സ്വര്‍ണം കുഴിക്കാന്‍ സൗദി അറേബ്യ; ലക്ഷ്യം നേടാന്‍ പാകിസ്താന്‍... ബലൂചിസ്താന്‍ ഗള്‍ഫ് ആകും
റിയാദ്: പാകിസ്താനിലെ ബലൂചിസ്താനിലുള്ള ചഗായ് ജില്ലയിലെ ചെറിയ നഗരമാണ്് റെക്കോ ദിഖ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവും ചെമ്പും ഇവിടെയുള്ള ഭൂമിക്കടിയിലുണ്ട് എന്നാണ് കണ്ടെത്തല്‍. പ്രമുഖ കനേഡിയന്‍ സ്വര്‍ണ ഖനന കമ്പനിയായ ബാരിക് ഗോള്‍ഡിനാണ് ഈ ഖനിയുടെ പകുതി ഓഹരിയും. ബാക്കിയാണ് പാകിസ്താന്‍-ബലൂചിസ്താന്‍ സര്‍ക്കാരുകളുടെ കൈവശം.
കോടികളുടെ സ്വര്‍ണവും ചെമ്പും ഇവിടെയുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ കാരണം ഖനനം സമ്പൂര്‍ണ വിജയമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന് റെക്കോ ദിഖിലെ സ്വര്‍ണം മാത്രം വിറ്റാല്‍ വലിയ ശക്തിയാകാം. പക്ഷേ, ആദ്യം മുതല്‍ മുടക്കാന്‍ ആള് വേണം. ഈ ഘട്ടത്തിലാണ് സൗദി അറേബ്യ പുതിയ തീരുമാനം എടുത്തിരിക്കുന്നത്...

സൗദി അറേബ്യയുടെ വ്യവസായ-ധാതു വിഭവ മന്ത്രിയാണ് ബാന്തര്‍ അല്‍ ഖുറായിഫ്. കഴിഞ്ഞ ദിവസം ഇദ്ദേഹമാണ് പാകിസ്താനിലേക്കുള്ള സൗദിയുടെ നോട്ടം സംബന്ധിച്ച് വിശദീകരിച്ചത്. റിയാദില്‍ നടന്ന ഒരു പരിപാടിക്കിടെ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 കോടി ഡോളര്‍ സൗദി അറേബ്യ പാകിസ്താനിലെ റെക്കോ ദിഖ് ഖനന മേഖലയില്‍ നിക്ഷേപിച്ചേക്കുമെന്നാണ് മന്ത്രി ബാന്തര്‍ പറഞ്ഞത്. ഖനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ് പ്രധാനമായും ഈ തുക ചെലവഴിക്കുക. സമ്പൂര്‍ണമായ തോതില്‍ ഖനനം ആരംഭിക്കണമെങ്കില്‍ മേഖലയിലെ അടിസ്ഥാന സൗകര്യം വിപുലീകരിക്കേണ്ടതുണ്ട്.
സൗദിയിലെ ഖനന കമ്പനിയായ മനാറ മിനറല്‍സ് ആണ് സൗദിയില്‍ നിക്ഷേപം നടത്തുക. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഖനന കമ്പനിയായ മഅദിന്റെയും സംയുക്ത സംരംഭമാണ് മനാറ മിനറല്‍സ്. ഇവര്‍ക്കാണ് പാകിസ്താനിലെ റെക്കോ ദിഖും ഖനിയില്‍ താല്‍പ്പര്യമുള്ളതത്രെ.
ഖനന മേഖലയിലെ നിക്ഷേപത്തിനൊപ്പം പാകിസ്താനെ സാമ്പത്തികമായി സഹായിക്കുക എന്ന ദൗത്യം കൂടി ഇതിലൂടെ സൗദി അറേബ്യ ഏറ്റെടുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം സഹായിക്കണമെന്ന് പാകിസ്താന്‍ നേരത്തെ സൗദി ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പല തവണ പാകിസ്താന് സൗദി അറേബ്യ സാമ്പത്തിക സഹായം അനുവദിക്കുകയും ചെയ്തിരുന്നു.
അടിസ്ഥാന സൗകര്യമില്ലാതെ മറ്റു ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കില്ലെന്ന് സൗദി മന്ത്രി ബാന്തര്‍ പറഞ്ഞു. അതുകൊണ്ടാണ് പാക് ഖനന മേഖലയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യ നിക്ഷേപം ഇറക്കുമെന്ന പ്രതീക്ഷ അടുത്തിടെ പാകിസ്താന്റെ പെട്രോളിയം മന്ത്രി മുസദ്ദിഖ് മാലിക് പങ്കുവച്ചിരുന്നു.
പാകിസ്താന്‍ സര്‍ക്കാരിന് 25 ശതമാനവും ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാരിന് 25 ശതമാനവും ഓഹരി ഉടമസ്ഥതയാണ് റെക്കോ ദിഖ് ഖനിയിലുള്ളത്. പാകിസ്താന്‍ സര്‍ക്കാരിന്റെ കൈവശമുള്ള 15 ശതമാനം ഓഹരി സൗദി അറേബ്യയ്ക്ക് വില്‍ക്കുമെന്നായിരുന്നു മുസദ്ദിഖ് മാലിക് നല്‍കിയ സൂചന. സൗദിയുടെ വരവ് മേഖലയുടെ മുഖഛായ മാറ്റും.
1975ലാണ് സൗദി അറേബ്യയുടെ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിച്ചത്. വികസ്വര രാജ്യങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വായ്പ നല്‍കുകയും സഹായം അനുവദിക്കുകയുമാണ് ഈ ഫണ്ട് ചെയ്യുന്നത്. സൗദി അറേബ്യയുടെ വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഈ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ്.












Click it and Unblock the Notifications