ചൈനയുടെ ജനസംഖ്യയിൽ കുറവ്; ആറ് പതിറ്റാണ്ടിനിടെ ആദ്യം..ഇന്ത്യ ഉടൻ ചൈനയെ മറികടക്കും
ബെയ്ജിംഗ്: ആറ് പതിറ്റാണ്ടിനിപ്പുറം ആദ്യമായി ചൈനയുടെ ജനസംഖ്യയിൽ നേരിയ കുറവ് . ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022 അവസാനത്തോടെ 1,411,750,000 ആണ് ചൈനയിലെ ജനസംഖ്യ. അതായത് 2021 നെ അപേക്ഷിച്ച് 850,000 ത്തിന്റെ കുറവ്. രാജ്യത്തെ ജനനനിരക്ക് 9.56 മില്ല്യണും മരണനിരക്ക് 10.41 മില്ല്യണും ആയിരുന്നു.1974 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 2021 ൽ 7.18 ആണ് മരണനിരക്ക്.2022-ൽ ചൈനയുടെ ജനന നിരക്ക് 6.77 ആയിരുന്നു. 2021 ൽ ഇത് 7.52 ഉം.

ഇതിന് മുമ്പ് 1960 ലാണ് അവസാനമായി ചൈനയിലെ ജനസംഖ്യാനിരക്കിൽ കുറവ് രേഖപ്പെടുത്തിയത്. ഗ്രേറ്റ് ലീപ്പ് ഫോർവേഡ് എന്നറിയപ്പെടുന്ന മാവോ സേതുങ് കാർഷിക നയത്തിന്റെ ഫലമായി സംഭവിച്ച ദാരിദ്രത്തെ തുടർന്നായിരുന്നു ഇത്. പിന്നീട് ജനസംഖ്യ വർധിച്ച വരുന്ന സാഹചര്യത്തിൽ 1980 കളില്‍ കര്‍ശനമായി നടപ്പിലാക്കി വരുന്ന 'ഒരു കുട്ടി നയം' ചൈന 2016ല്‍ അവസാനിപ്പിക്കുകയും 2021ല്‍ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികൾ വരെ അനുവദനീയമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ജനസംഖ്യ വർധനവിനെ സഹായിച്ചില്ല.
അതേസമയം ഇപ്പോഴത്തെ ജനസംഖ്യയിലെ കുറവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ സ്വാധീനം ഉണ്ടാക്കിയേക്കുമെന്നും ഇത് അതിന്റെ തുടക്കം മാത്രമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.2021 നും 2025 നും ഇടയിലുള്ള കാലയളവിൽ ചൈനയുടെ വളർച്ച നിരക്ക് നെഗറ്റീവിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി. 2050 ഓടെ ചൈനയുടെ ജനസംഖ്യ 109 ദശലക്ഷമായി ചുരുങ്ങുമെന്ന് യുഎൻ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
അതിനിടെ വൈകാതെ തന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ - ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications