അമിതവണ്ണമുള്ള മോഡലിന് സൈക്കോതെറാപ്പിക്ക് പണം നല്‍കണം; ഖത്തര്‍ എയര്‍വേയ്‌സിന് കുരുക്ക്
സാവോപോളോ: അമിത വണ്ണമുള്ള മോഡലിന് ഖത്തര്‍ എയര്‍വേയ്‌സ് യാത്ര നിഷേധിച്ച സംഭവത്തില്‍ ട്വിസ്റ്റ്. ബ്രസീലിയന്‍ മോഡലിന് സൈക്കോതെറാപ്പിക്ക് ആവശ്യമായ പണം നല്‍കണമെന്ന് ബ്രസീലിയന്‍ കോടതി ഖത്തര്‍ എയര്‍വേയ്‌സിനോട് ഉത്തരവിട്ടു. നവംബര്‍ 22 ന് നടന്ന സംഭവത്തില്‍ ബ്രസീലിയന്‍ മോഡല്‍ ജൂലിയാന നെഹ്മെ (38) തന്റെ ഭാരം കാരണം യാത്ര നിഷേധിച്ചെന്നാണ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനത്തിന്റെ ഇക്കണോമി ക്ലാസില്‍ ഇരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്ന് നെഹ്മി പറഞ്ഞു. പകരം, ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാര്‍ ബിസിനസ് ക്ലാസ് ടിക്കറ്റ് 3000 ഡോളറിന് വാങ്ങിയാല്‍ മാത്രമേ തന്നെ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ എന്ന് വ്യക്തമാക്കി. ഇക്കണോമിയിലെ സീറ്റിനായി 1000 ഡോളറാണ് മോഡല്‍ നല്‍കിയത്. തന്നെ ശരീര ഭാരത്തിന്റെ പേരില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിവേചനം കാണിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.

സംഭവത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ വിഷയം വലിയ ചര്‍ച്ചയായി. ലെബനനിലെ ബെയ്റൂട്ടില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ തന്നെ അനുവദിച്ചില്ലെന്നും ഖത്തര്‍ എയര്‍വേയ്സും ടിക്കറ്റ് റീഫണ്ട് ചെയ്യാന്‍ വിസമ്മതിച്ചതായും നെഹ്മെ പറഞ്ഞു.ഇതേ തുടര്‍ന്ന് ബ്രസീലിലേക്കുള്ള കണക്ടിംഗ് ഫ്‌ളൈറ്റും യുവതിക്ക് നഷ്ടമായി.

ഖത്തര്‍ പോലൊരു കമ്പനി ജനങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള വിവേചനം അനുവദിക്കുന്നത് എന്തൊരു നാണക്കേടാണെന്ന് മോഡല്‍ ചോദിക്കുന്നു. കുടുംബത്തോടൊപ്പം ലെബനനില്‍ അവധി ആഘോഷിക്കാനെത്തിയ ജൂലിയാന യാതൊരു ബുദ്ധിമുട്ടും കൂടാതെ എയര്‍ ഫ്രാന്‍സ് വഴിയാണ് നാട്ടിലെത്തിയത്.

ഒരു വര്‍ഷത്തേക്ക് 78 ഡോളര്‍ മൂല്യമുള്ള പ്രതിവാര സെഷനുകളുള്ള തെറാപ്പിക്ക് എയര്‍ലൈന്‍ ഫണ്ട് നല്‍കണമെന്ന് ജഡ്ജി റെനാറ്റ മാര്‍ട്ടിന്‍സ് ഡി കാര്‍വാലോ പറഞ്ഞു. അതിനാല്‍ ഖത്തര്‍ എയര്‍വേയ്സ് നെഹ്മെയ്ക്ക് ആകെ 3718 ഡോളര്‍ നല്‍കണം. അതേസമയം, ബ്രസീലിയന്‍ മോഡലിനെ ശരീര ഭാരം കാരണം ബോര്‍ഡിംഗില്‍ നിന്ന് തടഞ്ഞുവെന്നത് എയര്‍ലൈന്‍ നിഷേധിച്ചു.












Click it and Unblock the Notifications