പാക് ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടു
വാഷിങ്ടണ്‍: പാക്കിസ്ഥാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന വേളയില്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. 1981 സെപ്റ്റംബര്‍ എട്ടിന് അമേരിക്കന്‍ ചാരസംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് അടുത്തിടെ സിഐഎയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പാക്കിസ്ഥാന്‍ ആണവായുധത്തിലുപയോഗിക്കുന്ന പ്ലൂട്ടോണിയവും യുറേനിയവും ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയ സമയത്ത് ആയിരുന്നു ഇത്. പാക്കിസ്ഥാന്റെ ആണവ ആയുധങ്ങള്‍ ഇന്ത്യയ്ക്ക ഭീഷണിയാകുമെന്നുകണ്ടാണ് ഇന്ദിര ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് പറയുന്നു. എന്നാല്‍ പിന്നീട് ആക്രമണ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

പാക്കിസ്ഥാന് എഫ് 16 എന്ന ശ്രേണിയിലെ യുദ്ധവിമാനങ്ങള്‍ യുഎസ് കൈമാറാന്‍ അക്കാലത്ത് കരാറിലേപ്പെടുകയും ചെയ്തിരുന്നു. ഈ അവസരത്തിലായിരുന്നു ഇന്ത്യയുടെ ആക്രമണ പദ്ധതി. പാക്കിസ്ഥാനിലെ ആണവ പുരോഗതിയില്‍ ഇന്ത്യയുടെ പ്രതികരണം എന്ന തലക്കെട്ടില്‍ പന്ത്രണ്ട് പേജുള്ള രേഖയാണ് സിഐഎ തയ്യാറാക്കിയത്.
അക്കാലത്ത് ഇന്ത്യ കൂടുതല്‍ വിനാശകാരിയായ ആണവ പരീക്ഷണത്തിനും ഒരുങ്ങിയതായി റിപ്പോര്‍ട്ടിലുണ്ട്. താര്‍ മരുഭൂമിയില്‍ വെച്ച് ഏതാണ്ട് 40 ടണ്‍ ഭാരമുള്ള ആണവ പരീക്ഷണത്തിനായിരുന്നു തയ്യാറായത്. എന്നാല്‍ പിന്നീട് പരീക്ഷണം ഉപേക്ഷിച്ചു. പാക്കിസ്ഥാന്‍ ആണവ ആയുധം ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications