കപ്പലുകള്‍, ദീര്‍ഘദൂര മിസൈലുകള്‍, നാവികസേനയില്‍ ഇറാന്റെ വമ്പന്‍ മാറ്റം, യുഎസ്സിനുള്ള മറുപടി?
തെഹ്‌റാന്‍: ഇറാനും യുഎസ്സുമായുള്ള ബന്ധം കൂടുതല്‍ വഷളാവാന്‍ സാധ്യത. നാവികസേനയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കി ശക്തമാക്കിയിരിക്കുകയാണ് ഇറാന്‍. ഡ്രോണുകള്‍, ദീര്‍ഘദൂര മിസൈലുകള്‍ നിറച്ച കപ്പലുകള്‍ എന്നിവയാണ് പുതുതായി നാവികേസനയ്ക്ക് ലഭിച്ചിരിക്കുന്നത്. ആയിരം കിലോമീറ്റര്‍ ചുറ്റളവിലുള്ള എന്തിനെയും നേരിടാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് നാവികസേനയുടെ കപ്പലുകളിലുള്ളത്.
അബു മൂസ ദ്വീപിന്റെ ഇറാന്റെ സൈനികാഭ്യാസങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ നിന്നാണ് ഇറാന്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ഇറാന്റെ അധീനതയിലുള്ള മൂന്ന് ഗള്‍ഫ് ദ്വീപുകളിലൊന്നാണിത്. യുഎഇ ഇറാന്റെ ഈ ദ്വീപിലെ അധികാരത്തെ തള്ളിക്കളഞ്ഞതാണ്. അതേസമയം യുഎസ്സിനുള്ള മറുപടിയായിട്ടാണ് ഇറാന്റെ പ്രഖ്യാപനത്തെ കാണുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷ സാധ്യത രൂപപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഹോര്‍മുസിലൂടെ പോകുന്ന ചരക്കുകപ്പലുകളില്‍ ആയുധധാരികളായ സൈനികരെ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണെന്ന് യുഎസ് പറഞ്ഞിരുന്നു. കപ്പലുകള്‍ പിടിച്ചെടുക്കുന്ന ഇറാന്റെ നീക്കത്തിനെ പ്രതിരോധിക്കാനാണ് ഈ ശ്രമമെന്ന് യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു. യുഎസ് സൈന്യത്തിന്റെ സാന്നിധ്യം ഭയപ്പെടുത്തുന്നില്ലെന്ന് ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡ്‌സ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുള്‍ഫസല്‍ ഷെക്കാര്‍ച്ചി പറഞ്ഞു.
ഈ സമുദ്രമേഖലയിലെ പരമാധികാരം സംരക്ഷിക്കാനുള്ള കരുത്ത് ഇറാനിയന്‍ സൈന്യത്തിനുണ്ടെന്നും ഷെക്കാര്‍ച്ചി വ്യക്തമാക്കി. അമേരിക്കയ്ക്ക് എന്താണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ കാര്യമെന്നും ഗള്‍ഫ് ഓഫ് ഒമാനിലും, ഇന്ത്യന്‍ മഹാസമുദ്രത്തിലും അതുപോലെ അവര്‍ എന്തിനാണ് ഇടപെടുന്നതെന്നും ഷെക്കാര്‍ച്ചി ചോദിച്ചു. ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൃത്യമായ ലക്ഷ്യത്തോടെ വിക്ഷേപിക്കാന്‍ സാധിക്കുന്നവയാണ് പുതിയ മിസൈലുകള്‍ എന്ന് നാവികസേന കമാന്റര്‍ അലി റേസ ടാങ്ങ്‌സിരി പറഞ്ഞു. ദീര്‍ഘദൂര വിഭാഗത്തില്‍ വരുന്നവയാണ് ഇതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഒരേസമയം നിരവധി ശത്രുവിഭാഗങ്ങളെ ഒരുമിച്ച് ആക്രമണം ഈ ക്രൂസ് മിസൈലുകള്‍ വഴി സാധിക്കും. ഇവ വിക്ഷേപിച്ചതിന് ശേഷം ടാര്‍ഗറ്റുകളെ മാറ്റാനും സാധിക്കുമെന്നും ടാങ്ങ്‌സിരി പറഞ്ഞു.
ഇറാന്‍ അത്യാധുനികമായ ആയുധങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഐആര്‍എന്‍എ പറഞ്ഞു. വിവിധ തരത്തിലുള്ള ഡ്രോണുകള്‍, നൂറുകണക്കിന് ക്രൂയിസ്-ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവ ഇതില്‍ വരും. 300 മുതല്‍ ആയിരം കിലോമീറ്റര്‍ റേഞ്ചില്‍ വരുന്നവയാണ് മിസൈലുകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണോ എന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്.
ഹോര്‍മുസില്‍ നിന്ന് 2019 മുതല്‍ നിരവധി കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തിട്ടുണ്ട്. യുഎസ്സ് അടക്കമുള്ള പാശ്ചാത്യ ശക്തികളെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമാണിത്. നേരത്തെ അവസാനിപ്പിച്ച ആണവായുധ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ യുഎസ് സൈന്യത്തെ ചരക്കുകപ്പലുകളില്‍ വിന്യസിച്ചാല്‍ ഇറാന്‍ നീക്കത്തെ തടയാനാവും. ഹോര്‍മുസ് മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇത് വഴിവെക്കും. എ10 തണ്ടര്‍ബോള്‍ട്ട് യുദ്ധവിമാനങ്ങള്‍, എഫ്16, എഫ്35 യുദ്ധവിമാനങ്ങള്‍, യുഎസ്എസ് തോമസ് ഹഡ്‌നര്‍ യുദ്ധക്കപ്പലുകള്‍ എന്നിവയെല്ലാം നേരത്തെ തന്നെ ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട് യുഎസ്.












Click it and Unblock the Notifications