മോസ്കോയിൽ ഡ്രോണ്‍ ആക്രമണം; 4 വിമാനത്താവളങ്ങൾ അടച്ചു
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഡ്രോണ്‍ ആക്രമണം. തുടർന്ന് മോസ്കോയിലെ നാല് വിമാനത്താവളങ്ങളും മുൻകരുതലെന്ന നിലയിൽ അടച്ചതായി റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ആർടി റിപ്പോർട്ട് ചെയ്തു. അതേസമയം മോസ്കോ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ വെടിവെച്ചിട്ടതായി മേയർ സെർഗെയ് സോബ്യാൻ പറഞ്ഞു. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷെരെമേറ്റീവോ, ഡൊമോഡെഡോവോ, വ്നുകോവോ, ഷുകോവ്സ്കി എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളാണിവ. മോസ്കോ ലക്ഷ്യമാക്കി വന്ന ഒരു ഡ്രോൺ കൂടി തകർത്തതായി മേയർ സെർജി സോബിയാനിൻ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. ഇതോടെ തകർത്ത ഡ്രോണുകളുടെ എണ്ണം 11 ആയെന്നും വൈകുന്നേരം നാല് മണിയോടെയുള്ള പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. റഷ്യയിലെ ഉഡ്മൂർത്തിയ മേഖലയിലെ ബാലിസ്റ്റിക് മിസൈൽ നിർമ്മാണ കേന്ദ്രം യുക്രൈൻ ആക്രമിച്ചതിന് ശേഷമാണ് മോസ്കോയിലെ ഡ്രോൺ ആക്രമണം നടന്നത്. എന്നാൽ മോസ്കോയിലെ ആക്രമണത്തിൽ യുക്രെയ്നിന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

അതേസമയം യുക്രൈനെതിരെ കഴിഞ്ഞ ദിവസവും റഷ്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായി. അർദ്ധരാത്രിയിൽ ഉണ്ടായ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 297 ഡ്രോണുകളും 50 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായതെന്ന് യുക്രൈൻ പറഞ്ഞു. ഇവയിൽ 274 ഡ്രോണുകളും 33 മിസൈലുകളും വെടിവെച്ചിട്ടതായും ശേഷിച്ചവയിൽ 14 മിസൈലുകളും 23 ഡ്രോണുകളും 14 സ്ഥലങ്ങളിൽ പതിച്ചതായും യുക്രൈൻ പറഞ്ഞു..












Click it and Unblock the Notifications