'ജനാധിപത്യ ബംഗ്ലാദേശ് കെട്ടിപ്പടുക്കണം, ധീരൻമാരായ കുട്ടികൾ അസാധ്യമായത് സാധ്യമാക്കി';ഖാലിദ സിയ
ഡൽഹി: ജയിൽ മോചിതയായതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍പ്രധാനമന്ത്രിയുമായ ഖാലിദ സിയ. ജനാധിപത്യ ബംഗ്ലാദേശ് കെട്ടിപ്പടുക്കുകയാണ് ഇനി നമ്മുടെ ലക്ഷ്യമെന്നും ധീരൻമാരായ കുട്ടികൾ അസാധ്യമായിരുന്നത് സാധ്യമാക്കിയെന്നും അവർ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രതികരണം.
'ഇത്രയും കാലം നിങ്ങൾ എൻ്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ടാണ് എനിക്ക് നിങ്ങളോട് സംസാരിക്കാൻ കഴിയുന്നത്. ഈ ഫാസിസ്റ്റ് സർക്കാരിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ നമ്മുക്ക് കഴിഞ്ഞു. അതിനായി ജീവൻ നൽകിയ ധീരന്മാർക്ക് ഞാൻ പ്രണാമം അർപ്പിക്കുന്നു. ഈ വിജയത്തിൽ നിന്ന് നമുക്ക് ഒരു പുതിയ ബംഗ്ലാദേശ് രൂപീകരിക്കേണ്ടതുണ്ട്.വിദ്യാർത്ഥികളും യുവാക്കളും നമ്മുടെ പ്രതീക്ഷയാണ്', ഖാലിദ സിയ പറഞ്ഞു.

മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്കെതിരെയും സിയ മുന്നറിയിപ്പ് നൽകി. 'എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ജനാധിപത്യ ബംഗ്ലാദേശ് നമ്മൾ കെട്ടിപ്പടുക്കണം. യുവാക്കളും വിദ്യാർത്ഥികളും ഇത് നടപ്പിലാക്കും. സമാധാനവും സമൃദ്ധിയും ഉള്ള പുരോഗമന ബംഗ്ലാദേശ് ആണ് നമ്മുക്ക് കെട്ടിപ്പടുക്കേണ്ടത്. പ്രതികാരവും വിദ്വേഷവും ഇല്ലാത്ത രാജ്യമാണ് ഉണ്ടാകേണ്ടത്',ഖാലിദ സിയ പറഞ്ഞു.
ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയായിരുന്നു സിയയെ മോചിപ്പിക്കാൻ കഴിഞ്ഞ ദിവസം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിന്‍ ഉത്തരവിട്ടത്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു തീരുമാനം.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബി എന്‍ പി) അധ്യക്ഷയാണ് ബീഗം ഖാലിദ സിയ. 2018 ലാണ് അഴിമതി കേസിൽ അവർ ജയിലിലാകുന്നത്. 17 വർഷത്തെ തടവുശിക്ഷയായിരുന്നു അവർക്ക് വിധിച്ചത്.
ഖാലിദയെ മോചിപ്പിച്ചതോടെ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമ്പോൾ ഖാലിദ സിയ അതിന് നേതൃത്വം വഹിച്ചേക്കുമെന്നായിരുന്നു ആദ്യ അഭ്യൂഹങ്ങൾ. എന്നാൽ നൊബേല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുഹമ്മദ് യൂനസിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ അറിയിച്ചു. സൈനിക ഭരണത്തെയോ സൈന്യം പിന്തുണയ്ക്കുന്ന സർക്കാരിനെയോ അംഗീകരിക്കില്ലെന്നും യൂനസിനെ തന്നെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി സംഘടനകൾ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും വിദ്യാർത്ഥി സംഘടന പ്രതിനിധികൾ ഇതേ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. തുടർന്നാണ് ഇടക്കാല സർക്കാരിനെ യൂനസ് നയിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചത്.












Click it and Unblock the Notifications