'ലോകത്തിൽ ഏറ്റവുമധികം തീരുവ ഈടാക്കുന്നത് ഇന്ത്യ, അവർ യുഎസിനെ നശിപ്പിക്കുന്നു'; വീണ്ടും ട്രംപ്
ന്യൂയോർക്ക്: ഇന്ത്യയെ വീണ്ടും വ്യാപാര വിഷയത്തിൽ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയാണ് ലോകത്ത് ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ കർശന നിലപാടാണ് തീരുവ പൂർണമായി ഒഴിവാക്കാമെന്ന വാഗ്‌ദാനം ഇന്ത്യയെക്കൊണ്ട് പറയിപ്പിച്ചതെന്നും ട്രംപ് ആവർത്തിച്ചു. നേരത്തെയും ഇന്ത്യയുടെ വാഗ്‌ദാനത്തെ കുറിച്ച് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇത്.
ചൈനയെയും ബ്രസീലിനെയും പോലെ ഇന്ത്യയും തീരുവകളിലൂടെ യുഎസിനെ നശിപ്പിക്കുകയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. 'ചൈന തീരുവകളിലൂടെ നമ്മളെ നശിപ്പിക്കുന്നു, ഇന്ത്യ നമ്മളെ തീരുവകളിലൂടെ നശിപ്പിക്കുന്നു, ബ്രസീൽ നമ്മളെ തീരുവകളിലൂടെ നശിപ്പിക്കുന്നു' ട്രംപ് 'ദി സ്കോട്ട് ജെനിംഗ്‌സ് റേഡിയോ ഷോയിൽ പറഞ്ഞു.

തീരുവകളെക്കുറിച്ച് തനിക്കാണ് ലോകത്ത് മറ്റാരേക്കാളും നന്നായി അറിയുന്നതെന്നും ട്രംപ് അവകാശപ്പെടുകയുണ്ടായി. തന്റെ രാജ്യം ഏർപ്പെടുത്തിയ തീരുവയെ ട്രംപ് വീണ്ടും ന്യായീകരിച്ചു.
തീരുവ ഇല്ലായിരുന്നെങ്കിൽ, ഇന്ത്യ ഒരിക്കലും ആ വാഗ്‌ദാനം ചെയ്യില്ലായിരുന്നു. അതുകൊണ്ട് തീരുവകൾ ആവശ്യമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
മാത്രമല്ല തീരുവകൾ യുഎസിന് വലിയ വിലപേശൽ ശക്തി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തങ്ങൾക്ക് വൻതോതിൽ സാധനങ്ങൾ വിൽക്കുമ്പോൾ, തങ്ങൾ ഇന്ത്യക്ക് വളരെ കുറച്ച് മാത്രമേ വിൽക്കുന്നുള്ളൂ എന്ന് നേരത്തെ ട്രംപ് പരാതി ഉന്നയിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരം തികച്ചും ഏകപക്ഷീയമായ ദുരന്തമാണെന്നും അടുത്തിടെ ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.
അതിനിടെ വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. യുഎസുമായുള്ള ചർച്ചകൾ തുടരുകയാണെന്നും, നവംബറോടെ ഒരു ഉഭയകക്ഷി വ്യാപാര കരാർ ഉണ്ടാകുമെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടുത്തിടെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള കരാർ ചർച്ചകളിൽ ചെറിയ രാഷ്ട്രീയ പ്രശ്‌നങ്ങൾ വിലങ്ങുതടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ട്രംപ് ഇപ്പോൾ പറഞ്ഞ വിലപേശൽ ശക്തി എന്ന നിലയിലാണ് തീരുവയെ യുഎസ് കാണുന്നത് എന്നത് ഏറെക്കുറെ വ്യക്തമാണ്. എന്തെന്നാൽ നേരത്തെ യുക്രൈൻ-റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ തീരുവ സമ്മർദ്ദ വിഷയമാക്കി മാറ്റാൻ യുഎസ് പ്രസിഡന്റ് ശ്രമിച്ചിരുന്നു. അതിനാലാണ് റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ഈടാക്കാൻ യുഎസ് തീരുമാനിച്ചത്. എന്നാൽ ഈ ശ്രമം പാഴായി എന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്.
ഇന്ത്യയാവട്ടെ റഷ്യയുമായി കൂടുതൽ വ്യാപാര ബന്ധങ്ങൾക്ക് മുതിരുകയും മോദി പുടിനുമായി കൂടിക്കാഴ്‌ച നടത്തുകയുമാണ് ചെയ്‌തത്. ഷാങ്ഹായ് കോർപ്പറേഷൻ യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ ഏഴ് വർഷത്തിന് ശേഷം കാലുകുത്തിയതും ലോക രാഷ്ട്രീയ സമവാക്യങ്ങൾ അപ്പാടെ മാറ്റി മറിക്കുന്ന നിലപാടായിരുന്നു.
ഇതോടെയാണ് ഇന്ത്യയെ കടന്നാക്രമിക്കാൻ ട്രംപ് മുതിരുന്നത്. പലപ്പോഴായി ഇന്ത്യയുടെ തീരുവ വിഷയത്തിൽ സ്വന്തം ഭാഗം വെള്ളപൂശാൻ ട്രംപ് ശ്രമിക്കുമ്പോഴും പല പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും ഈ നീക്കത്തെ തുറന്ന് എതിർക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഒരുഘട്ടത്തിൽ യുഎസ് കോടതി വരെ ട്രംപിന്റെ തീരുവ നയത്തെ വിമർശിച്ചിരുന്നു.
എന്നിട്ടും അതിൽ നിന്ന് പിന്മാറാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല, എന്ന് മാത്രമല്ല തീരുവ നയം മാറ്റിയാൽ രാജ്യം നശിക്കുമെന്നാണ് പ്രസിഡന്റ് പറയുന്നത്. യുക്രൈൻ-റഷ്യ യുദ്ധത്തിന് അറുതി വരാതിരിക്കുകയും ഇന്ത്യയും ചൈനയും റഷ്യയും ഒരുമിച്ച് നിന്നുകൊണ്ട് എസ്‌സിഒ കൂട്ടായ്‌മ പ്രബലമാവുകയും ചെയ്യുന്നത് ട്രംപിനെ അലോസരപ്പെടുത്തുന്നുണ്ട്. കൂടാതെ ബ്രിക്‌സ് ശക്തിപ്രാപിക്കുമെന്ന ഭയവും യുഎസ് പ്രസിഡന്റിനെ അലട്ടുന്നു.












Click it and Unblock the Notifications