കടിച്ച് തൂങ്ങാന്‍ അവസാന നിമിഷവും ശ്രമം; രാജിവെക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: പാർലമെന്റില്‍ ഭൂരിപക്ഷം നഷ്ടമാവുമെന്ന് ഉറപ്പായിട്ടും അധികാരത്തില്‍ കടിച്ച് തൂങ്ങാനുള്ള അവസാന ശ്രമങ്ങളുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജിവെയ്ക്കാന്‍ താന്‍ തയ്യാറാല്ലെന്നും തന്റെ സർക്കാറിനെതിരെ വിദേശ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്. അവരുമായി സഹകരിക്കുന്ന ശത്രുക്കള്‍ രാജ്യത്തിന് അകത്ത് തന്നേയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രധാന സഖ്യകക്ഷികള്‍ കൂറുമാറിയതോടെ ഇമ്രാന്‍ ഖാന്‍ സർക്കാറിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതോടെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്നോടിയായി അദ്ദേഹം രാജിവെച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് രാജിയില്ലെന്ന് വ്യക്തമാക്കി ഇമ്രാന്‍ രംഗത്ത് എത്തുന്നത്.
"ചില വിദേശ രാജ്യങ്ങളിൽ നിന്ന് ഞങ്ങൾക്ക് സന്ദേശങ്ങൾ ലഭിക്കുന്നു... ഇമ്രാൻ ഖാൻ പോയാൽ പാക്കിസ്ഥാനോട് ക്ഷമിക്കുമെന്ന് അവർ പറയുന്നു," ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്ന കാലത്ത് അവസാന ബോൾ വരെ കളിക്കുന്നതാണ് എൻ്റെ രീതി. അതു തന്നെയാണ് ഇപ്പോഴും എന്റെ ശൈലി. എന്നെ പുറത്താക്കുന്നതിൽ പരാജയപ്പെട്ടാൽ, പാകിസ്ഥാൻ വിഷമകരമായ സാഹചര്യങ്ങൾ നേരിടേണ്ടിവരും എന്നും ഗൂഡാലോചകള്‍ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും യുഎസിലും എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. അവരെ ആരേയും തകർക്കാൻ എനിക്കൊരു ആലോചനയുമില്ല. എന്നാൽ അവരുടെ നയങ്ങളെ ഞാൻ അപലപിക്കുന്നു. പർവേസ് മുഷറഫ് നമ്മളെ അമേരിക്കയുടെ വലയിൽ കുടുക്കി. അവരുമായി സഖ്യമുണ്ടാക്കിയതിന് ശേഷം നമ്മൾ സഹായിച്ചിട്ടും ഡ്രോണുകൾ ഉപയോഗിച്ച് അവർ നമ്മളെ ആക്രമിച്ചു. മുൻപ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പർവേസ് മുഷ്റഫും ഇന്ത്യയുമായി രഹസ്യചർച്ചകൾ നടത്തിയിരുന്നു. നേപ്പാളില്‍ വെച്ചാണ് അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.
ഇമ്രാന്‍ ഖാനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം പരാജയപ്പെടുത്തണമെങ്കില്‍ 342 അംഗ സഭയില്‍ 172 വോട്ടുകളുടെ പിന്തുണയാണ് ഭരണകക്ഷിക്ക് വേണ്ടത്. എന്നാല്‍ നിലവില്‍ പ്രതിപക്ഷത്തിന് 175 നിയമസഭാംഗങ്ങളുടെ പിന്തുണയുണ്ടെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നുമാണ് ജമിയത്ത് ഉലമ-ഇ-ഇസ്‌ലാമ ഫസൽ (ജെയുഐ-എഫ്) മേധാവി മൗലാന ഫസ്‌ലുർ വ്യക്തമാക്കുന്നത്. ഞായറാഴ്ചത്തെ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ ഖാൻ സാധിച്ചില്ലെങ്കിൽ, അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാകും അദ്ദേഹം. ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് ശേഷം പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ഷെരീഫ് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications