അമേരിക്ക ഉപരോധം നീക്കിയാല്‍ ആണവ കരാറില്‍ വിട്ടുവീഴ്ചകള്‍ പരിഗണിക്കാമെന്ന് ഇറാന്‍
യുഎസ് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായാല്‍ ആണവ കരാറില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് ഇറാന്‍ ഉപവിദേശകാര്യ മന്ത്രി മജീദ് തഖ്ത്-റാവഞ്ചി അറിയിച്ചു. ജനീവയില്‍ ചൊവ്വാഴ്ച അടുത്ത റൗണ്ട് ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഈ പ്രസ്താവന. അമേരിക്കന്‍ സൈനിക വിന്യാസവും കരാറുണ്ടായില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനും പിന്നാലെയാണ് പ്രതികരണം.
യുഎസ് ഉപരോധങ്ങള്‍ നീക്കിയാല്‍ ആണവ കരാറിന് ഇറാന്‍ ഒരുക്കമാണെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ തഖ്ത്-റാവഞ്ചി പറഞ്ഞു. 'അവര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ഒരു കരാറിലേക്ക് എത്താന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ആ താല്‍പ്പര്യം തെളിയിക്കേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്തമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇറാനെ ആണവായുധം നേടാന്‍ അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പ്രസ്താവിച്ചു. ടെഹ്റാനുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് നയതന്ത്രപരമായ പരിഹാരമാണ് ട്രംപ് ഇഷ്ടപ്പെടുന്നതെന്നും റുബിയോ പറഞ്ഞു. ആണവായുധം പ്രാദേശികവും ആഗോളവുമായ സുരക്ഷയ്ക്ക് ഭീഷണിയാണെന്നതാണ് വാഷിംഗ്ടണിന്റെ ദീര്‍ഘകാല നിലപാട് എന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ മുന്‍പ് അമേരിക്കന്‍ താല്‍പ്പര്യങ്ങളെ ആക്രമിച്ചിട്ടുള്ളതുകൊണ്ടാണ് യുഎസ് മേഖലയില്‍ സൈനിക സാന്നിധ്യം നിലനിര്‍ത്തുന്നതെന്ന് റുബിയോ വ്യക്തമാക്കി. മധ്യേഷ്യയില്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുന്നതിനിടെയാണ് റുബിയോയുടെ ഈ പരാമര്‍ശം. ഒരു യുഎസ് വിമാനവാഹിനി കപ്പല്‍ കൂടി മേഖലയില്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (JCPOA) എന്ന ഇറാനിയന്‍ ആണവ കരാര്‍ 2015 ജൂലൈയിലാണ് ഒപ്പുവെച്ചത്. ഇതുപ്രകാരം, ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണ നില 3.67% ആയും ശേഖരം 300 കിലോഗ്രാമായും പരിമിതപ്പെടുത്തി. എന്നാല്‍, 2018-ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയമായ പിന്‍മാറ്റത്തോടെ കരാര്‍ തകര്‍ന്നു.
അടുത്ത റൗണ്ട് ആണവ ചര്‍ച്ചകള്‍ ചൊവ്വാഴ്ച ജനീവയില്‍ നടക്കുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ പങ്കെടുക്കും. അതിനിടെ ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. 'നമുക്കൊരു കരാര്‍ ഉണ്ടാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് ഇറാനെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാകും, അത് സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ കരാര്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും' ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്ന പേരില്‍, 2025 ജൂണ്‍ 21-22 തീയതികളില്‍ യുഎസ് ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ മൂന്ന് ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് പറഞ്ഞ് ഇറാന്‍ ശക്തമായി അപലപിച്ചു. മുന്‍ ആണവ ചര്‍ച്ചകള്‍ 2025 ഏപ്രിലില്‍ മസ്‌കറ്റിലും റോമിലും നടന്നിരുന്നു.
ഇതിനിടെ, യുക്രെയ്ന്‍, റഷ്യ, യുഎസ് എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ത്രികക്ഷി യോഗങ്ങള്‍ ഫെബ്രുവരി 17-18 തീയതികളില്‍ ജനീവയില്‍ നടക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിട്രി പെസ്‌കോവ് അറിയിച്ചു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടിഎഎസ്എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications