'മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യം', ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ബംഗ്ലാദേശിലെ അന്താരാഷ്ട്ര ട്രിബ്യൂണല്‍ ആണ് മുന്‍ പ്രധാനമന്ത്രിക്ക് തൂക്കുകയര്‍ വിധിച്ചിരിക്കുന്നത്. മനുഷ്യരാശിക്ക് എതിരായുളള കുറ്റകൃത്യങ്ങള്‍ ഷെയ്ഖ് ഹസീനയ്ക്ക് എതിരെ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചുവെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.
ഒരു മാസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി ഷെയ്ഖ് ഹസീനയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് ഷെയ്ഖ് ഹസീനയ്ക്ക് മേല്‍ ചുമത്തിയിരുന്നത്. അക്രമത്തിന് പ്രേരിപ്പിക്കുക, പ്രക്ഷോഭകാരികളെ കൊല്ലാന്‍ ഉത്തരവിടുക, വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ പരാജയം എന്നിവയാണവ.
ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.ഈ പ്രക്ഷോഭ സമരത്തിന് പിന്നാലെ 2024 ഓഗസ്റ്റ് 5ന് ഷെയ്ഖ് ഹസീന നയിച്ചിരുന്ന അവാമി ലീഗ് സര്‍ക്കാര്‍ നിലംപതിച്ചു. അതിന് ശേഷം ഡല്‍ഹിയില്‍ അഭയം തേടിയിരിക്കുകയാണ് ഷെയ്ഖ് ഹസീന.

മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രി അസദുസ്സമാന്‍ ഖാനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. അതേസമയം മൂന്നാം പ്രതിയായിരുന്ന മുന്‍ പോലീസ് തലവന്‍ ചൗധുരി അബ്ദുളള അല്‍ മാമുന്‍, ഷെയ്ഖ് ഹസീനയ്ക്ക് എതിരെ മാപ്പ് സാക്ഷിയാവുകയും കുറ്റസമ്മതം നടത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ 5 വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു.
ജസ്റ്റിസ് മുഹമ്മദ് ഗുലാം മൊര്‍തൂസ മജുംദേര്‍ അധ്യക്ഷനായ മൂന്നംഗ ട്രിബ്യൂണലാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. ഷെയ്ഖ് ഹസീനയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചില കാര്യങ്ങൾ ട്രൈബ്യൂണൽ വിധിയിൽ എടുത്തു കാണിച്ചിട്ടുണ്ട്. ഹസീനയുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് നിരായുധരായ വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരായ ആക്രമണങ്ങൾക്ക് പ്രേരണയായതെന്ന് ട്രൈബ്യൂണൽ ആരോപിച്ചു. പ്രതിഷേധക്കാരെ ഉന്മൂലനം ചെയ്യാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും അടക്കം വിന്യസിക്കാൻ അവർ നേരിട്ട് ഉത്തരവിട്ടതായും കോടതി കണ്ടെത്തി.
വിദ്യാർത്ഥികളെ കേൾക്കുന്നതിനു പകരം ഹസീന സർക്കാർ പ്രക്ഷോഭത്തെ അടിച്ചമർത്തുകയും അവരെ 'റസാക്കറുകൾ' എന്ന് വിളിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. ബംഗ്ലാദേശിൽ ഉപയോഗിക്കുന്ന ഒരു നിന്ദ്യമായ പദമാണ് 'റസാക്കർ' എന്നത്. ഈ പരാമർശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലുള്ള അന്താഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധിക്കെതിരെ ഷെയ്ഖ് ഹസീനയ്ക്ക് സുപ്രീം കോടതിയിൽ അപ്പീൽ പോകാവുന്നതാണ്. മുൻ പ്രധാനമന്ത്രിക്ക് കോടതി വധശിക്ഷ പ്രഖ്യാപിച്ചത് കോടതി മുറിയിൽ ആളുകൾ കൈയടികളോടെയാണ് സ്വീകരിച്ചത്. കോടതി വിധിക്ക് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പിരിച്ച് വിടപ്പെട്ട അവാമി ലീഗ് പാർട്ടി രണ്ട് ദിവസത്തെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications