ബന്ദിയാക്കിയ സ്ത്രീയേയും രണ്ട് കുട്ടികളേയും വിട്ടയക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ്
ഗാസ: ബന്ദിയാക്കിയ സ്ത്രീയേയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ്. ഈ ദൃശ്യങ്ങൾ ബുധനാഴ്ച രാത്രി അൽജസീറ ടിവി സംപേക്ഷണം ചെയ്തു. തുറസായ സ്ഥലത്ത് സ്ത്രീയേയും കുട്ടികളേയും എത്തിച്ച് ഹമാസ് അംഗങ്ങളെന്ന് കരുതുന്നവർ മടങ്ങിപ്പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വീഡിയോയെ കുറിച്ച് ഇസ്രായേൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദൃശ്യങ്ങളിൽ ഉള്ള സ്ത്രീ ഇസ്രായേലി കുടിയേറ്റക്കാരിയാണെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖാസിം ബ്രിഗേഡ്സ് പ്രസ്താവനയിൽ പറഞ്ഞു. 'ഏറ്റുമുട്ടലിനിടെ തടവിലാക്കിയ ഇസ്രായേലി സ്ത്രീയേയും രണ്ട് കുട്ടികളേയും വിട്ടയച്ചു', എന്നാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞതെന്ന് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. അതേസമയം അന്താരാഷ്ട്ര സമൂഹത്തിനിടയിൽ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഹമാസിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ വീഡിയോ എന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ ശനിയാഴ്ച 150 ഓളം ആളുകളെ ഹമാസ് പിടികൂടി തടവിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം കഴിഞ്ഞ അഞ്ച് ദിവസമായി ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ ഗാസയിൽ 1050 പേരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 5000ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ മാത്രം 100 പേർ മരണപ്പെട്ടിട്ടുണ്ട്. ആറാം ദിവസമായ ഇന്നും ഗാസയ്ക്ക് മേൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേൽ പൂർണമായി വിച്ഛേദിച്ചിട്ടുണ്ട്. ഇതോടെ ഗാസയിലെ പവർ സ്റ്റേഷൻ അടച്ച് പൂട്ടിയിരുന്നു. അതിനിടെ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 ആയി. സമ്പൂർണ ഉപരോധവും വ്യോമാക്രമണവും തുടരുന്ന സാഹചര്യത്തിൽ ഗാസയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായും ഈജിപ്തുമായി ചർച്ച നടത്തുകയാണെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്.
അതേസമയം സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് എന്ന പേരിൽ ഇന്ത്യ ദൗത്യം പ്രഖ്യാപിച്ചു. നിലവിൽ 18,000 ത്തോളം ഇന്ത്യക്കാരാണ് ഇസ്രായേലിൽ ഉള്ളത്. ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മടങ്ങാൻ രജിസ്റ്റർ ചെയ്തവരുടെ പട്ടിക തയാറാക്കി. അവരെ ഇന്ന് തന്നെ ഇന്ത്യയിലേക്കുള്ള ആദ്യ പ്രത്യേക വിമനത്തിൽ നാട്ടിലേക്ക് എത്തിക്കുമെന്ന് എംബസി അറിയിച്ചു.












Click it and Unblock the Notifications