ഒബാമ ശരിക്കും അറസ്റ്റിലാകുമോ: 2017 ലെ രേഖകള്‍ പുറത്തുവിട്ടു; ട്രംപിന്റെ റഷ്യന്‍ ബന്ധം
വാഷിങ്ടണ്‍: മുന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് എതിരായ രേഖകള്‍ പുറത്തുവിട്ട് യു.എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്. 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും റഷ്യന്‍ ഭരണകൂടവും ഇടപെട്ടുവെന്ന പ്രചരണത്തന് ഒബാമ നേതൃത്വം നല്‍കിയെന്ന് ആരോപിക്കുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.
ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന എഐ വീഡിയോ കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് തന്നെ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വ്യാജ പ്രചാരണം സൃഷ്ടിച്ച് 2016-ലെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തെ അട്ടിമറിക്കാൻ ഒബാമ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിലെ ആരോപണം.

ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയുടെ 2017-ലെ റിപ്പോർട്ടാണ് തുള്‍സി ഗബ്ബാര്‍ഡ് പുറത്ത് വിട്ടിരിക്കുന്നത്. രേഖ പുറത്തുവിട്ടുകൊണ്ട് "അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ഇന്റലിജൻസ് ദുരുപയോഗമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്," ഗബ്ബാർഡ് എക്സിൽ പോസ്റ്റ് ചെയ്തു. ഈ രേഖകൾ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനും എഫ്ബിഐ-യ്ക്കും കൈമാറിയിട്ടുണ്ടെന്നും ക്രിമിനൽ അന്വേഷണത്തിനായി ശുപാർശ ചെയ്തിട്ടുണ്ടെന്നും ഗബ്ബാർഡ് വ്യക്തമാക്കി. മുൻ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് ജെയിംസ് ക്ലാപ്പർ, മുൻ സിഐഎ ഡയറക്ടർ ജോൺ ബ്രെന്നൻ, മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസ് എന്നിവർ ഈ "രാജ്യദ്രോഹ" ഗൂഢാലോചനയിൽ പങ്കാളികളാണെന്നും രേഖകൾ ആരോപിക്കുന്നു
എന്നാൽ, ഒബാമയുടെ ഓഫീസ് ഈ ആരോപണങ്ങളെ "അസംബന്ധവും ശ്രദ്ധ തിരിക്കാനുള്ള ശ്രമവും" എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു. 2016-ലെ തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്നും എന്നാൽ വോട്ടുകൾ മാറ്റിയിട്ടില്ലെന്നും 2020-ലെ സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ ഒരു റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു. 2017ല്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുണ്ടായിരുന്ന ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി തയ്യാറാക്കിയതായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസും റിപ്പോർട്ട് ചെയ്യുന്നു.
ആരോപണങ്ങളെ പിന്തുണച്ച ട്രംപ് ഒബാമയെ "ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ" എന്ന് വിശേഷിപ്പിച്ചു. "തുള്‍സി കൂടുതൽ രേഖകൾ പുറത്തുവിടാൻ പോകുന്നു," എന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ വിവാദമെന്നും വിമർശകർ ആരോപിക്കുന്നു.












Click it and Unblock the Notifications