ഇന്ത്യാ-ചൈന അതിർത്തി തർക്കം; സൈനിക കമാൻഡർമാരുടെ 14-ാം കൂടിക്കാഴ്ച ആരംഭിച്ചു
ദില്ലി; ഇന്ത്യ-ചൈന 14-ാം വട്ട കമാൻഡർ തല ചർച്ചയ്ക്ക് തുടക്കമായി. ഹോട്ട്സ്‌പ്രിംഗ് മേഖലയിലെ സൈനിക പിൻമാറ്റത്തിൽ ഊന്നിയാകും ചർച്ച നടക്കുക. പാംഗോംങ് തടാകത്തിന് കുറുകെ പാലം നിർമ്മിച്ച് ചൈന പുതിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചർച്ച നടക്കുന്നത്.
ലേ ആസ്ഥാനമായുള്ള 14 കോർപ്സിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) ആയി അടുത്തിടെ ചുമതലയേറ്റ ലഫ്റ്റനന്റ് ജനറൽ അനിന്ധ്യ സെൻഗുപ്തയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. കഴിഞ്ഞ റൗണ്ടിലും അദ്ദേഹം ചർച്ചകളുടെ ഭാഗമായിരുന്നു. നേരത്തെ നടന്ന കമാൻഡർ കൂടിക്കാഴ്ചകളുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ പാംഗോങ്, ഗോഗ്ര മേഖലകളിൽ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിൻവലിച്ചിരുന്നു.

അതിനിടെ അതിർത്തിയിൽ ഇപ്പോഴും ചൈനീസ് ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവാനെ ബുധനാഴ്ച പറഞ്ഞു. ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെ ശക്തമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 2020 ലെ അതിർത്തി സംഘർഷത്തിന് ശേഷം പ്രദേശത്ത് ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചിരുന്നു. ഇതേ നില ഈ വർഷവും തുടരും. നിലവിലെ റൗണ്ട് ചർച്ചകളിൽ പട്രോളിംഗ് പോയിന്റ് 15 (PP15) പരിഹരിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് ചെയ്തുകഴിഞ്ഞാൽ, നിലവിലെ തർക്കത്തിന് മുമ്പുള്ള മറ്റ് പ്രശ്‌നങ്ങൾ ഞങ്ങൾ പരിശോധിക്കും.
കിഴക്കൻ ലഡാക്കിൽ അവർ സൈനിക ശേഷി വർധിപ്പിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇപ്പോൾ അവർ പല അടിസ്ഥാന സൗകര്യങ്ങളും അവിടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അവിടെ സ്ഥിരമായി നിലയുറപ്പിക്കാനാണോ അത് പിൻവലിക്കാൻ തയ്യാറാകുമോയെന്നതാണ് അറിയേണ്ടത്.
കഴിഞ്ഞ വർഷം ജനുവരി മുതൽ വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ കാര്യങ്ങൾ മികച്ച നിലയിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വടക്കൻ അതിർത്തികളിൽ ശക്തമായ തയ്യാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ ചൈനയുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നാഗാലാൻഡ് വെടിവയ്പ്പ് സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അന്വേഷണം പൂർത്തിയാക്കിയ ശേഷം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ (എസ്ഒപി) കൂടുതൽ തിരുത്തലുകൾ വരുത്തുമെന്നും നരവാനെ വ്യക്തമാക്കി.
പാകിസ്താനെതിരേയും നരവാനെ രംഗത്തെത്തി. വിവിധ ലോഞ്ച് പാഡുകളിൽ തീവ്രവാദികളുടെ കേന്ദ്രീകരണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞു കയറ്റം ആവർത്തിച്ച് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications