിച്ച് പണികഴിപ്പിച്ച വീട് നഷ്ടപ്പെടുന്നത് വളരെ പ്രയാസകരമായ സമയമാണെന്ന് എനിക്കറിയാം, ഒരു കുടുംബാംഗത്തെ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് അളക്കാന്‍ കഴിയാത്ത ഹൃദയവേദനയാണ്, പക്ഷേ ഞങ്ങളുടെ സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.

എല്ലാ മാനുഷികവും സാങ്കേതികവുമായ സഹായം ഇരകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് വരുത്തും,' പ്രസിഡന്റ് പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് മധ്യ ചിലിയുടെ പല പ്രദേശങ്ങളിലും ആളുകള്‍ പലായനം ചെയ്തു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ കടുത്ത ഉഷ്ണ തരംഗത്തെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. മേഖലയിലെ വരണ്ട സാഹചര്യങ്ങളും താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിച്ചുയര്‍ന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
2023 ഫെബ്രുവരിയിലുണ്ടായ തീപിടുത്തത്തില്‍ ചിലിയില്‍ 22 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 400,000 ഹെക്ടറിലധികം പ്രദേശത്ത് തീപിടുത്തം വ്യാപിച്ചിരുന്നു. തീപിടുത്ത ബാധിത പ്രദേശങ്ങളില്‍ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. ചിലിയിലെ വിദ്യാഭ്യാസ മന്ത്രാലയം 20 അഭയകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
ദുരന്ത ബാധിത പ്രദേശങ്ങള്‍ക്ക് മുകളിലൂടെ ബോറിക് ഹെലികോപ്ടറില്‍ സഞ്ചരിച്ച് സാഹചര്യം വിലയിരുത്തി. 19 ഹെലികോപ്റ്ററുകളും 450 ല്‍ അധികം അഗ്‌നിശമന സേനാംഗങ്ങളും തീയണയ്ക്കാന്‍ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ, തീപിടുത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വാല്‍പാറൈസോയിലെ കായിക, വിനോദ, സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെ എല്ലാ ബഹുജന വാണിജ്യ പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.












Click it and Unblock the Notifications