ട്രംപിനോട് ഇടഞ്ഞ് മസ്ക്? താരിഫ് പ്രഖ്യാപനങ്ങളില്‍ അതൃപ്തി; നേരിട്ട് അറിയിച്ച് ടെസ്ല മേധാവി
ന്യൂയോർക്ക്: ലോകമെമ്പാടും കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിക്കൊണ്ടിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ പിന്‍വലിക്കാന്‍ എലോൺ മസ്‌ക് വ്യക്തിപരമായി അഭ്യർത്ഥിച്ചതായി റിപ്പോർട്ട്.ചൈനീസ് ഇറക്കുമതികള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവയാണ് തർക്കത്തിന് ഇടയാക്കിയതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ട്രംപ്പ്രഖ്യാപിച്ച 34 ശതമാനം തീരുവയ്ക്ക് പുറമേ ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 50 ശതമാനം അധിക തീരുവ കൂടി ചേര്‍ക്കുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിഷയം പ്രസിഡന്‍റിനെ ബോധ്യപ്പെടുത്താന്‍ മസ്ക് നേരിട്ട് സ്വകാര്യ ചര്‍ച്ചകള്‍ പോലും നടത്തി. എന്നാല്‍ അത് വിജയിച്ചില്ലെന്നുമാണ് റിപ്പോർട്ട്. ട്രംപിന്റെ പുതിയ മുന്നറിയിപ്പ് വന്നതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിലൂടെ തന്റെ എതിർപ്പ് മസ്ക് പ്രകടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം പ്രസിഡന്റിനെ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്.

അന്താരാഷ്ട്ര വ്യാപാര സഹകരണം സമ്പദ്‌വ്യവസ്ഥയ്ക്ക് എങ്ങനെ നല്ലതാണെന്ന് അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടൺ ഫ്രീഡ്‌മാൻ വിശദീകരിക്കുന്ന ഒരു വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരിഫ് സംബന്ധിച്ച ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളോടുള്ള തന്റെ വിയോജിപ്പ് മസ്‌ക് വ്യക്തമാക്കുന്നത്. ഒരു പെൻസിലിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉറവിടങ്ങൾ എവിടെ നിന്നൊക്കെ വരുന്നുവെന്ന് വിശദീകരിച്ചുകൊണ്ടാണ് ആഗോള സഹകരണത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ഫ്രീഡ്‌മാൻ പറയുന്നത്.
ട്രംപിന്റെ താരിഫുകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, ഇറ്റലിയുടെ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയോട്, അമേരിക്കയ്ക്കും യൂറോപ്പിനും ഇടയിൽ ഒരു "സീറോ താരിഫ് സാഹചര്യം" ആഗ്രഹിക്കുന്നുവെന്നും മസ്‌ക് പറഞ്ഞിരുന്നു. "എന്റെ കാഴ്ചപ്പാടിൽ, യൂറോപ്പും അമേരിക്കയും ഒരു സീറോ താരിഫ് സാഹചര്യത്തിലേക്ക് നീങ്ങണമെന്ന് സമ്മതിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തീർച്ചയായും പ്രസിഡന്റിനുള്ള എന്റെ ഉപദേശം അതായിരുന്നു," അദ്ദേഹം പറഞ്ഞു.
സ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയ മസ്‌ക് വളരെക്കാലമായി താരിഫുകളെ എതിർക്കുന്ന വ്യക്തി കൂടിയാണ്. പ്രത്യേകിച്ച് അമേരിക്കയെയും ചൈനയെയും പ്രധാന നിർമ്മാണ, ഉപഭോക്തൃ കേന്ദ്രങ്ങളായി കാണുന്ന തന്റെ ഓട്ടോമൊബൈൽ പോലുള്ള ബിസിനസുകൾക്ക് അവ ദോഷകരമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ട്രംപ് പ്രസിഡന്റായ ആദ്യ കാലയളവിൽ, ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള ടെസ്‌ലയുടെ ഇറക്കുമതിയുടെ നികുതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌ക് ഒരു കേസ് ഫയൽ ചെയ്യുക വരേയുണ്ടായി.
ആഗോള വിപണിയിൽ ടെസ്‌ലയുടെ ഡിമാൻഡ് കുറയുന്നതും മസ്കിനെ സമ്മർദത്തിലാക്കുന്നുണ്ട്. ഇതിന് പ്രധാനമായും കാരണമായത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവാണ്. തിങ്കളാഴ്ചത്തെ വന്‍ ഇടിവിന് ശേഷം, ടെസ്‌ലയുടെ ഓഹരി വില 2.5 ശതമാനത്തിലധികം കുറഞ്ഞ് 233.29 ഡോളറിലാണ് ക്ലോസ് ചെയ്തു. ഈ വർഷം ഇതുവരെ, ടെസ്ലയുടെ ഓഹരിയുടെ മൂല്യത്തില്‍ 38 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications