ഗള്‍ഫ് നേതാക്കള്‍ ഇസ്രായേലിനെതിരെ; കടുപ്പിച്ച് ഇറാന്‍... പ്രതിഷേധത്തിനിടെ ബൈഡന്‍ ഇസ്രായേലില്‍
ദുബായ്: ഗാസയിലെ ആശുപത്രിയില്‍ മിസൈല്‍ ആക്രമണത്തില്‍ 500ലധികം രോഗികള്‍ കൊല്ലപ്പെട്ടതോടെ ഇസ്രായേലിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. അറബ് രാജ്യങ്ങളിലെങ്ങും വലിയ പ്രതിഷേധമാണ് നടക്കുന്നത്. അടിയന്തരമായി ഐക്യരാഷ്ട്രസഭാ രക്ഷാസമിതി യോഗം വിളിച്ച് ഗാസ വിഷയം ചര്‍ച്ച ചെയ്യണമെന്ന് യുഎഇയും റഷ്യയും ആവശ്യപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പശ്ചിമേഷ്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുമ്പാണ് ഗാസയില്‍ ആശുപത്രി ആക്രമിക്കപ്പെട്ടത്. ഇസ്രായേല്‍ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പലസ്തീന്‍ നേതാക്കള്‍ പറഞ്ഞു. അതേസമയം, ഇസ്ലാമിക് ജിഹാദിന്റെ മിസൈല്‍ ദിശതെറ്റി ആശുപത്രിയില്‍ പതിച്ചതാണെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഇക്കാര്യം ഇസ്ലാമിക് ജിഹാദ് നിഷേധിക്കുകയും ചെയ്തു.

ഹമാസ് നടത്തിയ ആദ്യ ആക്രമണത്തില്‍ ലോകത്തെ പല രാജ്യങ്ങളും നേതാക്കളും ഇസ്രായേലിനൊപ്പം നിന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ബോംബിട്ട് 500 രോഗികളെ കൊലപ്പെടുത്തിയത് ഇസ്രായേലിനെതിരായ വികാരം ശക്തമാക്കിയിരിക്കുകയാണ്. എപ്പോഴും ഇസ്രായേലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്ന അമേരിക്കയും യൂറോപ്യന്‍ യൂണിയനും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ യോഗം ചേര്‍ന്ന് ഐക്യതീരുമാനമുണ്ടാകുമെന്നാണ് വിവരം.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രായേല്‍ സന്ദര്‍ശിക്കും. ടെല്‍ അവീവില്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി അദ്ദേഹം ചര്‍ച്ച നടത്തും. ശേഷം അമ്മാനിലെത്തി ജോര്‍ദാന്‍, ഈജിപ്ത് നേതാക്കളുമായി ചര്‍ച്ച തീരുമാനിച്ചിരുന്നു എങ്കിലും ജോര്‍ദാന്‍ പിന്‍മാറി. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ കൈ ശുദ്ധമാണെന്ന് വാദമുണ്ടെങ്കില്‍ ഇസ്രായേല്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിടണമെന്ന് റഷ്യ അഭിപ്രായപ്പെട്ടു.
അതേസമയം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം ഏത് സമയവും മാറിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. മിക്ക രാജ്യങ്ങളിലും ഇസ്രായേലിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്. അമേരിക്കയിലെ തങ്ങളുടെ പൗരന്മാര്‍ക്ക് കുവൈത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടമുള്ള സ്ഥലത്തേക്ക് പോകരുതെന്ന് കുവൈത്ത് പൗരന്മാരോട് അഭ്യര്‍ഥിച്ചു.
ഇസ്രായേല്‍ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. അന്താരാഷ്ട്ര സമൂഹം ഇരട്ട നിലപാട് ഒഴിവാക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. രക്ഷാസമിതി വിളിച്ചുചേര്‍ക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ലബ്‌നാനിലെയും ഇറാഖിലെയും വിദേശ എംബസികള്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ഇറാഖില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായി എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ യോഗം ഇന്ന് ചേരുന്നുണ്ട്. സമയമായിരിക്കുന്നു എന്ന് സിറിയയിലെ ഇറാന്‍ എംബസി ട്വീറ്റ് ചെയ്തു. ഇസ്രായേല്‍ ആക്രമണത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും തുര്‍ക്കിയിലും ഇസ്രായേലിനെതിരെ പ്രതിഷേധം നടക്കുകയാണ്.












Click it and Unblock the Notifications