യുഎസ് ഭരണകൂടത്തില്‍ വമ്പന്‍ അഴിച്ചുപണി; സൈനിക രഹസ്യം ചോര്‍ന്നതില്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവിനെ ഒഴിവാക്കി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ ഭരണകൂടത്തില്‍ ഏറ്റവും ഉന്നത തലത്തില്‍ അഴിച്ചുപണി നടത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിന്റെ ഭാഗമായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി അലക്‌സ് വോങ്ങും സ്ഥാനം ഒഴിഞ്ഞു. മൈക്ക് വാള്‍ട്‌സ് സ്ഥാനമൊഴിയുന്ന കാര്യം ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തന്റെ സമൂഹ മാധ്യമമായ ട്രുത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വാള്‍ട്‌സിന് പകരം മാര്‍ക്കോ റുബിയോ താല്‍കാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല നിര്‍വഹിക്കും. നിലവില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റാണ് മാര്‍ക്കോ റുബിയോ.
ഐക്യരാഷ്ട്ര സംഘടനയില്‍ യുഎസ് അംബാസഡറായാണ് വാള്‍ട്‌സിന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് മൈക്ക് വാള്‍ട്‌സ് പുറത്തേക്കെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന മൈക്ക് വാള്‍ട്‌സിന്റെ ചില നടപടികള്‍ ട്രംപിന് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. അതാണ് പുറത്തേക്കുള്ള വഴി തെളിച്ചത്.

സൈനിക നീക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സിഗ്‌നല്‍ ഗ്രൂപ്പ് ചാറ്റ് വാള്‍ട്‌സ് രൂപീകരിച്ചിരുന്നു. അതില്‍ അബദ്ധത്തില്‍ ദി അറ്റ്‌ലാന്റിക് എന്ന വാരികയിലെ മാധ്യമപ്രവര്‍ത്തകന്‍ ജെഫ്രി ഗോള്‍ഡ്ബര്‍ഗിനെ ചേര്‍ത്തു. യെമനിലെ ഹൂതികള്‍ക്കെതിരേയുള്ള സൈനിക നടപടികള്‍ ആസൂത്രണം ചെയ്യുന്ന ഗ്രൂപ്പാണിത്. സൈനിക നടപടികള്‍ സംബന്ധിച്ച് മുതിര്‍ന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണങ്ങള്‍ മാധ്യമപ്രവര്‍ത്തകന് ചോര്‍ന്നത് വൈറ്റ് ഹൗസില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഗോള്‍ഡ്ബര്‍ഗിന് ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ ദി അറ്റ്‌ലാന്റിക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്, രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് അബദ്ധത്തില്‍ 'അറ്റ്ലാന്റിക്' പത്രാധിപര്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് കൂടി കടന്നുകൂടിയത്. ഗ്രൂപ്പില്‍ക്കൂടി ലഭിച്ച വിവരങ്ങള്‍ 'അറ്റ്ലാന്റിക്' കൈയോടെ എക്‌സ്‌ക്ലൂസീവായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
അതീവ സൈനിക രഹസ്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പിലേക്ക് ഗോള്‍ഡ്ബര്‍ഗിനെ ചേര്‍ത്തതില്‍ വാള്‍ട്‌സ് പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഏറ്റവും ഉയര്‍ന്ന പദവിയില്‍ നിന്ന് ഒഴിയുന്നത്. ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ ദി അറ്റ്‌ലാന്റിക് പ്രസിദ്ധീകരിച്ചതിന് ശേഷം വാള്‍ട്‌സിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും ട്രംപ് അദ്ദേഹത്തെ ആദ്യം പിന്തുണച്ചു. വാള്‍ട്‌സ് ഒരു പാഠം പഠിച്ചെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നുമാണ് ട്രംപ് പറഞ്ഞത്.
ട്രംപ് തന്റെ ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് ആദ്യത്തെ സംഭവമല്ല. തന്റെ ആദ്യ ടേമില്‍ നിരവധി ഉദ്യോഗസ്ഥരെ അദ്ദേഹം പുറത്താക്കിയിട്ടുണ്ട്. അമേരിക്കയില്‍ രണ്ടാം വട്ടം അധികാരത്തിലെത്തിയ ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ആദ്യത്തെ വ്യക്തിയായി വാള്‍ട്‌സ് മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications