ഇത് ഒന്നുമല്ല, സ്വർണ വില ഇനിയും കുറഞ്ഞേക്കും: അന്താരാഷ്ട്ര രംഗത്തെ ചലനങ്ങള്‍ പറയുന്നത്
അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിൽ ഒഴികെയുള്ള ഒട്ടുമിക്ക വസ്തുക്കളുടേയും വിലയിടിവ് തുടരുന്നു. സ്വർണവില തുടർച്ചയായ മൂന്നാം ആഴ്ചയും ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ആഴ്ചയില്‍ മാത്രം 1.59% ന്റെ കുറവാണ് വിലയിലുണ്ടായിരിക്കുന്നത്. വെള്ളി വിലയാവട്ടെ യുഎസ് ഡോളറിൽ 2.30% ത്തിലധികവും ഇടിഞ്ഞു.
സ്വർണത്തിനും വെള്ളിക്കും വിലയിടിഞ്ഞപ്പോള്‍ ക്രൂഡ് ഓയില്‍ വലിയ വ്യത്യാസമില്ലാതെ തുടരുകയാണ്. വരാനിരിക്കുന്ന യോഗത്തിൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒപെക് സംഘടന ചില സൂചനകള്‍ നല്‍കിയെങ്കിലും ക്രൂഡ് ഓയിൽ വില ഇടിവില്ലാതെ നില്‍ക്കുന്നു. നേരേ മറിച്ച് അടുത്ത രണ്ടാഴ്ചത്തേക്ക് ഡിമാൻഡ് ദുർബലമാകുമെന്ന പ്രതീക്ഷയിൽ പ്രകൃതി വാതക വില കഴിഞ്ഞ ആഴ്ച ഏകദേശം 10% ഇടിഞ്ഞു.

പണപ്പെരുപ്പം തടയാൻ ഫെഡറൽ ഉദ്യോഗസ്ഥർ നടത്തിയ നീക്കം വിജയം കണ്ട് തുടങ്ങിയതിനോടൊപ്പം ഡോളർ കരുത്താർജ്ജിച്ചതുമാണ് സ്വർണ വിലയിലെ ഇടിവിന് കാരണമായിരിക്കുന്നത്. അമേരിക്കന്‍ സെൻട്രൽ ബാങ്ക് സ്വീകരിച്ചിരുന്ന കർക്കശ നിലപാടുകള്‍ അവസാനിച്ചുവെന്ന പ്രതീക്ഷകളും സ്വർണ വിലയിടിവില്‍ പ്രതിഫലിച്ചു.
ഡോളർ സൂചികയിലെ കരുത്താണ് സ്വർണത്തെ വലിയ തോതില്‍ ബാധിച്ചത്. ഉയർന്ന പലിശ നിരക്ക് ദീർഘകാലത്തേക്ക് തുടരുമെന്ന പ്രതീക്ഷയുടെ പശ്ചാത്തലത്തിൽ ഡോളർ സൂചിക തുടർച്ചയായ മൂന്നാം ആഴ്ചയും മുന്നേറി. അടുത്ത മാസം നടക്കുന്ന പോളിസി മീറ്റിംഗിൽ ഫെഡറൽ റിസർവ് ബാങ്ക് മറ്റൊരു 25 ബേസിസ് പോയിന്റ് നിരക്ക് വർദ്ധന നൽകാനുള്ള 40% സാധ്യതയിലാണ് മണി മാർക്കറ്റുകൾ ഇപ്പോൾ വില നിശ്ചയിക്കുന്നത്.
രാജ്യാന്തര വിപണിയിൽ ശുദ്ധ സ്വർണത്തിന്റെ വില ട്രോയ് ഔൺസിന് 1,941.45 ഡോളറിലേക്കാണ് ഇന്ന താഴ്ന്നത്. അതായത് 0.3 ശതമാനം നഷ്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. ഫലത്തില്‍ രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് സ്വർണ വില ഇപ്പോഴുള്ളത്. നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ വിലയിടിവ് തുടരാനാണ് സാധ്യത.

അതേസമയം, രാജ്യാന്താര വിപണിയിലെ വിലയിടിവ് ഇന്ന് സംസ്ഥാന വിപണിയില്‍ പ്രതിഫലിച്ചില്ല. സംസ്ഥാനത്ത് തുടർച്ചായ മൂന്നാം ദിവസവും സ്വർണ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. അവസാനമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവിലയില്‍ മാറ്റമുണ്ടായത്. 120 രൂപ കുറഞ്ഞ് പവന് 44520 രൂപ എന്ന നിരക്കിലായിരുന്നു അന്നത്തെ വില്‍പ്പന. ശനി,ഞായർ, തിങ്കള്‍ ദിവസങ്ങളിലും ഇത് തുടരുന്നു.
ഒരു ഇടവേളക്ക് ശേഷം 45000 ത്തിലേക്ക് തിരിച്ച് കയറിരുന്ന സ്വർണം വീണ്ടും 44000 ത്തിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ പതിമൂന്ന് ദിവസങ്ങള്‍ക്കിടയില്‍ രണ്ട് തവണ മാത്രമാണ് സ്വർണ വിലയില്‍ വർധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം ഏഴ് തവണ സ്വർണ വില ഇടിഞ്ഞു. മെയ് 17 ന് പവന് 45040 രൂപയായിരുന്ന വിലയാണ് വെള്ളിയാഴ്ച 44520 രൂപ എന്ന നിലയിലേക്ക് എത്തിയത്.
വില വർധനവ് ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയവർക്ക് വിലയിടിവ് തിരിച്ചടിയാണെങ്കിലും സാധാരണക്കാരനെ അപേക്ഷിച്ച് വലിയ ആശ്വാസമാണ് വിലക്കുറവ് വാർത്തകള്‍ നല്‍കുന്നത്. മെയ് 5-ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് ഈ മാസം ഇതുവരേയുള്ളതിലെ ഏറ്റവും ഉയർന്ന വില. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുമായിരുന്നു ഇത്.












Click it and Unblock the Notifications