പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്‌റൈനില്‍ ക്വാറന്റീനില്ല
മനാമ: ഇന്ത്യയുടെ കോവാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്‌റൈനില്‍ ക്വാറന്റീന്‍ വേണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് മറുപടിയുമായി ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ രംഗത്തെത്തിയത്.
ലോകാരോഗ്യ സംഘടനയും, ബഹ്‌റൈനും അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമല്ലെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചത്. ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്കും ഇത് ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 31 മുതല്‍ യാത്രാ മാനദണ്ഡങ്ങള്‍ ബഹിറൈന്‍ പുതുക്കിയിരുന്നു.

ഏത് രാജ്യത്തില്‍ നിന്ന് വരുന്നവര്‍ ആണെങ്കിലും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യു.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് പ്രധാന മാനദണ്ഡം. ബഹ്‌റൈനില്‍ കൊവിഡ് നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറവാണെന്നും കൊവിഡ് നിയന്ത്രണ വിധോയമായ ശേഷം ഒരുപാട് ഇളവുകള്‍ ബഹ്‌റൈന്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും ഇവര്‍ക്ക് ആവശ്യമില്ലെന്ന് ബഹറൈന്‍ ഇന്ത്യന്‍ എംബസി ട്വിറ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാസവും കോവിഡ് പ്രതിരോധത്തിനായുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്ക് ഫോഴ്‌സ് കോവിഡ് പ്രതിരോധത്തിന്റെ മാറ്റങ്ങള്‍ കൊണ്ട് വന്നിരുന്നു. വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച് ഗ്രീന്‍ ഷീല്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് രോഗിയുമായി സമ്പര്‍ക്കമുണ്ടായാലും ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ടാസ്‌ക് ഫോഴ്‌സ് പറഞ്ഞിരുന്നു. അതുവരെ 10 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ ഗ്രീന്‍ ഷീല്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ ഏഴ് ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഇവരും രോഗിയുമായി സമ്പര്‍ക്കത്തിലായതിന്റെ ഒന്നാം ദിവസവും ഏഴാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തതോടെ കോവിഡ് പ്രതിരോധ ശേഷിയില്‍ വലിയ പുരോഗതിയുണ്ടായ പശ്ചാത്തലത്തിലാണ് ടാസ്‌ക് ഫോഴ്സ് പുതിയ ഇളവുകളുമായി രംഗത്തുവന്നിരിക്കുന്നത്. പുതുക്കിയ നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ 30ന് തന്നെ നിലവില്‍ വന്നിരുന്നു. സൗദിയില്‍ ഗര്‍ഭാഷമുഖ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ നല്‍കാമെന്ന് സൗദി ഭരണകൂടവും ഉത്തരവ് നല്‍കിയിട്ടുണ്ട്. ഒന്‍പതിനും 13നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കാനാണ് രാജ്യത്തിന്റെ തീരുമാനം.

ഇന്ത്യന്‍ നിര്‍മിതമായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിറകേ അമേരിക്കയിലേക്കും യാത്രക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയിലെക്ക് പ്രവേശിക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. നവമ്പര്‍ മൂന്നിനാണ് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) യുടെ അംഗീകാരം നല്‍കിയത്. 18 വയസിന് മുകളിലുള്ളവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് കോവാക്‌സിന്‍ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശുപാര്‍ശ ചെയ്തിരുന്നു.

പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മിതിമാണ് കോവാക്സിന്‍, ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് കോവാക്‌സിന്‍ ഉത്പാദിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് അനുമതി നല്‍കിയിരുന്നു. വിദേശത്തേക്ക് പോകുന്നവര്‍ ഓക്സ്ഫഡ് സര്‍വലാശാല ഉത്പാദിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്‍ എടുക്കുന്നതിനാണ് താത്പര്യം കാണിച്ചിരുന്നത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് നേരത്തെ ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു.

ഏപ്രില്‍ 19നായിരുന്നു ഭാരത് ബയോടെക്ക് അനുമതിക്കായി ലോകാരോഗ്യ സംഘടനക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. വാക്‌സിന്‍ പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ എല്ലായിടത്തും നേരത്തെ തന്നെ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവാക്‌സിന് അംഗീകാരം ലഭിച്ചിരുന്നില്ല. ലോകാരോഗ്യ സംഘടന അംഗീകരിച്ചതോടെയാണ് ഈ രാജ്യങ്ങളില്‍ വരുന്ന കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അനുമതി നല്‍കിയത്.












Click it and Unblock the Notifications