യൂറോപ്പിനെ വിഴുങ്ങി പ്രളയജലം; മരണം നൂറ് കടന്നു, ആയിരങ്ങളെ കാണാനില്ല, പതിറ്റാണ്ടിലാദ്യം
ബെര്‍ലിന്‍: പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് പടിഞ്ഞാറന്‍ യൂറോപ്പില്‍ ഇത്രയും രൂക്ഷമായ പ്രളയമുണ്ടാകുന്നത്. 120ലധികം പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലെ വിവരം. ആയിരങ്ങളെ കാണാതായിട്ടുണ്ട്. പതിനായിരങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ശക്തമായ മഴയാണ് യൂറോപ്പില്‍. ഇതുകാരണം നദികളെല്ലാം കരകവിഞ്ഞു. ജര്‍മനിയില്‍ മാത്രം 100ലധികം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലമാണിതെന്ന് ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ പറയുന്നു.
Recommended Video
ബെല്‍ജിയത്തില്‍ 20 ലധികം പേര്‍ മരിച്ചു. നെതര്‍ലാന്റ്‌സ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ട്. അപ്രതീക്ഷിത പ്രളയത്തിന് പല കാരണങ്ങള്‍ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിച്ചതാണ് കനത്ത മഴയ്ക്ക് ഇടയാക്കിയതെന്ന് മിക്ക നിരീക്ഷകരും വിലയിരുത്തുന്നു. വ്യാവസായവല്‍ക്കരത്തിന് ശേഷം ലോകത്ത് അന്തരീക്ഷ ഊഷ്മാവില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന്റെ പരിണിത ഫലമാണ് അപ്രതീക്ഷിതമായുണ്ടായ പ്രളയമെന്ന് നിരീക്ഷിക്കപ്പെടുന്നു.

അതേസമയം, അമേരിക്കയിലെയും കാനഡയിലെയും ചില മേഖലകളില്‍ കടുത്ത ചുടാണ് അനുഭവപ്പെടുന്നത്. ഈ മാസം 20ന് ബെല്‍ജിയം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ജര്‍മനിയില്‍ 15000 സൈനികരെയാണ് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി വിന്യസിച്ചിരിക്കുന്നത്. ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. വെസ്റ്റേണ്‍ ജര്‍മനിയിലെ ചില ജില്ലകളില്‍ ആയിരത്തിലധികം പേരെ കാണാതിയിട്ടുണ്ട്.
ബെല്‍ജിയത്തില്‍ കാറും മറ്റു വാഹനങ്ങളും പ്രളയജലത്തില്‍ ഒളിച്ചുപോയി. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ചിലയിടങ്ങളില്‍ കവര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു. പല പ്രദേശങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. നെതര്‍ലാന്റ്‌സില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ, പ്രളയ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ഒഴിഞ്ഞ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications