'ഡിയർ ഫ്രണ്ട് ട്രംപ്, ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു'; ആശംസ അറിയിച്ച് മോദി
ഡൽഹി: 47ാമതി അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഡൊണാൾഡ് ട്രംപിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച ഭരണം സാധ്യമാകട്ടെയെന്നും ഒരുമിച്ച് വീണ്ടും പ്രവർത്തിക്കാൻ ഉറ്റുനോക്കുകയാണെന്നും മോദി എക്സിൽ കുറിച്ചു.
'ഇരുരാജ്യങ്ങൾക്കും പ്രയോജമപ്രദമാകുന്ന വിധത്തിലുംലോകത്തിന്റെ മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു', പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ട്രംപിന്‌റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നില്ല. അതേസമയം ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ചടങ്ങിൽ പങ്കെടുത്തത്. അതേസമയം ട്രംപിന് കൈമാറാനുള്ള കത്തും മോദി ജയശങ്കറിന്റെ കൈവശം നൽകിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ കാലയളവിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയിലാണ് മുന്നോട്ട് പോയത്. പുതിയ ട്രംപ് സർക്കാരും ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതിനിടെ ഭരണത്തിലേറി ദിവസങ്ങൾക്കുള്ളിൽ തന്നെ ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ട്. ഇന്ത്യ സന്ദർശിക്കുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ട്രംപ് ചർച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യ ദർശനത്തിനൊപ്പം തന്നെ ട്രംപ് ചൈനയും സന്ദർശിച്ചേക്കുമെന്ന വാർത്തകൾ ഉണ്ട്.
വിദേശരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളായിരിക്കും രണ്ടാം വരവിൽ ട്രംപ് നടത്തിയേക്കുമെന്നാണ് വിവരം. ഇതിനിടയിൽ റഷ്യ ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുക്രൈൻ പ്രശ്നം ശ്വാശ്വതമായ രീതിയിൽ പരിഹരിക്കാൻ ഇടപെടണമെന്ന് യുഎസിനോട് ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ അഭ്യർത്ഥിച്ചരുന്നു. യുക്രൈൻ വിഷയത്തിൽ ഏത് വിധത്തിലുള്ള ചർച്ചകൾക്കും തങ്ങൾ ഒരുക്കമാണെന്ന നിലപാടാണ് പുടിൻ ഇന്ന് സ്വീകരിച്ചത്. യുക്രൈൻ യുദ്ധം അസാനിപ്പിക്കാൻ താൻ ശ്രമിക്കുമെന്ന് നേരത്തേ തന്നെ ട്രംപ് വ്യക്തമാക്കിയതാണ്. പുടിൻ-ട്രംപ് കൂടിക്കാഴ്ചയിൽ യുദ്ധം സംബന്ധച്ചൊരു തീരുമാനം ഉണ്ടായാൽ ട്രംപിനെ സംബന്ധിച്ച് ഗ്രാഫ് ഉയരാൻ ഇത് കാരണമാകും. ഇതിനോടകം തന്നെ ഗാസയിലെ വെടിനിർത്തലിന്റെ ക്രെഡിറ്റ് ട്രംപ് ഏറ്റെടുത്തിട്ടുണ്ട്. 15 മാസങ്ങൾക്ക് ശേഷമാണ് ഗാസയിൽ വെടിനിർത്തൽ കരാർ ഉണ്ടായത്. ട്രംപ് അധികാരത്തിലേറാൻ ദിവസങ്ങൾ ബാക്കി നിൽക്കെയായിരുന്നു കാർ നടപ്പായത്.












Click it and Unblock the Notifications