നിങ്ങളുടെ സ്വർണ്ണം വേണ്ടെന്ന് സൗദി അറേബ്യ: ഒടുവില്‍ മറ്റ് വഴികള്‍ തേടി പാകിസ്ഥാന്‍; കോടികള്‍ വരും
6 ബില്യൺ ഡോളറിന്റെ വായ്പാ വാഗ്ദാനങ്ങൾ നേടി പാകിസ്ഥാനിലെ റെക്കോ ഡിക് ചെമ്പ്-സ്വർണ ഖനി പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഖനികളിലൊന്നായി മാറാൻ സാധ്യതയുള്ള ഖനിയില്‍ സൗദി അറേബ്യൻ നിക്ഷേപകർ വലിയ തോതിലുള്ള നിക്ഷേപം നടത്താമെന്ന് വാഗ്ധാനം ചെയ്തിരുന്നു. എന്നാല്‍ അവർ പിന്മാറിയതിനെ തുടർന്ന് കനേഡിയൻ ഖനന കമ്പനിയായ ബാരിക്ക് ഗോൾഡ് കോർപ്പറേഷൻ അമേരിക്കയിലെയും മറ്റ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പകൾ തേടുകയായിരുന്നു.
പാകിസ്ഥാന്റെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചാഗായ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന റെക്കോ ഡിക് പദ്ധതി ബാരിക്ക് ഗോൾഡ് (50%), പാകിസ്ഥാൻ സർക്കാർ (25%), ബലൂചിസ്ഥാൻ സർക്കാർ (25%) എന്നിവരുടെ സംയുക്ത സംരംഭത്തിലാണ് പ്രവർത്തിക്കുന്നത്. വർഷംതോറും 200,000 ടൺ ചെമ്പും 250,000 ഔൺസ് സ്വർണവും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ ഖനി 40 വർഷത്തിലേറെ പ്രവർത്തന കാലാവധി പ്രതീക്ഷിക്കുന്നു. പദ്ധതി പ്രവാർത്തികമാകുന്നതോടെ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, വിദേശനാണ്യ വരുമാനം വർധിപ്പിക്കുകയും, ബലൂചിസ്ഥാനിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

8 ബില്യൺ ഡോളർ മൂല്യമുള്ള ഈ പദ്ധതിയിൽ നിന്ന് സൗദി നിക്ഷേപകൻ പിന്മാറിയത് ധനസഹായത്തിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, ബാരിക്ക് ഗോൾഡ് അമേരിക്കയിലെയും മറ്റ് ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 6 ബില്യൺ ഡോളറിന്റെ വായ്പാ വാഗ്ദാനങ്ങൾ ഉറപ്പാക്കിയതോടെ പ്രവർത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു. ബാക്കി തുക സമാഹരിക്കുന്നതിനുള്ള ചർച്ചകളും തുടർന്ന് വരികയാണ്.
"ഈ വായ്പാ വാഗ്ദാനങ്ങൾ റെക്കോ ഡിക് പദ്ധതിയുടെ സാധ്യതകളിൽ നിക്ഷേപകർക്കുള്ള വിശ്വാസം പ്രകടമാക്കുന്നു, പാകിസ്ഥാനിലെ പങ്കാളികളുടെയും ഓഹരി ഉടമകളുടെയും പിന്തുണയോടെ ഈ ലോകോത്തര പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." ബാരിക്ക് ഗോൾഡിന്റെ വക്താവ് പറഞ്ഞു.
റെക്കോ ഡിക് പാകിസ്ഥാന്റെ ഖനന മേഖലയെ ശക്തിപ്പെടുത്തുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള ഒരു നാഴികക്കല്ലാണ്. ബലൂചിസ്ഥാനിലെ ഏറ്റവും വികസനം കുറഞ്ഞ പ്രദേശങ്ങളിലൊന്നിൽ 10,000-ത്തിലേറെ നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രതീക്ഷ. പ്രാദേശിക തൊഴിലാളികൾക്ക് പരിശീലനം നൽകാനും, വിദ്യാഭ്യാസ-ആരോഗ്യ പദ്ധതികൾ നടപ്പാക്കാനും ബാരിക്ക് പദ്ധതിയിടുന്നു.
2028-ൽ പ്രാഥമിക ഉൽപ്പാദനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ, 2026-ഓടെ പ്രധാന അടിസ്ഥാന സൗകര്യ നിർമാണം പൂർത്തിയാക്കാനാനാണ് ബാരിക്ക് ലക്ഷ്യമിടുന്നത്. ബാക്കി 2 ബില്യൺ ഡോളർ ധനസഹായം ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നു. ഖനന പ്രവർത്തനങ്ങൾക്ക് മുമ്പ്, റോഡുകൾ, വൈദ്യുതി, ജലസംരക്ഷണ സൗകര്യങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ പദ്ധതിയെ "ബലൂചിസ്ഥാനിന്റെയും പാകിസ്ഥാന്റെയും സാമ്പത്തിക പുരോഗതിക്ക് ഒരു ഗെയിം ചേഞ്ചർ" എന്നാകും വിശേഷിപ്പിച്ചത്. "ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിച്ച്, പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ബാരിക്കുമായി ഞങ്ങൾ സഹകരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ചെമ്പിന്റെ ആഗോള ഡിമാൻഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ, വിതരണ പരിമിതികൾ മൂലം വില ഉയർന്നു നിൽക്കുന്നു. റിന്യൂവബിൾ എനർജി, ഇലക്ട്രിക് വാഹനങ്ങൾ, ടെലികോം എന്നിവയ്ക്ക് ചെമ്പ് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ റെക്കോ ഡിക് പദ്ധതി പാകിസ്ഥാനെ ഈ ആഗോള വിപണിയിൽ ഒരു പ്രധാന കളിക്കാരനാക്കും. ബാരിക്ക് ഗോൾഡിന്റെ ആഗോള പോർട്ട്‌ഫോളിയോയിൽ, കാനഡ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അർജന്റീന എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെ പൂർത്തീകരിക്കുന്ന ഒരു പ്രധാന പദ്ധതിയായി റെക്കോ ഡിക് മാറും.
ബലൂചിസ്ഥാനിലെ പ്രാദേശിക സമൂഹത്തിന് വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ പരിശീലനം എന്നിവയിലും ബാരിക്ക് നിക്ഷേപം നടത്തും. പ്രാദേശിക യുവാക്കൾക്ക് ഖനന മേഖലയിൽ ജോലി ചെയ്യാൻ പരിശീലനം നൽകുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇത് പ്രദേശത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തിന് കാരണമാകും.












Click it and Unblock the Notifications