ചൈന ശരിപക്ഷത്തോടൊപ്പം ; പ്രതികരിച്ച് ചൈനീസ് വിദേശകാര്യമന്ത്രി
ബെയ്‌ജിങ് : റഷ്യൻ യുക്രൈൻ യുദ്ധത്തിൽ ശരിപക്ഷത്തോടൊപ്പമാണ് ചൈനയെന്ന് കാലം തെളിയിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. പുറത്തു നിന്നുള്ള ഒരു ശക്തിയുടെയും സമ്മർദത്തിന് ചൈന വിധേയമാകില്ലെന്നും ചൈനക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുമെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റുമായി വീഡിയോ കോൺഫറൻസിൽ സംസാരിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയെ ഏതെങ്കിലും സഹായിച്ചാൽ ചൈനക്കും പ്രത്യാഘാതങ്ങൾ നേരിടേണ്ടു വരുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്.
കഴിയുന്നതും വേഗത്തിൽ യുദ്ധം അവസാനിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും നാറ്റോ രാജ്യങ്ങൾ മോസ്‌കോയുമായി ചർച്ച നടത്തണമെന്നും ചൈനീസ് പ്രസിഡന്‍റ്, ബൈഡനുമായുള്ള വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടിരുന്നു. അതേ സമയം ചൈനയെ ബൈഡൻ കുറ്റപ്പെടുത്തിയില്ല എന്ന് ബെയ്‌ജിങ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ലോകത്ത് സമാധാനം നിലനിർത്താനുള്ള ശക്തിയായി ചൈന പ്രവർത്തിക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ്, ബൈഡനെ അറിയിച്ചതായി വാങ് വ്യക്തമാക്കി. യുദ്ധത്തിനെ എതിർക്കുന്ന നിലപാടാണ് ചൈനക്കുള്ളത്. വസ്‌തുതാപരമായ നിലപാടാണ് ചൈന സ്വീകരിക്കുന്നത്. ചൈനയുടെ അവകാശവാദങ്ങൾ ശരിയുടെ പക്ഷത്താണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം മരിയോപോളില്‍ റഷ്യയുടെ ആക്രമണം തുടരുകയാണെന്നാണ് പുതിയ വിവരം. നഗരത്തിൽ പലയിടത്തും റഷ്യ ബോംബാക്രമണം നടത്തുകയാണെന്നും അവിടത്തെ ആളുകളെ റഷ്യയിലേക്ക് കടത്തുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. നാസി കാലത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് റഷ്യയുടെ പ്രവർത്തനങ്ങളെന്നും യുക്രൈൻ പൗരന്മാരെ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുകയാണെന്നാണ് റിപ്പോർട്ടുകൾ. മരിയോപോൾ നഗരത്തില്‍ റഷ്യൻ യുക്രൈൻ സേനകൾ തമ്മിൽ കനത്ത പോരാട്ടമാണ് നടത്തുന്നത്. നഗരത്തിൽ കനത്ത ഷെല്ലാക്രമണമാണ് നടക്കുന്നത്. മൂന്ന് ലക്ഷത്തോളം ആളുകളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. നഗരം റഷ്യ വളഞ്ഞിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം യുക്രൈനില്‍ ഇതുവരെ 600 സാധാരണക്കാർ കൊല്ലപ്പെടുകയും 1000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് വിവരം. അതേസമയം 7000 റഷ്യൻ സൈനികര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക പുറത്തുവിട്ട കണക്കില്‍ പറയുന്നു. പുടിന്റെ അധിനിവേശം അവസാനിപ്പിക്കാൻ ചൈനയ്ക്കെതിരായ പരസ്യസമ്മർദം ശക്തമാക്കുകയാണ് അമേരിക്ക.
യുക്രൈനിൽ റഷ്യൻ ആക്രമണം നടത്തിയതു മുതൽ കീവിൽ മാത്രം കൊല്ലപ്പെട്ടത് 228 പേരെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളുമുണ്ട്. പരിക്കേറ്റത് 912 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കീവ് സിറ്റി അഡ്‌മിനിസ്‌ട്രേഷൻ വ്യക്തമാക്കി. ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ യുക്രൈൻ യുദ്ധം 25-ാമത്തെ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.












Click it and Unblock the Notifications