ഇന്ത്യൻ യുഎൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു; ആക്രമണം ഉണ്ടായത് സുരക്ഷ പരിശോധനയ്ക്കിടെ
ഗാസ: ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. റാഫയിൽ നവെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുഎന്നിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം എന്നാണ് സൂചന. മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം അന്താരാഷ്ട്ര യുഎൻ ഉദ്യോഗസ്ഥർ അപായപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുഎൻ വാഹനം ഇടിച്ചുണ്ടായ സംഭവത്തിൽ മറ്റൊരു ഡിഎസ്എസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. യുഎൻ ഉദ്യോഗസ്ഥർക്കെതിരായ എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നുവെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതായി ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.കൊല്ലപ്പെട്ട ജീവനക്കാരൻ്റെ കുടുംബത്തിന് ഗുട്ടറെസ് അനുശോചനം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഗാസയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ പൗരൻമാർക്ക് മാത്രമല്ല, മനുഷ്യാവകാശ പ്രവർത്തകരും ആക്രമിക്കപ്പെടുകയാണെന്നും അതുകൊണ്ട് തന്നെ അടിയന്തരമായി വെടിനിർത്തൽ നടത്തണമെന്നും എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്നും സെക്രട്ടറി ജനറൽ പ്രസ്താവനയിൽ പറഞ്ഞു. ഗാസയിൽ മാത്രം 160 യുഎൻ അംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യാവകാശ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാണമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ രാജ്യത്തേയും കുടുംബത്തേയും വിവരം അറിയിക്കാനിരിക്കുകയാണെന്നും അതിനാലാണ് മാധ്യമങ്ങളിൽ പേര് വിവരങ്ങൾ വെളിപ്പെടുത്താതതെന്നും വാർത്താസമ്മേളനത്തിൽ ഹഖ് അറിയിച്ചു. യുഎന്നിലെ ഒരു അന്താരാഷ്ട്ര ജീവനക്കാരനും ഗാസയിൽ മുൻപ് അപായം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. 'പതിവ് ജോലിയുടെ ഭാഗമായി, സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ അവർ വിവിധ ഇടങ്ങളിലേക്ക് പോകാറുണ്ട്. ഇത്തവണ റാഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുകയായിരുന്നു സംഘം. അതിനിടയിലാണ് ആക്രമണം ഉണ്ടായത്. എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഇതുവരെ കൊല്ലപ്പെട്ട യുഎൻ ജീവനക്കാരിൽ ഭൂരിഭാഗവും യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ അംഗങ്ങളായിരുന്നുവെന്നും അവരെല്ലാം സ്വദേശികളാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരും മനുഷ്യാവകാശ പ്രവർത്തകരുമടക്കം നിരവധി പേരുടെ ജീവൻ ഇല്ലാതായി. ഇനിയെങ്കിലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications