അരിസോണയിലും ഡൊണാൾഡ് ട്രംപ്; ആകെ 312 വോട്ടുകൾ; തകർന്നടിഞ്ഞ് കമല ഹാരിസ്
അമേരിക്കൻ തിരഞ്ഞെടുപ്പ് തൂത്തുവാരി റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ഏറ്റവും ഒടുവിൽ സ്വിങ്ങ് സ്റ്റേറ്റുകളിൽ ഒന്നായ അരിസോണയിലെ ഫലം കൂടി വന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അന്തിമ ചിത്രം തെളിഞ്ഞു. അരിസേണയിലും കൂറ്റൻ വിജയമാണ് ട്രംപ് നേടിയത്. 11 ഇലക്ടറർ വോട്ടുകളുള്ള അരിസോണയിലെ ജയത്തോടെ ട്രംപിന് ലഭിച്ച ആകെ ഇലക്ടറൽ വോട്ടുകൾ 312 ആയി. അതേസമയം കമല ഹാരിസിന് നേടാനായത് 226 വോട്ടുകളാണ്.
പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ തുടങ്ങിയ സ്വിങ്ങ് സ്റ്റേറ്റുകളിലെ മുന്നേറ്റമാണ് ട്രംപിന്റെ വിജയത്തിൽ നിർണായകമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളെ പിന്തുണച്ചിരുന്ന നഗരമായ അരിസോണയാണ് ഏറ്റവും ഒടുവിൽ ട്രംപിനൊപ്പം നിന്നിരിക്കുന്നത്. 2020 ൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു ജോ ബൈഡൻ ഇവിടെ നിന്ന് വിജയിച്ചത്. അതിന് മുൻപ് 1996 ൽ ബിൽ ക്ലിന്റനാണ് അരിസോണിയിൽ വിജയിച്ച ഡെമോക്രാറ്റ്.

അതിർത്തി സുരക്ഷ, കുടിയേറ്റം, അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയ വിഷയങ്ങളായിരുന്നു അരിസോണയിൽ ട്രംപ് പ്രധാനമായും ചർച്ചയാക്കിയത്. 2023 ൽ ഏറ്റവും കൂടുതൽ കുടിയേറ്റം നടന്ന സംസ്ഥാനം കൂടിയാണ് അരിസോണ. അനധികൃത കുടിയേറ്റം വർധിച്ചതിന് പിന്നിൽ ബൈഡൻ ഭരണകുടമാണെന്നും താൻ അധികാരത്തിലേറിയാൽ കൂട്ടനാടുകടത്തൽ നടത്തുമെന്നുമായിരുന്നു ട്രംപിന്റെ വാഗ്ദാനം. 10,000ത്തോളം അധിക ബോർഡർ ഏജന്റുമാരെ നിയോഗിക്കുമെന്നും ട്രംപ് ഉറപ്പുനൽകി. അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ സൈനിക ബജറ്റ് അനുവദിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതെല്ലാം തന്നെ ട്രംപിന് വോട്ട് വീഴാൻ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജോർജിയ, മിഷിഗൺ, നെവാഡ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവയാണ് ഈ വർഷം ട്രംപ് മേൽക്കൈ നേടിയ മറ്റ് സ്വിങ് സ്റ്റേറ്റുകൾ. ശനിയാഴ്ചയാണ് നെവാഡയിലും ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. 6 ഇലക്ടറൽ വോട്ടുകളാണ് ഇവിടെയുള്ളത്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമല ഹാരിസിനെക്കാൾ 46,000 വോട്ടുകളാണ് ഡൊണാൾഡ് ട്രംപ് ഇവിടെ അധികമായി നേടിയത്.
തിരഞ്ഞെടുപ്പിൽ തുടക്കത്തിൽ കമല ഹാരിസും ഡൊണാൾഡ ്ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പ്രവചിക്കപ്പെട്ടതെങ്കിലും വോട്ടെണ്ണൽ തുടങ്ങി ആദ്യ ഘട്ടത്തിൽ തന്നെ കമലയ്ക്കെതിരെ വലിയ മുന്നേറ്റം നടത്താൻ ട്രംപിന് സാധിച്ചിരുന്നു. വിസ്കോണിലെ വിജയത്തോടെയായിരുന്നു 270 എന്ന മാന്ത്രിക സംഖ്യ ട്രംപ് തൊട്ടത്.












Click it and Unblock the Notifications